Wednesday
23 Jan 2019

അറിവിന്റെ വെളിച്ചവും സ്വാതന്ത്ര്യത്തിന്റെ കാറ്റടിയും തടുക്കാനാവില്ല

By: Web Desk | Tuesday 15 May 2018 10:32 PM IST

ഈശ്വരനില്‍ വിശ്വസിക്കാത്തവരെയാണല്ലോ നാസ്തികന്മാരെന്ന് വിളിച്ചുവരുന്നത്. ഇവരുടെ സംഖ്യ ലോകത്തില്‍ കൂടിവരുന്നോ കുറഞ്ഞുവരുന്നോ എന്ന പ്രശ്‌നം പലപ്പോഴും തര്‍ക്കവിഷയമായി കണ്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മനുഷ്യരുടെയിടയില്‍ ഈശ്വരവിശ്വാസം വര്‍ധിച്ചുവരികയാണെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. മതം ഒരു ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള പുരോഹിതന്മാരും തദനുയായികളുമാണ് ഈ വാദത്തിന് പ്രാബല്യം കൊടുക്കുവാന്‍ പണിപ്പെടുന്നത്.
മനുഷ്യന്റെ സ്വതന്ത്രചിന്തയില്‍ മതവും ഈശ്വരനും തേഞ്ഞുമാഞ്ഞുപോയാല്‍ ഇവരുടെ ഉപജീവനമാര്‍ഗം മുടങ്ങിപ്പോകുമെന്നുള്ളത് തീര്‍ച്ചയാണ്. അതുകൊണ്ട് ഇക്കൂട്ടര്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുവാന്‍ പണവും സമയവും ചെലവഴിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഈശ്വരവിശ്വാസം വര്‍ധിച്ചുവരുന്നുവെന്ന് ഇവര്‍ പറഞ്ഞുപരത്തുന്നതല്ലാതെ അതിലേയ്ക്കുള്ള ന്യായങ്ങളോ തെളിവുകളോ ഒന്നുംതന്നെ ഇക്കൂട്ടര്‍ എടുത്തുകാണിക്കുന്നില്ല. ചില സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചുനോക്കിയാല്‍ ഏതദഭിപ്രായം ഏറ്റവും അടിസ്ഥാനരഹിതവും ന്യായവിരുദ്ധവുമാണെന്ന് മനസിലാക്കാം.
അറിവും വിചാരസ്വാതന്ത്ര്യവും വര്‍ധിച്ചുവരുന്തോറും ഈശ്വരവിശ്വാസം കുറയുകയും തത്ഫലമായി നാസ്തികന്മാര്‍ കൂടിവരികയും ചെയ്യുന്നു എന്നുള്ളത് മനുഷ്യചരിത്രത്തില്‍ ഒരു സാര്‍വത്രിക നിയമമായിത്തന്നെ തെളിഞ്ഞിട്ടുള്ള ഒരു പരമാര്‍ത്ഥമാകുന്നു. വിവിധ രാജ്യങ്ങളിലെ ജനസമുദായചരിത്രം പരിശോധിക്കുമ്പോഴും ഈ സംഗതി സത്യമാണെന്നുകാണാം. പ്രസ്തുത നിയമമനുസരിച്ച് നോക്കുമ്പോള്‍ പ്രാചീനകാലത്തെ അപേക്ഷിച്ച് അറിവും സ്വാതന്ത്ര്യവും കൂടുതലുള്ള ആധുനികകാലത്താണല്ലോ നാസ്തികന്മാര്‍ അധികം ഉണ്ടാകേണ്ടത്. സത്യസ്ഥിതിയും അങ്ങനെതന്നെയാണെന്ന് പല പരീക്ഷണങ്ങള്‍കൊണ്ടും തെളിഞ്ഞിട്ടുണ്ട്.
‘ദൈവവിശ്വാസവും അനശ്വരത്വവും’ എന്ന പേരില്‍ പ്രൊഫസര്‍ ലീബാ എഴുതിയിട്ടുള്ള ഒരു പുസ്തകത്തില്‍ ഇതിനെ സംബന്ധിച്ചു ശാസ്ത്രീയമായ ഒരന്വേഷണം നടത്തിയിട്ടുള്ളതായി കാണുന്നു. അമേരിക്കയിലെ ആയിരം കോളജ് വിദ്യാര്‍ഥികളെ ഒരു പ്രൊഫസര്‍ പരിശോധിച്ചതില്‍ അറുപത് ശതമാനം മാത്രമേ ദൈവവിശ്വാസമുള്ളവരായി കാണപ്പെട്ടുള്ളു. അവരില്‍ത്തന്നെ പ്രായം കൂടിയവരുടെ വിശ്വാസം താരതമ്യേന ശിഥിലവുമായിരുന്നു.
ചരിത്രവും സയന്‍സും പഠിപ്പിക്കുന്ന ആയിരം പ്രൊഫസര്‍മാര്‍ കൂടി ഇപ്രകാരം പരിശോധിക്കപ്പെടുകയുണ്ടായി. അവരില്‍ നാല്‍പ്പത്തിയഞ്ച് ശതമാനം മാത്രമായിരുന്നു ദൈവവിശ്വാസികള്‍. അതായത് ആയിരത്തില്‍ അഞ്ഞുറ്റിയന്‍പതും നാസ്തികന്മാരെന്ന് ചുരുക്കം. അറിവും ചിന്താസ്വാതന്ത്ര്യവും വിദ്യാര്‍ഥികളെ അപേക്ഷിച്ച് പ്രൊഫസറന്മാരില്‍ കൂടിക്കാണുന്ന മുറയ്ക്ക് അവരുടെ നാസ്തികത്വവും വര്‍ധിച്ചിരിക്കുന്നു. സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നവരില്‍ എണ്‍പത് ശതമാനവും ജീവശാസ്ത്രജ്ഞന്മാരില്‍ എണ്‍പത്തഞ്ച് ശതമാനവും നാസ്തികന്മാരാണെന്ന് വെളിപ്പെടുകയുണ്ടായി. വിശ്വാസികളാണെന്നു മൊഴികൊടുത്ത പ്രൊഫസറന്മാരുടെ യഥാര്‍ത്ഥ മനഃസ്ഥിതിയെപ്പറ്റിയും സംശയിക്കേണ്ടതുണ്ട്. അവരില്‍ പലരും മതാധികാരികള്‍ നടത്തുന്ന കോളജുകളില്‍ ജോലി നോക്കുന്നവരായിരിക്കും. തന്മൂലം വേണ്ടിടത്തോളം അഭിപ്രായസ്വാന്ത്ര്യം പ്രകടിപ്പിക്കുവാന്‍ ഇവര്‍ക്ക് സാധ്യമല്ലെന്നും വരാവുന്നതാണ്. മതസ്ഥാപനങ്ങളുടെ വകയായിട്ടുള്ള വിദ്യാലയങ്ങളില്‍ നിന്നും ശമ്പളം വാങ്ങുന്നവര്‍ മതവിരോധികളായി പ്രത്യക്ഷപ്പെട്ടാല്‍ അവരുടെ ഉദ്യോഗം വെള്ളത്തിലാകും. ഏതാദൃശവിഷയങ്ങളില്‍ സ്വാഭിപ്രായം മറച്ചുവെക്കുവാന്‍ പരിതസ്ഥിതികളാല്‍ എത്രയെത്ര പണ്ഡിതന്മാര്‍ പ്രേരിതരാകുന്നുണ്ട്.
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി ഈ രാജ്യങ്ങളിലെ സ്ഥിതിയും ഇതുപോലെതന്നെ രസാവഹമാണ്. പള്ളികളില്‍ നിന്നും പുറപ്പെടുന്ന അഭ്യര്‍ഥനകള്‍ അവിടങ്ങളില്‍ ഭൂരിപക്ഷവും തള്ളുകയാണ് ചെയ്യുന്നത്. ഈ രാജ്യങ്ങൡലെ ശാസ്ത്രജ്ഞന്മാരില്‍ അധികംപേരും ഈശ്വരനില്‍ വിശ്വസിക്കാത്തവരാണ്. ശാസ്ത്രജ്ഞന്മാര്‍ മാത്രമല്ല, അനേകം സാഹിത്യകാരന്മാര്‍ കൂടി ഈശ്വരനെ സംബന്ധിച്ച് സംശയാലുക്കളാണ്. കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ടുകാലത്തെ സാഹിത്യം പരിശോധിച്ചാല്‍ ഈ സംഗതി വെളിവാകും. സ്വിന്‍ബേണ്‍, മെറിഡിത്ത്, വാട്‌സണ്‍, ഹാര്‍ഡി, മാസ് ഫീല്‍ഡ്, ഗാത്സ് വര്‍ത്തി ഇങ്ങനെ എത്രയോപേരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കുറേക്കൂടി പിറകോട്ടുനോക്കുമ്പോഴും ഈശ്വരനില്‍ വിശ്വാസം ഉറയ്ക്കാത്ത എത്രയോ കവികളെ നമുക്ക് കാണാന്‍ കഴിയും. ബയറണ്‍, ഷെല്ലി, കീറ്റ്‌സ് തുടങ്ങിയ സുപ്രസിദ്ധന്മാരുടെ കവിതകളിലും ഈ സംശയാത്മകത്വം പ്രസ്പഷ്ടമായിട്ടില്ലേ?
ആധുനിക റഷ്യയിലെ സ്ഥിതി ഇവിടെ വിവരിക്കേണ്ട ആവശ്യമില്ലല്ലോ. അവിടെ നാസ്തികത്വം സര്‍വത്ര വ്യാപിച്ചിട്ടുണ്ടെന്നുള്ള പരാതിയാണല്ലോ മതവിശ്വാസികളുടെ മുറവിളികളില്‍ മുന്നിട്ടുനിന്നത്. ജര്‍മ്മനിയില്‍ ‘നാസിസം’ പ്രബലപ്പെടുന്നതിനുമുമ്പ് നടത്തിയ സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പില്‍ നാസ്തികന്മാരുടെ സംഖ്യ ലക്ഷക്കണക്കിന് വെളിപ്പെടുകയുണ്ടായി. ഫ്രാന്‍സില്‍ മൂന്നു കോടിയോളം ജനങ്ങള്‍ സാധാരണ പള്ളിയില്‍ പോകാത്തവരാണ്. അവരില്‍ അധികംപേരും നാസ്തികന്മാരാകുന്നു.
കൊല്ലങ്ങള്‍ക്ക് മുമ്പ് ചെക്കോസ്ലോവാക്ക്യയില്‍ നടത്തിയ ഒരു കണക്കെടുപ്പ് (സെന്‍സസ്) പ്രകാരം ഏഴരലക്ഷം ജനങ്ങള്‍ നാസ്തികന്മാരായി കാണപ്പെട്ടു. മെക്‌സികൊ, ബ്രസില്‍, അര്‍ജന്റീന തുടങ്ങിയ പല രാജ്യങ്ങളിലും ഇതുപോലെ നാസ്തികത്വം അഭിവൃദ്ധിപ്പെട്ടുവരുന്നതായി തെളിഞ്ഞിട്ടുണ്ട്. ചൈനയില്‍ നിരീശ്വരപ്രസ്ഥാനം ‘കമ്മ്യൂണിസ’ത്തിന്റെ അകമ്പടിയായി തഴച്ചുവളരുകയാണ്. പണ്ട് ദേവാലയങ്ങളായിരുന്ന പല കെട്ടിടങ്ങളും അവിടെ വിശ്രമകേന്ദ്രങ്ങളും വിദ്യാലയങ്ങളുമായി രൂപാന്തരപ്പെട്ടുവെന്ന് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ ചീനായാത്ര കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ കാല്‍നൂറ്റാണ്ട് മുമ്പ് പറയുകയുണ്ടായി. സ്‌പെയിനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആഭ്യന്തരയുദ്ധം മതക്കാരും നിര്‍മ്മതരും തമ്മില്‍ നടന്ന ഒരു സംഘട്ടനമായിരുന്നല്ലോ.
പരമാര്‍ഥസ്ഥിതി ഇപ്രകാരമായിരിക്കുമ്പോള്‍ മതാധികാരികള്‍ കള്ളക്കണക്കുകളുണ്ടാക്കി സത്യം മറയ്ക്കാന്‍ ശ്രമിക്കുന്നത് നോക്കുക. 1933ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ ഒരു വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലോകത്തിലെ ക്രിസ്ത്യാനികളുടെ ഒരു കണക്ക് കാണിച്ചിട്ടുള്ളതില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, അമേരിക്ക ഈ മൂന്ന് രാജ്യങ്ങളിലുള്ള സര്‍വജനങ്ങളെയും ക്രിസ്തുമത വിശ്വാസികളായിട്ടാണ് അവര്‍ എണ്ണിയിരിക്കുന്നത്. ഇത്തരത്തിലുള്ള കള്ളക്കണക്കുകള്‍കൊണ്ടും മറ്റനേകതരത്തിലുള്ള പ്രചരണോപായങ്ങള്‍ കൊണ്ടും നാസ്തികത്വത്തിന്റെ തള്ളിക്കയറ്റം തടയാമെന്ന് വിചാരിക്കുന്നത് വെറും വ്യാമോഹമാകുന്നു. അറിവിന്റെ വെളിച്ചത്തെയും സ്വാതന്ത്ര്യത്തിന്റെ കാറ്റടിയേയും തടുക്കുവാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കുമോ? അത് സാധിക്കാത്ത കാലത്തോളം മനുഷ്യവര്‍ഗം വിശ്വാസാന്ധകാരത്തില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ മോചനം നേടിക്കൊണ്ടിരിക്കും.
പ്രസിദ്ധ യുക്തിവാദിയായിരുന്ന ഹേക്കലിന്റെ പുസ്തകത്തിന് സിദ്ധിച്ച പ്രചുരപ്രചാരം തന്നെ ആധുനികജനതയുടെ മനോഭാവത്തിന് ഒരൊന്നാന്തരം ഉദാഹരണമാകുന്നു. പ്രസ്തുത ഗ്രന്ഥത്തിനെതിരായി നിരൂപണം ചെയ്തുകൊണ്ട് മതാധികാരികള്‍ അനേകം ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തി. അവരുടെ സര്‍വശക്തികളും പ്രയോഗിച്ചുനോക്കിയിട്ടും അവയിലൊന്നുംതന്നെ അന്‍പതിനായിരം കോപ്പിയിലധികം ചെലവായില്ല. എന്നാല്‍, അതേസമയം ഈവക സഹായങ്ങളൊന്നും കൂടാതെ മതത്തിന്റെ മസ്തകം വിളര്‍ക്കുന്ന ഹേക്കലിന്റെ ഗ്രന്ഥത്തിന്റെ അഞ്ച് ലക്ഷം പ്രതികള്‍ വിറ്റഴിഞ്ഞുപോയി. നവലോകത്തിന്റെ ചിന്താഗതി നാസ്തികത്വത്തിലേക്ക് തിരിയുന്നു എന്നുള്ളതിന് ഇതില്‍പ്പരം എന്തൊരു തെളിവാണ് വേണ്ടത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് യാര്‍ക്ക്ഷയറിലെ അധ്യാപകരുടെ ഒരു സമ്മേളനം കൂടുകയുണ്ടായി. അധ്യക്ഷന്‍ ഒരു ബിഷപ്പായിരുന്നു. ”ഇപ്പോഴത്തെ പള്ളിക്കൂടങ്ങളിലെ വിദ്യാര്‍ഥികളുടെ മതപരമായ അഭിപ്രായങ്ങള്‍ കേള്‍ക്കാനിടവന്നാല്‍ അവരുടെ മുത്തശിമാര്‍ ഞെട്ടിത്തെറിച്ചുപോകും” എന്നാണ് അദ്ദേഹം ആ സമ്മേളത്തില്‍ പ്രസ്താവിച്ചത്. ഇങ്ങനെ സത്യാവസ്ഥ വിളിച്ചുപറയുന്ന ബിഷപ്പന്മാരും ധാരാളമുണ്ട്. അന്നത്തെ പ്രാസംഗികന്മാരില്‍ ഒരാളായിരുന്ന സര്‍ പെഴ്‌സി ജാക്‌സണ്‍, ബിഷിന്റെ ഈ സന്താപത്തിനു മറുപടിയായി: ”ഇപ്പോഴത്തെ കുട്ടികള്‍ ഇതുവരെ ഈ രാജ്യത്തുണ്ടായിരുന്ന കുട്ടികളേക്കാള്‍ എല്ലാംകൊണ്ടും നല്ല കൂട്ടത്തിലാണ്” എന്ന് പ്രസ്താവിക്കുകയും ചെയ്തു. അതായത്, മതത്തിന്റെ കെട്ടുപാടില്‍ നിന്ന് വിട്ടുമാറുന്നതോടുകൂടി കുട്ടികള്‍ കൂടുതല്‍ നന്നായി തീരുമെന്നത്രെ അദ്ദേഹം സൂചിപ്പിച്ചത്. പരിഷ്‌കാരാഭിവൃദ്ധിക്കനുസരിച്ച് ഈശ്വരവിശ്വാസം കുറഞ്ഞുവരുന്നു എന്നതിലേക്ക് ഇതുപോലെ അനേകം കണക്കുകളും തെളിവുകളും ഹാജരാക്കാവുന്നതാണ്.