Monday
25 Jun 2018

ഉമ്മ വളയം പിടിച്ചു മകന്‍ പുലിവാല്‍ പിടിച്ചു!

By: Web Desk | Monday 9 October 2017 1:02 AM IST

പ്രത്യേക ലേഖകന്‍
റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകള്‍ക്കും വാഹനമോടിക്കാമെന്ന ഉത്തരവ് വന്നതിനുപിന്നാലെ ഒരു ഉമ്മയുടെ വളയം പിടിക്കല്‍ വന്‍ വിവാദത്തിലേയ്ക്ക്.
അടുത്ത വര്‍ഷം ജൂണിലാണ് ഉത്തരവ് പ്രാബല്യത്തിലാകുന്നതെങ്കിലും താന്‍ ഉമ്മ ഓടിച്ച വാഹനത്തില്‍ സൗദി അറേബ്യയില്‍ നിന്നും കുവൈറ്റ് വരെ സഞ്ചരിച്ചതായി സൗദി സംവിധായകനായ ഷഹദ് അല്‍ ഷെറീഫിന്റെ അവകാശവാദമാണ് സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. മാതാവ് വളയം പിടിക്കുന്ന വാഹനത്തില്‍ താന്‍ യാത്രചെയ്യുന്ന ചിത്രവും അദ്ദേഹം നവമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തിരുന്നു. ഹോളിവുഡ്ഡില്‍ നിന്നും ചലച്ചിത്ര നിര്‍മാണത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഫഹദിന്റെ ‘ദി ആരബ് സ്വാന്‍’, ‘കോക്‌റോച്ച്’ എന്നീ ചിത്രങ്ങള്‍ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
എന്നാല്‍ രാജവിളംബരത്തിനുശേഷം സൗദി അറേബ്യയില്‍ നിന്നും കുവൈറ്റിലേയ്ക്ക് ഒരു സ്ത്രീ വാഹനമോടിച്ചുവെന്ന അവകാശവാദം പൊള്ളയാണെന്നായിരുന്നു പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചത്. സര്‍ക്കാരിന്റെ ഈ നിഷേധക്കുറിപ്പിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഉമ്മയ്ക്ക് ഇതേക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാല്‍ താനും പ്രതികരിക്കുന്നില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി. എന്നാല്‍ രാജവിളംബരം പ്രാബല്യത്തിലാകുന്നതിന് മുമ്പ് വാഹനമോടിച്ചതിന് ഈ സ്ത്രീയുടെ പേരില്‍ കേസെടുക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
രാജവിളംബരത്തിലൂടെ വീണുകിട്ടിയ അവകാശം തട്ടിത്തെറിപ്പിച്ച് കളയരുതെന്ന് ആവശ്യപ്പെട്ട് വാഹനമോടിക്കാന്‍ അക്ഷമരായി കാത്തിരിക്കുന്ന സ്ത്രീകള്‍ ഇത്തരം അവകാശവാദങ്ങള്‍ക്കെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തിറങ്ങിയിട്ടുമുണ്ട്.