Sunday
18 Feb 2018

വനിതാ ബില്‍: ഗവര്‍ണര്‍ക്ക് സ്ത്രീകളുടെ നിവേദനം

By: Web Desk | Wednesday 14 February 2018 10:23 PM IST

ഇടതുപക്ഷ സംയുക്ത മഹിളാ മുന്നണി നേതാക്കള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്
നിവേദനം കൈമാറുന്നു

തിരുവനന്തപുരം: നരേന്ദ്രമോഡി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്ന് നാലുവര്‍ഷം പൂര്‍ത്തിയാക്കാനിരിക്കുമ്പോഴും സ്ത്രീകള്‍ക്ക് സംവരണം ലഭ്യമാക്കുന്നതിനുള്ള വനിതാ സംവരണ ബില്‍ ഇതേവരെ ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ബില്ല് അടിയന്തരമായും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ സംയുക്ത വേദിയായ ഇടതുപക്ഷ സംയുക്ത മഹിളാ മുന്നണി, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് നിവേദനം നല്‍കി.

അഡ്വ. പി സതീദേവി (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി), അഡ്വ.പി വസന്തം (കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി), ഡി ആര്‍ സെലിന്‍ (മഹിളാ ജനതാദള്‍ സംസ്ഥാന സെക്രട്ടറി), അഡ്വ.ടി ബി മിനി (ജനാധിപത്യ വനിതാ സംഘടന സംസ്ഥാന സെക്രട്ടറി), പത്മിനി ടീച്ചര്‍ (നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി) എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

1996ല്‍ എച്ച് ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന സന്ദര്‍ഭത്തിലാണ് വനിതാ സംവരണ ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അത് പാസാക്കപ്പെടാതിരിക്കുകയായിരുന്നു. പിന്നീട് 2010 മാര്‍ച്ച് മാസത്തില്‍ സാര്‍വ്വദേശീയ മഹിളാ ദിനത്തോടനുബന്ധിച്ചാണ് യുപിഎ ഗവണ്‍മെന്റ് രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ച് പാസാക്കിയത്. എന്നാല്‍ ആ സന്ദര്‍ഭത്തില്‍ ലോകസഭയില്‍ ബില്‍ അവതരിപ്പിച്ചില്ല. നരേന്ദ്രമോഡി അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് മുമ്പാകെ പ്രഖ്യാപിച്ച പ്രകടന പത്രികയില്‍ വനിതാ സംവരണ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ച് പാസാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

മോഡി അധികാരത്തില്‍ വന്ന് നാലുവര്‍ഷം ആകാനിരിക്കുമ്പോഴും ലോകസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്‍റിന്‍റെ നടപ്പുസമ്മേളനത്തിലും തയ്യാറായിട്ടില്ല. രാജ്യത്തെ ഭരണസംവിധാനത്തിലുള്ള ബിജെപി, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികളുമെല്ലാം വനിതാ സംവരണ ബില്ലിനെ പരസ്യമായി പിന്തുണയ്ക്കുന്നവരാണ്. ബിജെപിക്ക് കേവല ഭൂരിപക്ഷമാണ് ലോകസഭയ്ക്കകത്ത് ഉള്ളത്. ഈ സാര്‍വ്വദേശീയ മഹിളാ ദിനത്തിന്റെ സന്ദര്‍ഭത്തില്‍പോലും ബില്ല് ലോകസഭയില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്രഗവണ്‍മെന്റിന് ഇല്ല എന്നുള്ളത് അങ്ങേയറ്റം അപലപനീയമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.