Wednesday
19 Sep 2018

ജിഎസ്ടി സങ്കീര്‍ണ്ണവും ഉയര്‍ന്ന നികുതിഘടനയുമെന്ന് ലോകബാങ്ക്

By: Web Desk | Thursday 15 March 2018 10:39 PM IST

ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കുസേവന നികുതി സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണവും ഉയര്‍ന്ന നിരക്കിലുള്ള നികുതി പരിഷ്‌കാരവുമാണെന്ന് ലോകബാങ്കിന്‍റെ റിപ്പോര്‍ട്ട്.

ജിഎസ്ടി നടപ്പാക്കിയിട്ടുള്ള 115 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോകബാങ്കിന്‍റെ വിലയിരുത്തല്‍. 0, 5, 12, 18, 28 ശതമാനം എന്നീ അഞ്ച് സ്ലാബുകളിലായാണ് രാജ്യത്ത് ചരക്കുസേവന നികുതി നടപ്പാക്കിയത്. കയറ്റുമതിയെ പൂജ്യം സ്ലാബിലുള്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി വ്യവസായികള്‍ക്ക് തങ്ങള്‍ നല്‍കിയ നികുതി തിരികെ യഥാസമയം ലഭിക്കുന്നില്ല. ഇത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ലോകബാങ്കിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

സ്വര്‍ണത്തിന് മൂന്ന് ശതമാനവും അമൂല്യരത്‌നങ്ങള്‍ക്ക് 0.25 ശതമാനം നികുതിയുമാണ് ജിഎസ്ടിയിലേര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മദ്യം, പെട്രോളിയം ഉല്‍പന്നങ്ങള്‍, സ്റ്റാമ്പ് തീരുവ, റിയല്‍ എസ്റ്റേറ്റ് ഡ്യൂട്ടി, വൈദ്യുതി ഡ്യൂട്ടി എന്നിവയെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് യഥാവിധം നികുതി ശതമാനം നിജപ്പെടുത്താനുള്ള സംവിധാനം നല്‍കി.

49 രാജ്യങ്ങളില്‍ ഒറ്റ സ്ലാബിലാണ് ജിഎസ്ടി നടപ്പിലാക്കിയിട്ടുള്ളത്. 28 രാജ്യങ്ങളില്‍ രണ്ട് സ്ലാബുകളിലും ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലാണ് പൂജ്യം ഒഴികെ നാല് സ്ലാബുകളിലായി നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇറ്റലി, ലക്‌സംബര്‍ഗ്, പാകിസ്ഥാന്‍, ഘാന എന്നീ രാജ്യങ്ങളിലാണ് നാല് സ്ലാബുകളേര്‍പ്പെടുത്തിയിട്ടുള്ള മറ്റ് നാല് രാജ്യങ്ങള്‍. ലോകത്തില്‍ത്തന്നെ കൂടുതല്‍ സ്ലാബുകളില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയ രാജ്യം ഇന്ത്യയാണ്.
12 ശതമാനം, 18 ശതമാനം എന്നിവയെ ഏകോപിപ്പിച്ച് ജിഎസ്ടി സ്ലാബുകളുടെ എണ്ണം കുറയ്ക്കുമെന്ന് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. പുതിയ സംവിധാനം സുഗമമായി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത് നടപ്പാക്കുമെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗോഹത്തിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്ന 228 ഇനങ്ങളില്‍ 50 എണ്ണം മാത്രമാണ് ഉയര്‍ന്ന പരിധിയില്‍ നിന്ന് ഒഴിവാക്കിയത്.

ജിഎസ്ടി നടപ്പാക്കിയത് വിവിധ സംസ്ഥാനങ്ങളിലെ ഭരണത്തെ പ്രതികൂലമായി ബാധിച്ചതായി ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. പുതിയ സംവിധാനം സംബന്ധിച്ച വ്യക്തതയില്ലായ്മ പ്രാദേശിക നികുതികള്‍ എങ്ങനെ ഒഴിവാക്കാം എന്ന ധാരണക്കുറവ് എന്നിവയാണ് ഇതിനുള്ള മുഖ്യകാരണം. സിനിമാ മേഖലയില്‍ 28 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതിന് പ്രാദേശിക നികുതികള്‍ ലയിപ്പിച്ചതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ടുള്ള വരുമാന നഷ്ടം കുറയ്ക്കുന്നതിന് വാഹന നികുതി കൂട്ടുന്ന നിലപാടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിച്ചത്.

മുന്‍കൂട്ടി നല്‍കിയ നികുതികള്‍ യഥാസമയം തിരികെ ലഭിക്കാത്തത് വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ച വ്യക്തതയില്ലായ്മയും വ്യവസായമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധികളൊക്കെ കുറച്ചു മാസങ്ങള്‍ മാത്രമേ നിലനില്‍ക്കുകയുള്ളുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് അടിവരയിടുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍. വിവിധ ഘട്ടങ്ങളില്‍ നികുതി ഏര്‍പ്പെടുത്തുന്നത് വളരെ സങ്കീര്‍ണമായ കാര്യമാണ്. എന്നാല്‍ ജിഎസ്ടി നടപ്പാക്കിയതോടെ നികുതിസംവിധാനം ഏകീകരിക്കപ്പെട്ടു. ഇത് ഓഡിറ്റ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.

Related News