Monday
19 Feb 2018

ശൈത്യകാല ഒളിമ്പിക്‌സിന് ഉത്തരകൊറിയയില്‍ നിന്ന് 22 താരങ്ങള്‍

By: Web Desk | Sunday 21 January 2018 10:33 PM IST

ജനീവ: അടുത്തമാസം ദക്ഷിണ കൊറിയ ആതിഥ്യമരുളുന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ ഹോക്കി ഉള്‍പ്പെടെ അഞ്ചിനങ്ങളിലായി ഉത്തരകൊറിയയുടെ 22 താരങ്ങള്‍ പങ്കെടുക്കും. . ഉദ്ഘാടന ചടങ്ങില്‍ ഇരുരാജ്യങ്ങളും ഒന്നിച്ച് മാര്‍ച്ച് ചെയ്യുമെന്നും അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.
വനിത ഹോക്കി ടീമില്‍ രണ്ട് രാജ്യങ്ങളിലെയും താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ടീമാക്കുന്നതിനുളള പദ്ധതി ഐഒസി അംഗീകരിച്ചതായി ഒളിമ്പിക്‌സിന്റെ ചുമതല വഹിക്കുന്ന തോമസ് ബാക്ക് പറഞ്ഞു. ഉത്തര -ദക്ഷിണ കൊറിയകളിലെ കായിക മേഖലയില്‍ നിന്നുളള ഉദ്യോഗസ്ഥരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലോസാനില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
22 കായികതാരങ്ങള്‍ക്കൊപ്പം 24 ഉദ്യോഗസ്ഥരെയും 21 മാധ്യമപ്രതിനിധികളെയും ഫെബ്രുവരി ഒന്‍പതിന് പ്യോങ്ചാങില്‍ നടക്കുന്ന മത്സരത്തിന് ഉത്തരകൊറിയ അയക്കും. സംയുക്തമായി നടത്തുന്ന മാര്‍ച്ചില്‍ രണ്ട് കൊറിയകളിലെയും കായികതാരങ്ങള്‍ കൊറിയന്‍ ഐക്യപതാകയേന്തും. നീലയും വെള്ളയും നിറമുളളതാണ് കൊറിയന്‍ ഐക്യപതാക. പരിപാടിക്ക് വേണ്ടി യൂണിഫോമും പ്രത്യേകമായി തയറാക്കിയിട്ടുണ്ട്. ദീര്‍ഘദൂരയാത്രയിലെ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണെന്നും യോഗ ശേഷം ബാക്ക് പറഞ്ഞു.