Thursday
20 Sep 2018

ഹിജാബ് ഊരി പ്രതിഷേധിച്ച 35 ഓളം യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് തടവിലാക്കി

By: Web Desk | Wednesday 28 February 2018 12:32 PM IST

ചിത്രം:ഹിജാബ് ഊരി പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഷാപരാക് ഷാജാരിസദ്  (കടപ്പാട് . മെയിൽ ഓൺ ലൈൻ  ന്യൂസ് )

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം കടുത്ത ശിക്ഷയിലേക്ക് .  പൊതുസ്ഥലത്ത് ഹിജാബ് ഊരി പ്രതിഷേധിച്ച 35 ഓളം യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി അധികൃതർ തടവിലാക്കി. പത്തു വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഷേധിക്കുന്ന ഒരു വനിതയെ പോലീസുദ്യോഗസ്ഥൻ ഉയരത്തിൽനിന്നും തള്ളിവീഴ്ത്തുന്നതു  പോലുള്ള വിഡിയോകൾ വ്യാപകമാണ് .

സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്ന നിയമത്തിന് എതിരെ  പ്രതിഷേധം എന്ന നിലയിലാണ് ഇവര്‍ പൊതുസ്ഥലത്ത് ശിരോവസ്ത്രം ഉപേക്ഷിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അറസ്റ്റിലായ ഇവര്‍ക്ക് കസ്റ്റഡിയില്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നതായും മനുഷ്യാവകാശ സംഘടനയായ ‘ആംനസ്റ്റി ഇന്റര്‍നാഷണല്‍’ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിനു ശേഷം ശരീരത്തില്‍ അജ്ഞാത വസ്തു കുത്തിവെച്ചുവെന്നും നിര്‍ബന്ധിത ശിരോവസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ അടിച്ചമര്‍ത്തുക എന്ന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഇവരുടെ അറസ്റ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.