Thursday
24 Jan 2019

മാര്‍കേസിന്റെ നാട്ടിലിപ്പോള്‍ വനിതകളാണ് താരങ്ങള്‍

By: Web Desk | Thursday 8 March 2018 7:19 PM IST

കൊച്ചി:

മലയാളിക്ക് ലാറ്റിനമേരിക്കന്‍ സാഹിത്യം സ്വന്തം ഭാഷപോലെ പ്രിയമാര്‍ന്നതായിരുന്നു. എന്നാല്‍, ഇന്ന് കഥ മാറി. ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ഇപ്പോള്‍ വനിതാതരംഗം. ഒരു കാലത്ത് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തെപ്പറ്റി പഠിപ്പിക്കാന്‍ ആരെങ്കിലും വന്നാല്‍ മലയാളി അയാളെ ഓടിച്ചു വിട്ടേനെ. എല്ലാ വലിയ ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാരും നമ്മുടെ സ്വന്തമെന്നായിരുന്നു മലയാളിയുടെ ഭാവം. തകഴിയേക്കാളും വൈലോപ്പിള്ളിയേക്കാളും വായിക്കപ്പെട്ടോ മാര്‍കേസും നെരൂദയും എന്നു ചോദിച്ചാല്‍ ഉവ്വ് എന്നു പറയേണ്ട വിധം വിചിത്രമായിരുന്നു സ്ഥിതി. എന്നാല്‍ ഇന്ന് ആരൊക്കെയാണ് ലാറ്റിനമേരിക്കന്‍ താരങ്ങള്‍?

ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ഇപ്പോള്‍ വനിതാതരംഗമാണെന്ന് മെക്‌സിക്കന്‍ നോവലിസ്റ്റും പ്രസാധകനുമായ എഡ്വാര്‍ഡോ റബാസ പറഞ്ഞു. കൃതി സാഹിത്യ വിജ്ഞാനോത്സവത്തില്‍ സമകാലിക മെക്‌സിക്കന്‍ സാഹിത്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു റബാസ. മാര്‍കേസിനെ ഇംഗ്ലീഷ് പരിഭാഷയിലൂടെ പ്രശസ്തനാക്കിയ ഗ്രിഗറി റബ്ബാസയുടെ ആരെങ്കിലുമാണോ എന്നു ചോദിച്ചപ്പോള്‍ ആ റബ്ബാസയുടെ റബ്ബാസയില്‍ രണ്ട് എസ് ഉണ്ടെന്നായിരുന്നു ഈ റബ്ബാസയുടെ ഉത്തരം.

എഡ്വാര്‍ഡോയുടെ തന്നെ നാട്ടുകാരിയായ വലേറിയ ലൂയിസെല്ലി ആണത്രെ ഇക്കൂട്ടത്തിലെ ഒരു പ്രധാനി. 1983 ല്‍ ജനിച്ച ഇവര്‍ ഇതിനകം മുപ്പതിലേറെ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിതായി റബ്ബാസ പറഞ്ഞു. 2017 ലെ ബുക്കര്‍ സമ്മാന ലിസ്റ്റിലുണ്ടായിരുന്ന അര്‍ജന്റീനയില്‍ നിന്നുള്ള സാമന്ത ഷ്വെബ്ലിനെപ്പറ്റിയും റബ്ബാസ പറഞ്ഞു. ഫീവര്‍ ഡ്രീം എ്‌ന നോവലിനാണ് സാമന്ത ബുക്കറിന് ശുപാര്‍ശ ചെയ്യപ്പെട്ടത്. ബ്രസീലിയന്‍ കവയിത്രി ആഞ്‌ജെലിക് ഫ്രെയ്റ്റാസ്, അര്‍ജന്റീനന്‍ കഥാകൃത്ത് മറിയാന എന്റിക്വെസ്, നോവലിസ്റ്റ് പോള ഒളോയ്‌സറക്… ലാറ്റിനമേരിക്കന്‍ വനിതാതരംഗം സജീവമാണെന്ന് റബ്ബാസ പറഞ്ഞു.

മെക്‌സിക്കോ സിറ്റിയില്‍ 1978 ല്‍ ജനിച്ച എഡ്വാര്‍ഡോ റബ്ബാസ മെക്‌സിക്കോയിലെ പ്രമുഖ പ്രസാധക സ്ഥാപനമായ സെക്‌സ്റ്റോ പിസോയുടെ (ആറാം നില) ഡയറക്ടര്‍ കൂടിയാണ്. 2004ല്‍ മികച്ച യുവപ്രസാധകനുള്ള ആഗോള അവാര്‍ഡ് നേടിയിട്ടുണ്ട്. റബ്ബാസ സ്പാനിഷ് ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലായ എ സീറോ സം ഗെയിമിന്റെ ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഒരു കെട്ടിടത്തിന്റെ ജനാല പൊളിച്ച് താഴേയ്ക്കു ചാടുന്ന ആളാണ് സെക്‌സ്റ്റോ പിസോ എന്ന പ്രസാധക സ്ഥാപനത്തിന്റെ ലോഗോ. അക്കാലത്ത് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു സ്വതന്ത്ര പ്രസാധക സ്ഥാപനം തുടങ്ങുന്നത് ആത്മഹത്യാപരമാണെന്ന് ആളുകള്‍ പറഞ്ഞതിന് അതേ നാണയത്തില്‍ കൊടുത്ത തിരിച്ചടിയാണ് ലോഗോയെന്ന് റബ്ബാസ പറഞ്ഞു. എ്ന്തായാലും സംഗതി ഗൗരവമായി. കമ്പനി ഇതുവരെ 400 ലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

മയക്കുമരുന്നിനെതിരെയുള്ള യുദ്ധസമാനമായ മെക്‌സിക്കന്‍ നടപടികള്‍ അവിടത്തെ സാഹിത്യത്തെ ഗണ്യമായി സ്വാധീനിച്ചു. 15 വര്‍ഷത്തിനിടെ 1 ലക്ഷത്തിലേറെപ്പേര്‍ മരിച്ചു, 30,000ത്തോളം പേരെ കാണാതായി. ഇത് നാര്‍ക്കോ നോവല്‍ എന്ന ശില്‍പ്പമാതൃകയയ്ക്കും കാരണമായി.

ക്യൂബന്‍ വിപ്ലവവും ലാറ്റിനമേരിക്കന്‍ ബൂമും നല്‍കിയ ആവേശം ഇല്ലാതായപ്പോള്‍ അമേരിക്കന്‍ ക്യാപ്പിറ്റലിസത്തോട് പൊരുതാന്‍ വിഷമിക്കുകയാണ് മെക്‌സിക്കോക്കാരെന്ന് റബ്ബാസ പറഞ്ഞു. മെക്‌സിക്കോയിലെ പരമ്പരാഗത ഇടതുപക്ഷം വലതുപക്ഷവുമായിച്ചേര്‍ന്നു. അങ്ങനെ ഇടതും പരാജയപ്പെട്ടു എന്നു പറയാം. എങ്കിലും ജൂണിലെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധ്യത്യയുള്ള ഒരാളെന്ന് പറയപ്പെടുന്ന ആന്‍ഡ്രേസ് മാനുവല്‍ ലോപെസ് ഒബ്രഡോറിനെ (അമ്ലോ എന്നറിയപ്പെടുന്നു) മെക്‌സിക്കോയിലെ ഹ്യൂഗോ ഷാവേസ് എന്നറിയപ്പെടുന്നു. ഇടനാണെങ്കിലും അദ്ദേഹം പ്രായോഗികബുദ്ധിയാണ്.

മെകിസിക്കോക്കാര്‍ ശരാശരി 3.5 പുസ്തകമേ ഒരു വര്‍ഷം വായിക്കുന്നുള്ളു. വലിയ പ്രസാധകരുടെ മത്സരവും ഏറെയുണ്ട്.