Wednesday
19 Dec 2018

ക്വാര്‍ട്ടര്‍ കൂട്ടിലേക്ക് ആരൊക്കെ..?

By: Web Desk | Thursday 6 December 2018 2:59 PM IST

സുരേഷ് എടപ്പാള്‍

ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കുന്ന ആദ്യ നാലുടീമുകളെ കണ്ടെത്താനുള്ള ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തോറ്റാല്‍ പുറത്തേക്കുള്ള വഴി തുറക്കുമെന്നതിനാല്‍ മിക്ക ടീമുകള്‍ക്കും അവാസന മത്സരം ജീവന്മരണമാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയമാത്രമാണ് രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുള്ളത്. ഗ്രൂപ്പിലെ രണ്ടും മൂന്നുംസ്ഥാനക്കാര്‍ ക്രോസ്സ് ഓവര്‍ മത്സരം കളിച്ചായിരിക്കും അവാസാന എട്ടിലേക്കുള്ള മറ്റ് നാലു ടീമുകളെ നിശ്ചയിക്കുക. ഗ്രൂപ്പിലെ നാലാമന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകും. 12 ടീമുകള്‍ അവേശേഷിക്കും. ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ ക്രോസ്സ് ഓവര്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. ഗ്രൂപ്പ് എ യിലെ അവസാനമത്സരങ്ങളില്‍ ഇന്ന് വൈകീട്ട് 5 ന് സ്‌പെയിന്‍ ന്യൂസിലാന്‍ഡിനേയും 7 ന് അര്‍ജന്റീന ഫ്രാന്‍സിനേയും നേരിടും. വലിയ അട്ടിറികളൊന്നും കാണാതെയാണ് ഭുവനേശ്വറില്‍ പോരാട്ടങ്ങള്‍ പുരോഗമിക്കുന്നത്. എങ്കിലും ലോക ഹോക്കിയില്‍ വലിയ വിലാസങ്ങളില്ലാത്ത ചൈന, ഫ്രാന്‍സ് പോലുള്ള ടീമുകള്‍ കരുത്തറിക്കുന്ന നിലയിലേക്ക് വളര്‍ന്നെന്നത് ശുഭ സൂചനയാണ്. ഇന്നു മുതല്‍ നാലു ദിവസം ഗ്രൂപ്പിലെ അവസാന പോരാട്ടങ്ങള്‍ നടക്കും. തുടര്‍ന്നുള്ള രണ്ട് ദിവസം ക്രോസ്സ് ഓവര്‍ മത്സരങ്ങള്‍ നടക്കും. 12.13 തീയ്യതികളിലാണ് ക്വാട്ടര്‍ പോരാട്ടങ്ങള്‍. 14 ന് വിശ്രമദിനമാണ്. 15 ന് സെമിയും 16 ന് ഫൈനലും നടക്കും.

ഗ്രൂപ്പ് എ

എ ഗ്രൂപ്പില്‍ ഒളിമ്പിക്‌മെഡല്‍ ജേതാക്കളും ലോകറാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരുമായ അര്‍ജന്റീനയാണ് മുന്നില്‍. ന്യൂസിലാന്‍ഡിനേയും സ്‌പെയിനിനേയും തോല്‍പ്പിച്ച അവര്‍ക്ക് ഇനി ഫ്രാന്‍സുമായുള്ള മത്സരം മാത്രമാണ് ബാക്കിയുള്ളത്. ദുര്‍ബലരായ ഫ്രാന്‍സിനെ മറികടന്ന് അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാട്ടറിലേക്ക് യോഗ്യത നേടാനാണ് സാധ്യത. ഫ്രാന്‍സിനെ പരാജയപ്പെടുത്തി നേടിയ മൂന്നു പോയന്റുള്ള ന്യുസിലാന്‍ഡിന് അര്‍ജന്റീനയെ മറികടന്ന് ക്വാട്ടറില്‍ കടക്കണണെങ്കില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നല്ല മാര്‍ജിന് പരാജയപ്പെടുത്തുകയും കീവീസ് അവസാനമത്സരത്തില്‍ സ്‌പെയിനിനെ കൂടുതല്‍ ഗോളുകള്‍ക്ക് തോല്‍പ്പിക്കുയും വേണം. ഇപ്പോഴത്തെ നിലയില്‍ ന്യുസിലാന്‍ഡും സ്‌പെയിനും ഗ്രൂപ്പ് എ യില്‍ നിന്ന് ക്രോസ്സ് ഓവര്‍ യോഗ്യത നേടാനാണ് സാധ്യത.

ഗ്രൂപ്പ് ബി

ചൈനവില്ലന്മാരായ ബി ഗ്രൂപ്പില്‍ ഹാട്രിക് കിരീടമോഹവുമായെത്തിയ ഓസ്‌ട്രേലിയ ഒഴിച്ച് മറ്റ് മൂന്നു ടീമുകള്‍ക്കും ഒരു മത്സരവും ജയിക്കാനാതെ വന്നതാണ് ചാമ്പ്യന്മാര്‍ക്ക് ഗുണകരമായത്. ആദ്യമായി ലോകകപ്പിനെത്തിയ ചൈന കരുത്തരായ ഇംഗ്ലണ്ടിനേയും അയര്‍ലന്‍ഡിനേയും സമനിലയില്‍ കരുക്കിയതോടെ കാര്യങ്ങല്‍ സങ്കീര്‍ണ്ണമായി. ചൈനക്കിനി പോരാട്ടം ഓസ്‌ട്രേലിയയോടാണ്. ലോക ഒന്നാംനമ്പര്‍ ടീമിനെകൂടി സമനിലിയില്‍ പിടിച്ചു കെട്ടാനായാല്‍ ചൈനക്ക് ക്രോസ്സ് ഓവര്‍ യോഗ്യത നേടാന്‍ സാധ്യത നിലനില്‍ക്കുന്നു. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ല. അയര്‍ലന്‍ഡും ഇംഗ്ലണ്ടും തമ്മിലാണ് മറ്റൊരുമത്സരം .ഈ ഗ്രൂപ്പില്‍ മൂന്നാമത്തെ മത്സരം ഓസ്‌ട്രേലിയ ഒഴിച്ചുള്ള മൂന്നു ടീമുകളുടേയും ടൂര്‍ണ്ണമെന്റിലെ ഭാവി നിശ്ചയിക്കും.

ഗ്രൂപ്പ് സി

ഗ്രൂപ്പ് സി യില്‍ ഇപ്പോള്‍ ഇന്ത്യയാണ മുന്നില്‍. ബെല്‍ജിയത്തോട് ജയിക്കാനുള്ള അവസരം കളഞ്ഞതാണ് ഇന്ത്യയുടെ നേരിട്ടുള്ള ക്വാട്ടര്‍ പ്രവേശനത്തിന് മങ്ങലേല്‍പ്പിച്ചത്. എങ്കിലും അവസാന മത്സരത്തില്‍ കാനഡയെ നല്ല ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് ബെല്‍ജിയത്തെ മറികടന്ന് മുന്നേറാം. ബെല്‍ജിയവും മൂന്നാം മത്സരത്തില്‍ ഗോള്‍ മഴ തീര്‍ക്കാനാകും ശ്രമിക്കുക. ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചില്‍ കൂടുതല്‍ ഗോളിന് ജയിക്കേണ്ടത് അവര്‍ക്ക് അനിവാര്യമാണ്. അവസാന മത്സരങ്ങളിലെ ജയപരാജയങ്ങള്‍ക്കു പുറമേ ഗോള്‍ ഓവറേജ് കൂടി പരിഗണിച്ചായിരിക്കും ഈ ഗ്രൂപ്പില്‍ നിന്നുള്ള ക്വാട്ടര്‍, ക്രോസ്സ് ഓവര്‍ ടീമുകളെ നിശ്ചയിക്കാന്‍ കഴിയൂ.

ഗ്രൂപ്പ് ഡി

ലോകറാങ്കിങില്‍ നാലാംസ്ഥാനക്കാരായ ഹോളണ്ടും, ഏറ്റവും കൂടുതല്‍ തവണ ലോകചാമ്പ്യന്‍മാരായ പാക്കിസ്ഥാനും മുന്‍ ലോകചാമ്പ്യന്‍ ജര്‍മ്മനിയും ഏഷ്യന്‍ കരുത്തരായ മലേഷ്യയും ഉള്‍പ്പെട്ട് ഗ്രൂപ്പ് ഡിയിലെ കാര്യങ്ങള്‍ ഏറെക്കുറെ ജര്‍മ്മനിയുടെ വരുതിയിലാണ്. മലേഷ്യയിലെ എഴു ഗോളുകള്‍ക്ക് തകര്‍ത്ത നെതര്‍ലാന്‍ഡ്‌സ് വരവ് ഗംഭീരമാക്കിയെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ ജര്‍മ്മനിയോട് മുട്ടുകുത്തി. നാലുഗോളുകളാണ് ജര്‍മ്മന്‍സൈന്യം ഡച്ച് വലയില്‍ അടിച്ചുകയറ്റിയത്. രണ്ടുമത്സരങ്ങളും ജയിച്ച ജര്‍മ്മനിയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഓദ്യമത്സരത്തില്‍ ജര്‍മ്മനിയോട് പരാജയപ്പെട്ട പാകിസ്ഥാന് മലേഷ്യക്കെതിരെ സമനില പിണഞ്ഞത് ക്രോസ്സ് ഓവര്‍സാധ്യതയില്‍ നിഴല്‍ വീഴ്ത്തിയിട്ടുണ്ട്. അവസാനമത്സരത്തില്‍ ശക്തരായ ഹോളണ്ടനെതിരെയാണ് പാക്കിന്റെ മത്സരം. ഈ മത്സരം ജയിക്കുകയോ, സമനിലയിലാവുകയോ, വലിയ മാര്‍ജിന് തോല്‍ക്കാതിരിക്കുകയോ ചെയ്താല്‍ ജര്‍മ്മനി മലേഷ്യയെ തോല്‍പ്പിക്കുന്നതോടെ പഴയ പ്രതാപികള്‍ക്ക് ടൂര്‍ണ്ണമെന്റില്‍ തുടരാം. മലേഷ്യയാണ് ജയിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കുഴയും. നിലവിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തില്‍ ജര്‍മ്മനി ക്വാട്ടറിലേക്ക് യോഗ്യതനേടും. മലേഷ്യ അത്ഭുതങ്ങള്‍ കാഴ്ചവെച്ചാല്‍ മത്രമേ ജര്‍മ്മനിയെ തള്ളി ഹോളണ്ടിന് ആദ്യനാലില്‍ ഉള്‍പ്പെടാന്‍ കഴിയൂ. ജര്‍മ്മനി ജയിച്ചാല്‍ ഹോളണ്ട് ക്രോസ്സ് ഓവര്‍യോഗ്യത ഉറപ്പാക്കും.