Wednesday
22 Aug 2018

ലണ്ടനില്‍ കൊടിയിറങ്ങി; വെറുംകൈയോടെ ഇന്ത്യ

By: Web Desk | Tuesday 15 August 2017 10:03 AM IST

ലണ്ടന്‍: പതിവുപോലെ നേട്ടങ്ങളൊന്നുമില്ലാതെ ഇന്ത്യന്‍ ടീം ലണ്ടനില്‍ നിന്നും മടങ്ങുന്നു. ദാവിന്ദര്‍ സിങ് കാംഗും ജി ലക്ഷ്മണനുമൊഴികെ എടുത്തുപറയത്തക്ക പ്രകടനം നടത്താന്‍ മറ്റാര്‍ക്കുമായില്ല. 25 അംഗ സംഘമാണ് ഇന്ത്യയെ ലോക അത്‌ലറ്റിക്‌സില്‍ പ്രതിനിധീകരിച്ചത്.
അവസാനദിനം 20 കിലോ മീറ്റര്‍ നടത്ത മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി അത്‌ലറ്റിക് താരം കെ ടി ഇര്‍ഫാനും മികച്ച പ്രകടനം നടത്താനായില്ല. 1:21:40 സമയം കൊണ്ട് ഫിനിഷ് ലൈന്‍ തൊട്ട ഇര്‍ഫാന്‍ 23ാം സ്ഥാനത്താണ് മല്‍സരം പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ഇന്ത്യന്‍ താരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ഇര്‍ഫാന്റേത്. ഇതേയിനത്തില്‍ മല്‍സരിച്ച ഇന്ത്യയുടെ ദേവേന്ദര്‍ സിങ് 50ാം സ്ഥാനത്തും ഗണപതി കൃഷ്ണന്‍ 54ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ കൊളംബിയയുടെ എയ്ഡര്‍ അരെവാലോ റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി. 1:18:53 സമയം കൊണ്ടാണ് അരെവാലോ ഫിനിഷ് ചെയ്തത്. റഷ്യയുടെ സെര്‍ജി ഷിരോബികോഫ് (1:18:55) വെള്ളിയും ബ്രസീല്‍ കാവോ ബൊന്‍ഫിം 1:19:04 സമയം കൊണ്ട് വെങ്കലവും നേടി.
വനിതകളുടെ ദീര്‍ഘദൂര നടത്തത്തില്‍ ഇന്ത്യയുടെ കുശ്ബിര്‍ കൗര്‍ 42ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 1:36:41 സമയം കൊണ്ടാണ് കൗര്‍ ഫിനിഷ് ലൈന്‍ കടന്നത്. സീസണിലെ മികച്ച പ്രകടനത്തിനും ഒരു മിനിട്ട് വൈകിയാണ് കുശ്ബീര്‍ ഫിനിഷ് ചെയ്തത്.
ഇന്ത്യന്‍ താരങ്ങളില്‍ ജാവലിന്‍ ഫൈനലിലെത്തിയ ദാവിന്ദര്‍ സിങ് മാത്രമാണ് അല്പമെങ്കിലും മികച്ച പ്രകടനം നടത്തിയത്. എന്നാല്‍ ഫൈനലില്‍ മത്സരിച്ച 13 പേരില്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ താരം. ജി ലക്ഷ്മണന്‍ 5000 മീറ്ററില്‍ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ട്രാക്ക് ഇനങ്ങളില്‍ ദ്യുതീചന്ദ്, മുഹമ്മദ് അനസ്, സിദ്ധാന്ത് തിംഗാലയ എന്നിവരെല്ലാം ആദ്യറൗണ്ടില്‍ തന്നെ വീണു. നിര്‍മല ഷിയോറന്‍ 400 മീറ്ററില്‍ സെമിഫൈനലില്‍ പുറത്തായി. ഫീല്‍ഡ് ഇനങ്ങളില്‍ ജാവലിനില്‍ പ്രാഥമികറൗണ്ടില്‍ 20 ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അന്നുറാണിക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ഹെപറ്റാത്തലണ്‍ താരം സ്വപ്‌ന ബര്‍മന്‍ 26 ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മാരത്തണില്‍ ടി ഗോപി 28 ാം സ്ഥാനത്തും മോണിക്ക അതാരെ 64 ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 4-400 മീറ്റര്‍ റിലേയില്‍ വനിതാടീം അയോഗ്യരാക്കപ്പെട്ടപ്പോള്‍ പുരുഷടീം ഹീറ്റ്‌സില്‍ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Related News