Friday
15 Dec 2017

ലോക സീനിയര്‍ ബാഡ്മിന്റണ്‍: ഇന്ത്യന്‍ സഖ്യം ഫൈനലില്‍

By: Web Desk | Saturday 16 September 2017 11:11 PM IST

കൊച്ചി:

കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 35 വയസിന് മുകളിലുള്ളവരുടെ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലിലെത്തി. കലാശ കളിയില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡും മലയാളി ജോഡികളുമായ സനേവ് തോമസ്‌രൂപേഷ് കുമാര്‍ സഖ്യം മലയാളി താരം വി ദിജുജെ ബി എസ് വിദ്യാധര്‍ എന്നിവരടങ്ങിയ രണ്ടാം സീഡിനെ നേരിടും. ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ടീമുകള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. സെമിയില്‍ തായ്‌ലാന്റ് ജോടിയെ 21-15, 21-9 എന്ന സ്‌കോറിനാണ് ദിജു-വിദ്യാധര്‍ സഖ്യം തോല്‍പിച്ചത്.
24 മിനുറ്റ് കൊണ്ട് മത്സരം അവസാനിപ്പിച്ച സനേവ്‌രൂപേഷ് സഖ്യം 21-12, 21-9 എന്ന സ്‌കോറിനായിരുന്ന ജാപ്പനീസ് ടീമിനെ തറപറ്റിച്ചത്. 40 വയസിന് മുകളിലുള്ളവരുടെ പുരുഷ ഡബിള്‍സില്‍ ശ്രീകാന്ത് ഭാസിനവ് – ദീപ് സിങ് സഖ്യവും കലാശ കളിക്ക് യോഗ്യത നേടി.
40 വയസിന് മുകളിലുള്ളവരുടെ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ അനീഷ് കെ എ ജപ്പാന്റെ ഹോസ്മാരി ഫുജിമോട്ടോയെ നേരിടും. സെമിയില്‍ ഇന്ത്യയുടെ തന്നെ രണ്ടാം സീഡായ ജോയ് ടി ആന്റണിയെ 21-16,21-15 എന്ന സ്‌കോറിനാണ് അനീഷ് തോല്‍പിച്ചത്. 55 വയസിന് മുകളിലുള്ളവരുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ ബസന്ത് കുമാര്‍ സോണി രണ്ടാം സീഡ് ഓസ്‌ട്രേലിയയുടെ ലോക്‌പോ വോങിനെ തോല്‍പിച്ച് ഫൈനലില്‍ കടന്നു, സ്‌കോര്‍: 21-16, 21-16. അതേസമയം 35 വയസിന് മുകളിലുള്ളവരുടെ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ നിഖില്‍ കനേത്കര്‍ മത്സരത്തിനിടെ പിന്‍മാറി. എല്ലാ വിഭാഗങ്ങളിലെയും ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും.