Wednesday
19 Dec 2018

വനിതാമതില്‍ നവോത്ഥാന സംസ്‌കാരത്തിന്‍റെ ആഘോഷമാവട്ടെ

By: Web Desk | Sunday 2 December 2018 11:03 PM IST

കേരളത്തെ വീണ്ടും ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി വനിതകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് മനുഷ്യമതില്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സാമൂഹ്യ സംഘടനകളുടെ യോഗം തീരുമാനിച്ചിരിക്കുന്നു.

ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ വര്‍ഗീയ-പിന്തിരിപ്പന്‍-യാഥാസ്ഥിതികത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഏറ്റവും കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ആ തീരുമാനം ചരിത്രപ്രധാനമാണ്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കേരളജനതയുടെ നവോത്ഥാന യാത്രയില്‍ സുപ്രധാനമായ ഒരു കാല്‍വയ്പാണ് അത്. വനിതകളുടെ നേതൃത്വത്തില്‍ അത്തരത്തില്‍ മനുഷ്യമതില്‍ തീര്‍ക്കുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നതോടെ പല കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായ പ്രതികരണം പ്രതിലോമ-യാഥാസ്ഥിതിക ശക്തികളില്‍ സൃഷ്ടിച്ച പരിഭ്രാന്തിയാണ് തുറന്നുകാട്ടുന്നത്. ജാതിമത ചിന്തകളും രാഷ്ട്രീയ-പ്രത്യയശാസ്ത്ര ഭിന്നതകളും കേരളം പോലെ വൈവിധ്യമാര്‍ന്ന ആശയധാരകള്‍ നിലനില്‍ക്കുന്ന ഒരു ജനാധിപത്യ സമൂഹത്തില്‍ പ്രവിശാലവും ഉന്നത മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ അത്തരമൊരു പ്രതിരോധ നിര ഊട്ടി ഉറപ്പിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. അത് ഏറ്റെടുത്ത് വിജയിപ്പിക്കുക എന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഒരുപക്ഷെ മാനവരാശിയുടെ തന്നെയും ചരിത്രത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളിലൊന്നാക്കി മാറ്റാന്‍ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന ശക്തികള്‍ക്കാവും. മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി തെക്കന്‍ തിരുവിതാംകൂറില്‍ ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ വിപ്ലവകരമായ മുന്നേറ്റത്തിനും, വഴിനടക്കാനും പഠിക്കാനും ന്യായമായ കൂലിക്കും വേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക പോരാട്ടങ്ങള്‍ക്കും, ജാതിവ്യവസ്ഥയ്ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ ശ്രീനാരായണഗുരു നടത്തിയ സാമൂഹ്യ വിപ്ലവത്തിനും, സഞ്ചാര സ്വാതന്ത്ര്യത്തിനും ആരാധനാവകാശത്തിനും വേണ്ടി നടന്ന വൈക്കം സത്യഗ്രഹത്തിനും, അധഃസ്ഥിതരുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി ദേശീയ പ്രസ്ഥാനത്തിന്റെ അനുഗ്രഹാശിസുകളോടെയും സജീവ പങ്കാളിത്തത്തോടെയും നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിനും ഒപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നടക്കുന്ന സാമൂഹ്യമുന്നേറ്റമായി വനിതാമതിലിനെ മാറ്റിയെടുക്കുകയെന്നതാണ് കാലത്തിന്റെ വെല്ലുവിളി.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല തീര്‍ഥാടനത്തിനുള്ള അവകാശം സ്ഥാപിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി കേരളസമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ‘സുവര്‍ണാവസര’മാക്കി മാറ്റിയവരാണ് കേരളത്തിന്റെ പിന്തിരിപ്പന്‍-യാഥാസ്ഥിതികത്വ ശക്തികള്‍. അവര്‍ അതിന് ഏറ്റവും കൗശലപൂര്‍വം ആയുധമാക്കി മാറ്റിയത് സ്ത്രീകളെയാണ്. കേരളത്തിന്റെ സാമൂഹ്യ പുരോഗതിയെ തടയാന്‍ ചരിത്രത്തിന്റെ ഓരോ ദശാസന്ധിയിലും യാഥാസ്ഥിതികത്വം സവര്‍ണ-വരേണ്യ സ്ത്രീകളെ വിദഗ്ധമായി ദുരുപയോഗം ചെയ്തതായി കാണാം. അതിനെതിരെ ചെറുത്തുനില്‍പിന്റെ നെടുങ്കോട്ടകളുയര്‍ത്തുന്നതില്‍ കീഴാള പെണ്‍പോരാളികള്‍ മുന്നണിയില്‍ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസത്തിലും സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായും അഭിമാനകരമായ നേട്ടങ്ങളുടെ ഉടമകളാണ് ഇന്നത്തെ കേരള സ്ത്രീസമൂഹം. നവോത്ഥാന പ്രസ്ഥാനവും സാമൂഹ്യമുന്നേറ്റങ്ങളും കേരളീയ വനിതകള്‍ക്ക് ഒരുക്കിനല്‍കിയ ആ സ്വതന്ത്ര ഇടങ്ങള്‍ നിലനിര്‍ത്താനും അവിടെ ചുവടുറപ്പിച്ചു മുന്നേറാനുമുള്ള അവസരവും അവകാശവുമാണ് വെല്ലുവിളിക്കപ്പെടുന്നത്. ഈ അവസരത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സ്ത്രീപുരുഷ തുല്യതയുടെയും ഉന്നതമായ മാനവിക മൂല്യങ്ങളുടെയും ആഘോഷമാക്കി മാറ്റാന്‍ നമുക്ക് കഴിയണം. വൈക്കം സത്യഗ്രഹികള്‍ക്ക് ഭക്ഷണമൊരുക്കി നല്‍കാന്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് പഞ്ചാബില്‍ നിന്ന് അകാലികള്‍ കേരളത്തിലെത്തി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആചാര്യന്‍ പെരിയോര്‍ ഇ വി രാമസ്വാമി നായിക്കരും അദ്ദേഹത്തിന്റെ പത്‌നിയും മഹാത്മാഗാന്ധിയും ആചാര്യ വിനോബഭാവെയുമൊക്കെ വൈക്കത്ത് എത്തിച്ചേര്‍ന്നു. ബര്‍മയും മലേഷ്യയുമടക്കം അതിര്‍ത്തിക്കപ്പുറത്തുനിന്നുപോലും സഹായഹസ്തമെത്തി. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ കഥയും മറ്റൊന്നല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവോത്ഥാന മുന്നേറ്റത്തിന് കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും കച്ച് മുതല്‍ കൊഹിമ വരെയും ഇന്ത്യയുടെ ദൈര്‍ഘ്യ-വ്യാപ്തിയുടെയും സാമൂഹ്യ-കലാ-സാംസ്‌കാരിക വൈവിധ്യത്തിന്റെയും ഒരു പരിഛേദത്തെയാകെ ആകര്‍ഷിക്കുന്ന മാനവികതയുടെ ആഘോഷമാക്കി വനിതാ മതിലിനെ മാറ്റാനായിരിക്കണം നാം ലക്ഷ്യം വയ്‌ക്കേണ്ടത്.

കേരളത്തെ ഭ്രാന്താലയമാക്കി വീണ്ടും മാറ്റാനുള്ള പ്രതിലോമതയെ ചെറുക്കാന്‍ വര്‍ഗീയ യാഥാസ്ഥിതികത്വത്തിന്റെ ഇരയായി മാറിക്കൊണ്ടിരിക്കുന്ന സര്‍വകലാശാല സമൂഹങ്ങളുടെ സാന്നിധ്യം വനിതാ മതിലില്‍ ഉറപ്പുവരുത്തണം. രാജ്യത്തിന്റെ പുരോഗമന കലാ – സാംസ്‌കാരിക-ബൗദ്ധിക മണ്ഡലങ്ങളുടെ പ്രാതിനിധ്യംകൊണ്ട് ഈ മഹദ്‌സംരംഭത്തെ സമ്പന്നമാക്കണം. കേരളത്തിലെ പുരോഗമന ജനസമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന പൗരസംഘടനകള്‍ അതിന് അരയും തലയും മുറുക്കി രംഗത്തിറങ്ങണം. കേരളത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും ഉന്നത കലാപൈതൃകങ്ങളുടെ ആയിരക്കണക്കിന് വേദികള്‍ അന്ന് സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരണം. നാടിന്റെ പുരോഗതിയിലും മുന്നേറ്റത്തിലും വിശ്വാസമുള്ള ഒരൊറ്റയാള്‍ക്കും സ്വഭവനത്തിന്റെ സുരക്ഷിതത്വത്തില്‍ ഒതുങ്ങിയിരിക്കാന്‍ കഴിയാത്ത ആവേശത്തിന്റെയും ആഘോഷത്തിന്റെയും ദിനമായി ജനുവരി ഒന്ന് മാറണം. ആരെയും അകറ്റി നിര്‍ത്തലല്ല മുഴുവന്‍ മനുഷ്യരെയും ഉള്‍ക്കൊണ്ട് മുന്നേറുക എന്നതായിരിക്കണം വനിതാ മതിലിന്റെ ഉന്നത ലക്ഷ്യം.

Related News