Monday
19 Nov 2018

ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കും

By: Web Desk | Tuesday 16 October 2018 11:12 PM IST

തിരുവനന്തപുരം: സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന വിരുദ്ധമായ ഒന്ന് പുനസ്ഥാപിക്കാനായി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിന് കഴിയില്ല. എന്നാല്‍, വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ ഇടതുപക്ഷം തയ്യാറല്ലെന്നും ഓരോ വ്യക്തിക്കും തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള ഉറച്ച നിലപാടാണ് ഇടത് പക്ഷം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം സംബന്ധിച്ച് നിലപാട് വിശദീകരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച യോഗം പുത്തരിക്കണ്ടം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീക്കും പുരുഷനും തുല്യതക്ക് അര്‍ഹതയുണ്ടോ എന്നതാണ് ഇന്ന് ശബരിമലയുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തുന്ന പ്രശ്‌നം. സ്തീ പുരുഷ സമത്വം ഉണ്ടാകണം എന്നതാണ് ഇടതുമുന്നണി നിലപാട്. ശബരിമലയുടെ ചരിത്രം പരിശോധിച്ചാല്‍ 1991 വരെ സ്ത്രീകള്‍ പ്രായഭേദമന്യേ അവിടെ പ്രവേശിച്ചിരുന്നതായി കാണാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധി നടപ്പിലാക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. 10നും 50നും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ വിധിക്കുമേലെ വിശ്വാസികളെ അണിനിരത്തി മതനിരപേക്ഷത ദുര്‍ബലപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കൊപ്പം കോണ്‍ഗ്രസും ഈ ഉദ്യമത്തില്‍ ചേര്‍ന്നിരിക്കുകയാണ്. ബിജെപിയുടെ സമരത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ നാളെ ബിജെപിയാകുമെന്ന് ഉറപ്പാണ്. ഭരണഘടന തകര്‍ക്കണമെന്നതാണ് ആര്‍എസ്എസ് അജണ്ട. ഭരണഘടനാമൂല്യങ്ങളെക്കാള്‍ വലുതാണ് വിശ്വാസമെന്ന് വാദിക്കുന്നവര്‍ ഇത് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ടാണ് പുനപരിശോധന ഹര്‍ജി നല്‍കാത്തത്. സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ആചാരങ്ങളും സമ്പ്രദായങ്ങളും മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആചാരങ്ങളില്‍ ചിലത് ലംഘിക്കാന്‍ കൂടിയുള്ളതാണെന്ന് ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയുമുള്‍പ്പെടെയുള്ള നവോഥാന നായകര്‍ കാണിച്ചു തന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു.

Related News