Sunday
19 Nov 2017

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പോഷകാഹാര വിതരണം നിര്‍ത്തലാക്കുന്നു

By: പ്രത്യേക ലേഖകന്‍ | Tuesday 19 September 2017 10:58 PM IST

ന്യൂഡല്‍ഹി: സമഗ്ര ശിശു വികസന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വീടുകളില്‍ പോഷകാഹാര സാധനങ്ങളെത്തിക്കുന്ന പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി നടപ്പിലാക്കിയ പദ്ധതിക്ക് പകരം നിശ്ചിത തുക ബാങ്ക് അക്കൗണ്ട് വഴി നല്‍കാനാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് നീക്കമാരംഭിച്ചിരിക്കുന്നത്.
4.6 കോടി കുട്ടികളും 1.9 കോടി അമ്മമാരുമടക്കം 6.5 കോടി പേര്‍ക്ക് നല്‍കി വരുന്ന സൗകര്യങ്ങളാണ് നിര്‍ത്തലാക്കുന്നത്. ഇനി മുതല്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി നിശ്ചിത തുക അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നല്‍കാനാണ് തീരുമാനം. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സഹായം ലഭ്യമാകുന്നതാണ് രാജ്യത്ത് നിലവിലുള്ള സമഗ്ര ശിശു വികസന പദ്ധതി. കേന്ദ്ര വനിതാ – ശിശുക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐസിഡിഎസ് പദ്ധതിയുടെ കീഴില്‍ രാജ്യത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവ മുഖേനയാണ് ഓരോ കുട്ടിക്കും അമ്മയ്ക്കും വേണ്ട പോഷകാഹാരങ്ങള്‍ വിതരണം ചെയ്യുന്നത്. പ്രസ്തുത പദ്ധതി മാറ്റുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 6, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 7, ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍ക്ക് 9 രൂപ നിരക്കു നിശ്ചയിച്ച് അതിനനുസൃതമായ പോഷകാഹാരങ്ങള്‍ നല്‍കുന്നതാണ് നിലവിലുള്ള പദ്ധതി. ഈ തുകയാകട്ടെ 2011 ല്‍ പുതുക്കിയതാണ്. വ്യക്തികളുടെ പേരില്‍ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നല്‍കുന്ന പുതിയ പദ്ധതി നടപ്പിലാക്കുമ്പോള്‍ തുക യഥാക്രമം 8,9.30,12 രൂപയായി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ആനുകൂല്യങ്ങളെല്ലാം ബാങ്ക് വഴിയാക്കണമെന്ന കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തില്‍ നിതി ആയോഗാണ് പോഷകാഹാര വിതരണ പദ്ധതി നിര്‍ത്തലാക്കി തുക നേരിട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 300 ജില്ലകളില്‍ പണം നേരിട്ട് നല്‍കുന്നതിനാണ് ആലോചിക്കുന്നത്. അതേസമയം അങ്കണവാടികളില്‍ മൂന്ന് മുതല്‍ ആറുവയസുവരെ കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്ന രീതി താല്‍ക്കാലികമായി തുടരും.
പോഷകാഹാരങ്ങള്‍ നേരിട്ട് നല്‍കുന്നതിന് പകരം തുക നല്‍കുന്നത് പദ്ധതിയെ അവതാളത്തിലാക്കാനാണ് ഇടയാക്കുക. നേരിട്ട് നല്‍കുന്ന പദ്ധതിയാണ് അഭികാമ്യമെന്നാണ് ഭക്ഷ്യാവകാശ പ്രവര്‍ത്തകരുടെ നിലപാട്. ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ നേരിട്ട് നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് അത് ലഭിക്കുന്നുവെന്നുറപ്പിക്കാനാകുമെന്ന് ഭക്ഷ്യാവകാശ പ്രവര്‍ത്തക ദീപ സിന്‍ഹ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷനും കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും അക്കൗണ്ടുകള്‍ വഴി നല്‍കുന്നത് പരാജയമായിരുന്നു.
വിലക്കയറ്റത്തിന് അനുപാതമായി നിരക്ക് വര്‍ധിപ്പിക്കാതിരുന്നത് പദ്ധതി തന്നെ പരാജയപ്പെടുന്നതിനിടയാക്കി. വിലക്കയറ്റം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിശ്ചിത തുക നല്‍കുന്നത് പദ്ധതിയുടെ ഗുണഫലം ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു.