Wednesday
19 Dec 2018

മരണാനന്തരവും പുതുജീവനേകാന്‍ ഗര്‍ഭപാത്രത്തിനു കഴിയും; ആ അതിശയത്തിന്‍റെ കഥ

By: Web Desk | Thursday 6 December 2018 12:24 PM IST

വാഷിങ്ടണ്‍:

മരണാനന്തര ഗര്‍ഭപാത്രദാനത്തില്‍ യുവതിക്ക് പിറന്നത് പെണ്‍കുരുന്ന്. ബ്രസീലില്‍ മസ്തിഷ്‌ക മരണം സംഭവിച്ചയാളില്‍നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ച മുപ്പത്തിരണ്ടുകാരിക്ക് ഇത് സ്വപ്‌നസാക്ഷാത്കാരം. വൈദ്യശാസ്ത്രത്തെ  ഞെട്ടിച്ച ഇൗ കണ്ടെത്തല്‍ കുഞ്ഞുങ്ങളില്ലാത്ത ഒട്ടേറെ പേര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ജീവിച്ചിരിക്കുന്നവരുടെ ഗര്‍ഭപാത്രം സ്വീകരിച്ച് കുഞ്ഞിന് ജന്മം നല്‍കുന്നത് വിജയകരമായി നടന്നിട്ടുണ്ടെങ്കിലും മരിച്ചവരുടെ ഗര്‍ഭപാത്രം സ്വീകരിച്ചുള്ള ഗര്‍ഭധാരണവും പ്രസവവും ആദ്യമായാണു വിജയിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഗര്‍ഭപാത്രം വച്ചുപിടിപ്പിച്ചു കുഞ്ഞിനു ജന്മം നല്‍കാനുള്ള ശ്രമം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മുന്‍പ് 10 വട്ടം നടന്നിട്ടുണ്ടെങ്കിലും വിജയകരമായില്ല. 11ാം ശ്രമമാണു സാവോ പോളോയില്‍ വിജയം കണ്ടത്.

മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നു മരിച്ച നാല്‍പ്പത്തഞ്ചുകാരിയുടെ ഗര്‍ഭപാത്രമാണ് ജന്മനാ ഗര്‍ഭപാത്രമില്ലാതിരുന്ന മുപ്പത്തിരണ്ടുകാരിയില്‍ വച്ചുപിടിപ്പിച്ചത്. 2016 സെപ്റ്റംബറില്‍ നടന്ന ശസ്ത്രക്രിയ പത്തര മണിക്കൂര്‍ നീണ്ടതായിരുന്നു. സ്വീകര്‍ത്താവില്‍ ഗര്‍ഭപാത്രത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ഉറപ്പാക്കി 7 മാസങ്ങള്‍ക്കു ശേഷം ഭ്രൂണം നിക്ഷേപിച്ചു.

35 ആഴ്ചയും 3 ദിവസവും പിന്നിട്ടപ്പോള്‍ സിസേറിയനിലൂടെ യുവതി രണ്ടര കിലോഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നുവെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബ്രസീലിലെ സാവോ പോളോ സര്‍വകലാശാല ആശുപത്രി അധികൃതര്‍ പറഞ്ഞു. സിസേറിയനു ശേഷം മാറ്റിവയ്ക്കപ്പെട്ട ഗര്‍ഭപാത്രം നീക്കം ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രസവം. കുഞ്ഞിന് ഒരു വയസ്സു തികയുന്ന വേളയിലാണ് ഗവേഷകര്‍ വിവരം പുറത്തുവിട്ടത്.

ജീവിച്ചിരിക്കുന്നവരുടെ ഗര്‍ഭപാത്രം സ്വീകരിച്ച 39 സംഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടുണ്ട്. 2013ല്‍ സ്വീഡനിലായിരുന്നു ഇത്തരത്തിലുള്ള ആദ്യ കുഞ്ഞു ജനിച്ചത്. ദാതാവില്‍നിന്നു സ്വീകരിച്ച ഗര്‍ഭപാത്രം വഴി ഇതുവരെ 11 കുട്ടികള്‍ ജനിച്ചു.