Thursday
18 Jan 2018

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി

By: Web Desk | Sunday 17 December 2017 6:49 PM IST

തിരുവനന്തപുരം: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാലവും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ചു സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ പൂജാരികളാക്കി നിയമിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനായി ‘തമിഴക തീണ്ടാമെ ഒഴിപ്പു മുന്നണി’ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദളിതരെ പൂജാരികളാക്കി മാതൃക കാട്ടിയ കേരളം സ്ത്രീകളെയും പൂജാരികളാക്കണമെന്നു മന്ത്രിക്കു മുന്‍പു പ്രസംഗിച്ച പി സുഗന്ധി ആവശ്യപ്പെട്ടിരുന്നു.
ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്ന് കടകംപള്ളി വ്യക്തമാക്കി. രാജ്യത്തുള്ള അയ്യപ്പ ക്ഷേത്രങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്നും അതിനാല്‍ ശബരിമലയിലും അത് ആകാമെന്നും മന്ത്രി അറിയിച്ചു. സ്ത്രീകള്‍ക്ക് സൗകര്യപ്രദമായ ചുരിദാര്‍ ധരിച്ചു ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് എന്താണ് തെറ്റെന്നും കടകംപള്ളി ചോദിച്ചു.