Tuesday
21 Aug 2018

സൗദിയില്‍ ലോകത്തെ ഏറ്റവും പഴക്കമേറിയ പാദമുദ്ര കണ്ടെത്തി

By: Web Desk | Wednesday 16 May 2018 9:31 AM IST

നെഫൂദ് മരുഭൂമിയിലെ ശിലാപാളികളില്‍ കണ്ട പാദമുദ്രകള്‍

പ്രത്യേകലേഖകന്‍

റിയാദ്: ലോകത്തെ മനുഷ്യന്‍റെ ഏറ്റവും പഴക്കമേറിയ പാദമുദ്ര സൗദിഅറേബ്യയില്‍ നെഫൂദ് മരുഭൂമിയിലെ ശിലാപാളികളില്‍ കണ്ടെത്തി. ഈ കാല്‍പാടുകള്‍ക്ക് 85,000 വര്‍ഷം പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. ഒരു മാസം മുമ്പ് ഈ പ്രദേശത്തുനിന്നും 80,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ നടുവിരലിലെ അസ്ഥിയും കണ്ടെത്തിയിരുന്നു.
ദേശീയപൈതൃകങ്ങളുടേയും വിനോദസഞ്ചാരത്തിന്റെയും സൗദി കമ്മിഷന്‍ അധ്യക്ഷന്‍ കൂടിയായ കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുഗങ്ങളായി സൗദിയില്‍ നിലവിലുണ്ടായിരുന്ന വ്യാപാരപാതകളേയും നഷ്ടസംസ്‌കൃതികളേയും കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ ഈ മരുഭൂമിയില്‍ ഒരിക്കല്‍ ഐശ്വര്യപൂര്‍ണമായ ഒരു കാര്‍ഷിക സംസ്‌കൃതി തഴച്ചുവളര്‍ന്നിരുന്നതായി കരുതുന്നു. തൈമയില്‍ നിന്നാണ് മനുഷ്യാസ്ഥി കണ്ടെത്തിയത്. മനുഷ്യവാസവും കൃഷിയുമുണ്ടായിരുന്ന നെഫുദ് ഒരു വരണ്ട മരുഭൂമിയാകുന്നതിന് മുമ്പ് ഇവിടെ ജലസേചനത്തിനുതകുന്ന ഒരു വന്‍ തടാകമുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. കാലികളടക്കം ഇവിടെ മേഞ്ഞുനടന്നിരുന്നതായും സൂചനയുണ്ട്. ആഫ്രിക്കയില്‍ നിന്നും മനുഷ്യരും മൃഗങ്ങളും അന്ന് ജലസമൃദ്ധവും ഫലഭൂയിഷ്ടവുമായ ഈ പ്രദേശത്തേയ്ക്ക് കുടിയേറിയിരിക്കാമെന്നാണ് സൗദി ജിയോളജിക്കല്‍ സര്‍വേയിലേയും കിങ് സൗദ്, ഓക്‌സ്‌ഫോര്‍ഡ്, ആസ്‌ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റികളിലേയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് വെളിവാകുന്നത്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുണ്ടായ കാലാവസ്ഥാ വ്യതിയാനത്തില്‍ ഒരു കാര്‍ഷിക സംസ്‌കൃതി മണ്ണടിഞ്ഞ് മരുഭൂവല്‍ക്കരണം ഉണ്ടായതെങ്ങനെയെന്ന പഠനങ്ങള്‍ ഇവിടെ തുടരുന്നുണ്ട്.

Related News