Friday
19 Oct 2018

‘വിധവയെ, സഖ, കേള്‍ക്കുക ധീരമാം’

By: Web Desk | Wednesday 13 September 2017 1:03 AM IST

‘അധമമെന്ന് പറഞ്ഞു സഗോത്രരാം
ബുധജനങ്ങള്‍ പഴിച്ചിടുമെങ്കിലും
വിധവയെ, സ്സഖ, കേള്‍ക്കുക ധീരമാം-
വിധമ ബാധമ ബാന്ധവ സമ്മതം’
-പ്രേംജി
(വിധവാ വിവാഹം എന്ന കവിതയില്‍)

മ്പൂതിരി സമുദായത്തിലെ വാര്‍ത്തയായ ആദ്യ വിധവാ വിവാഹം നടന്നത് 1934 സെപ്റ്റംബര്‍ 13 നാണ്; 83 വര്‍ഷം മുമ്പ്. നമ്പൂതിരി സമുദായത്തിലെ അക്കാലത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു ബാലവിധവകളുടെ ജീവിതം. വിധവാവിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ അന്ന് വലിയ സാഹസമായി പലരും കരുതിപ്പോന്നു. നമ്പൂതിരി സമുദായത്തിലെ പുരോഗമന വാദികളായ ഒരു വിഭാഗം സമുദായത്തിലുണ്ടായിരുന്ന അനാചാരങ്ങളെ ഏതെങ്കിലും വിധത്തില്‍ മറികടക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പ്രധാനി വി ടി ഭട്ടതിരിപ്പാടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലും കാര്‍മികത്വത്തിലുമാണ് ആദ്യത്തെ വിധവാ വിവാഹം നടന്നത്. വരന്‍ എംആര്‍ബി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വന്നേരി മുല്ലമംഗലത്തെ രാമന്‍ ഭട്ടതിരിപ്പാട്. വി ടി ഭട്ടതിരിപ്പാടിന്റെ ഭാര്യാ സഹോദരിയായ ഉമാ അന്തര്‍ജ്ജനത്തിന്റെ ആദ്യവിവാഹം സമുദായാചാര പ്രകാരം നടന്നിരുന്നെങ്കിലും വിവാഹത്തിന്റെ രണ്ടാമത്തെ ആഴ്ച അവര്‍ വിധവയായി.
നമ്പൂതിരിമാരുടെ സാമുദായിക പ്രസ്ഥാനത്തിനു നേതൃത്വം വഹിച്ച സംഘടനയാണ് യോഗക്ഷേമ സഭ. നമ്പൂതിരിമാര്‍ക്ക് വിദ്യാഭ്യാസ സംബന്ധമായും ധര്‍മ്മാചാര സംബന്ധമായും രാജനീതി സംബന്ധമായും ധനസംബന്ധമായുമുള്ള അഭിവൃദ്ധി ഉണ്ടാക്കിക്കൊടുക്കുവാന്‍ രൂപം കൊണ്ടതാണ് ഈ പ്രസ്ഥാനം.
1908 മാര്‍ച്ചില്‍ ശിവരാത്രി ദിവസം (1083 കുംഭം 18) ആലുവാ ചെറുമുക്ക് വൈദികന്റെ ഗൃഹത്തില്‍ വച്ചാണ് യോഗക്ഷേമ മഹാസഭ ജന്മംകൊണ്ടത്. അധ്യക്ഷന്‍ ദേശമംഗലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടായിരുന്നു. പത്രങ്ങള്‍, ബാങ്ക് എന്നിവ തുടങ്ങി വളര്‍ന്നും തളര്‍ന്നും വന്ന ഈ സംഘടന ക്രമേണ ക്ഷയിച്ചു.
കേരളത്തില്‍, ജാതികൊണ്ടും ഭൂപ്രഭുത്വം കൊണ്ടും ഏറ്റവും ഉയര്‍ന്ന വിഭാഗമായിരുന്ന നമ്പൂതിരിമാര്‍ക്കിടയില്‍ പല അവശതകളും ഉണ്ടായിരുന്നു. നവീന വിദ്യാഭ്യാസത്തിലവര്‍ വളരെ പിന്നിലായിരുന്നു. നമ്പൂതിരി കുടുംബത്തില്‍ മൂത്ത സഹോദരനു മാത്രമേ (മൂസ്സ്) സ്വസമുദായത്തില്‍ വിവാഹം കഴിക്കാവൂ എന്നും മറ്റുള്ളവര്‍ കോവിലകങ്ങളിലോ, നായര്‍ തറവാടുകളിലോ വിവാഹം ചെയ്യണമെന്നുമായിരുന്നു പഴയ ആചാരം. മൂസിന് ഒന്നിലധികം വിവാഹ (വേളി)വും ആകാം. 15-16 വയസുള്ള പെണ്‍കുട്ടികളെ പടുകിഴവന്മാര്‍ വിവാഹം ചെയ്യുക പതിവായിരുന്നു. സ്ത്രീകള്‍ മറക്കുട പിടിച്ചേ പുറത്തിറങ്ങാവൂ. ഋതുമതിയായാല്‍ നാലുകെട്ടില്‍ത്തന്നെ കഴിഞ്ഞു കൂടണം. വിധവാ വിവാഹം നിഷിദ്ധമായിരുന്നു. സ്ത്രീധനവും കൊടുക്കേണ്ടിയിരുന്നു. കുടുംബാംഗങ്ങള്‍ക്ക് സ്വത്ത് ഭാഗിച്ചു കിട്ടിയിരുന്നില്ല. ഏറ്റവും ദുരിതമനുഭവിച്ചിരുന്നത് അന്തര്‍ജനങ്ങളാണ്. ഈ വക അവശതകള്‍ക്കെതിരായി പ്രവര്‍ത്തിക്കാനാണ് യോഗക്ഷേമസഭ രൂപീകരിച്ചത്.
കൂറൂര്‍ നമ്പൂതിരിപ്പാട് അടിത്തറ പാകിയതും വി ടി ഭട്ടതിരിപ്പാടിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വം പുതിയ ഊക്കും ഉശിരും ലക്ഷ്യബോധവും നല്‍കിയതുമായ യോഗക്ഷേമസഭയിലും നമ്പൂതിരി യുവജന സംഘത്തിലും അവയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭണങ്ങളിലും എം.ആര്‍.ബി നേരിട്ട് പങ്കെടുത്തു. അതോടൊപ്പം തന്റെ തൂലികയെ ആ പോരാട്ടത്തിലെ പടവാളാക്കി മാറ്റുകയും ചെയ്തു. ‘മറയ്ക്കുള്ളിലെ മഹാനരകം’ എന്ന നാടകം, വി ടി യുടെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ പോലെ യാഥാസ്ഥിതികത്വത്തിന്റെ നേര്‍ക്കെറിഞ്ഞ ഒരു വലിയ ബോംബായിരുന്നു.
വിധവാ വിവാഹം ഒരു ആവശ്യമായുന്നയിക്കാന്‍ പരിഷ്‌കരണ പ്രസ്ഥാനം ധൈര്യപ്പെട്ടില്ല. നമ്പൂതിരി വിധവകളുടെ ജീവിതം കഷ്ടാല്‍ കഷ്ടതരമായിരുന്നു. എല്ലാവരാലും വെറുക്കപ്പെട്ട് ആര്‍ക്കും കണ്ടുകൂടാതെ, ‘അശ്രീകര’ങ്ങളായി, അവര്‍ക്ക് ഭര്‍ത്തൃഗൃഹങ്ങളില്‍ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും’ എന്ന മട്ടില്‍ നരകിക്കേണ്ടി വന്നു.
ആദ്യമായി വിധവാ വിവാഹം നടത്തി സാമൂഹ്യവിപ്ലവം അഴിച്ചുവിട്ട എംആര്‍ബി യുടെ മാതൃക അദ്ദേഹത്തിന്റെ അനുജന്‍ പ്രേംജിയും പിന്നീട് പിന്തുടര്‍ന്നു. ഈ ‘ധിക്കാരം’ കാണിച്ചതിന് എം.ആര്‍.ബി ക്കും കുടുംബത്തിനും ആദ്യം കുറേക്കാലം സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍ വര്‍ണ്ണനാതീതമാണ്. എംആര്‍ബി യെ സ്വന്തം ‘ഇല്ല’ ക്കാര്‍ ജീവിച്ചിരിക്കെ മരിച്ചുവെന്ന് കണക്കാക്കി ‘പിണ്ഡം’ വച്ച് പടിയടച്ചു പുറത്താക്കി.
എംആര്‍ബിയുടെ ജ്യേഷ്ഠന്റെ മകനായ സി. ഉണ്ണിരാജ എഴുതി: ”1934 സെപ്റ്റംബറില്‍ ‘മൈക്കന്‍മസ്’ വെക്കേഷന് നാട്ടില്‍ വന്നപ്പോള്‍ എംആര്‍ബിയേയും ചെറിയമ്മയേയും പോയി കാണേണ്ടത് എന്റെ കടമയായി എനിക്ക് തോന്നി. ആരോടും പറയാതെ തൃത്താലയില്‍ പോയി അവരെ കണ്ടു. ഒരു ദിവസം അവരുടെ കൂടെ താമസിച്ചു. മടങ്ങിവന്നപ്പോള്‍ എവിടേക്കാണ് ആരോടും പറയാതെ പോയതെന്ന് അച്ഛന്‍ ചോദിച്ചു. പൊളിപറയാന്‍ അറിയാത്തതുകൊണ്ട് ”രാമഫനേയും ആത്തേന്മാരെയും കാണാനായിരുന്നു” വെന്ന് പറഞ്ഞു. കേള്‍ക്കേണ്ടിവന്ന ശകാരത്തിന് കണക്കില്ല. ഞാനും ഭ്രഷ്ടനായിരിക്കുന്നു. എത്ര തവണയാണെന്ന് ഓര്‍ക്കുന്നില്ല, കുളത്തില്‍ പോയി മുങ്ങിക്കുളിച്ചു ‘പ്രായശ്ചിത്തം’ ചെയ്തശേഷമാണ് എന്നെ വീട്ടില്‍ കയറ്റിയത്.”
”1930 കളുടെ അവസാനത്തിലും 1940 കളുടെ ആരംഭത്തിലുമുള്ള എം.ആര്‍.ബി യുടെയും കുടുംബത്തിന്റെയും കയ്‌പേറിയ ജീവിതത്തെപ്പറ്റി ഓര്‍ക്കുന്നു. താമസിക്കാന്‍ മറ്റെങ്ങും ഒരിടം കിട്ടാത്തതുകൊണ്ട്, പട്ടാമ്പിയ്ക്കടുത്ത് കൊടുമുണ്ടയില്‍ ഒരു മൊട്ടക്കുന്നിന്‍ ചെരുവില്‍ പനയോലകൊണ്ട് മറച്ച ഒരു കുടിലിലാണ് താമസം. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യപ്രവര്‍ത്തനം തുടങ്ങിയ കാലം. പാര്‍ട്ടി കെട്ടിപ്പടുക്കാനായി സഖാവ് കൃഷ്ണപിള്ളയുടെ രഹസ്യ യാത്രക്കിടയില്‍ ഒരു ഇടസങ്കേതമായിരുന്നു ആ മറയോന്റെ പറയക്കുടില്‍. പകുതി ഒളിവിലായിരുന്ന ഞാനും ഇടയ്ക്ക് ചില ദിനരാത്രങ്ങള്‍ അവരുടെ ‘ആതിഥ്യം’ സ്വീകരിച്ച് അവിടെ തങ്ങിയിട്ടുണ്ട്.” (1992 ജൂലൈ)
രാവും പകലും ഒരുപോലെ കറുത്ത വാവുകളായിരുന്ന വളരെയേറെ നാളുകളിലൂടെ എം.ആര്‍.ബി കടന്നുപോയിട്ടുണ്ട്. അടിപതറാതെ മനമിടറാതെ, ആ ഇരുണ്ടകാലത്തെ അദ്ദേഹം വിജയകരമായിത്തന്നെ പിന്നിട്ടു. അതിന് എം.ആര്‍.ബി ക്ക് കരുത്തു നല്‍കിയത് അദ്ദേഹത്തിന്റെ അചഞ്ചലമായ ആദര്‍ശനിഷ്ഠയും സഹധര്‍മ്മിണിയുടെ സ്‌നേഹവാത്സല്യങ്ങളായിരിക്കണം.
‘വിധവാ വിവാഹം’ എന്ന കവിത പ്രേംജി അവസാനിപ്പിക്കുന്നത് ഇങ്ങനെ:
എവിടെ നാരി സുഖിച്ചു വസിച്ചതു-
ണ്ടവിടെ മംഗലദേവത വാണിടും;
സ്വവിധവാവധുവൊത്തു സുഖിക്കുകി-
ബ്ഭുവി ഭവാന്‍ വിഭവാന്മിതനായ്ച്ചിരം!