Saturday
16 Dec 2017

വണ്ടുകളും ഈച്ചകളും ഇനി കുറ്റാന്വേഷകര്‍

By: Web Desk | Tuesday 5 December 2017 7:26 PM IST

 കുറ്റാന്വേഷകപദവിയിലേക്ക് ഉയരുന്ന മണിയനീച്ചകളും വണ്ടുകളും

കെ രംഗനാഥ്

അബുദാബി: കുറ്റവാളികളെ കണ്ടുപിടിക്കാന്‍ വിരലടയാളത്തിനും ഡിഎന്‍എ പരിശോധനയ്ക്കും പിന്നാലെ പോകുന്നത് ഇനി പഴഞ്ചന്‍ കഥ. കുറ്റാന്വേഷകരായി വണ്ടുകളെയും ഈച്ചകളെയും കൂട്ടുപിടിക്കുന്ന കാലമായി.
അബുദാബി പൊലീസും ഖലീഫ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് കുറ്റകൃത്യം നടന്ന സ്ഥലത്തെ വണ്ടുകളെയും ഈച്ചകളെയും കുറ്റാന്വേഷണത്തിന് ഉപയോഗിക്കുന്ന നൂതനസാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഈ കുറ്റാന്വേഷണത്തിന് ഫോറന്‍സിക് കീടശാസ്ത്രം എന്ന ഒരു ശാഖതന്നെയുണ്ടായിരിക്കുന്നുവെന്ന് അബുദാബി പൊലീസിലെ ക്രിമിനല്‍ ജീവശാസ്ത്ര വിദഗ്ധനായ ക്യാപ്റ്റന്‍ സയീദ് അല്‍ നുഐമി ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ ‘ജനയുഗ’ത്തോട് വെളിപ്പെടുത്തി.


കുറ്റകൃത്യത്തിനിരയായി മരണമോ മാരകമായ മുറിവോ ഏറ്റുകിടക്കുന്നയാളുടെയടുത്ത് ആദ്യം പാഞ്ഞെത്തുന്നത് ഇത്തരം വണ്ടുകളും ഈച്ചകളുമാണെന്നാണ് കണ്ടുപിടിത്തം. ഇവരില്‍ മുമ്പന്‍ മണിയനീച്ചകള്‍ എന്നറിയപ്പെടുന്ന ‘ബ്ലോഫ്‌ളൈസ്’ ആണ്. മൃതദേഹം ജീര്‍ണിക്കാന്‍ ബാക്ടീരിയകളും പങ്കുവഹിക്കുന്നു. സംഭവസ്ഥലത്തെ ഈച്ചകളേയും വണ്ടുകളേയും പരിശോധിച്ചാല്‍ മരണം സംഭവിച്ച കൃത്യസമയം നിമിഷങ്ങളടക്കം തിരിച്ചറിയാം. സാധാരണ ഫോറന്‍സിക് പരിശോധനകളെക്കാള്‍ വേഗത്തില്‍ അന്വേഷണദിശയിലേക്ക് നീങ്ങാനും ഈ പ്രാണികള്‍ സഹായിക്കുന്നു. വണ്ടുകളുടേയും ഈച്ചകളുടേയും ആമാശയ സ്രവങ്ങള്‍ പരിശോധിച്ചാല്‍ പരമ്പരാഗത ഫോറന്‍സിക് പരിശോധനകളെ അപേക്ഷിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നടന്ന മരണസമയം കണ്ടെത്താം.
ഒരു മാസം മുമ്പുതന്നെ കൊലയുടെ കൃത്യസമയം തന്നെ ഇതുവഴി കണ്ടെത്താനായെന്നും ക്യാപ്റ്റന്‍ അല്‍ നുഐമി അറിയിച്ചു. മൃതദേഹം ജീര്‍ണിച്ച് ഉണങ്ങിക്കഴിഞ്ഞാലും മണിയനീച്ചകളും ചിലതരം വണ്ടുകളും ജഡം തുരന്ന് ഭക്ഷിക്കാറുണ്ട്. അവയുടെ ആമാശയരസങ്ങളില്‍ നിന്നും മൃതദേഹത്തിന്റെ പഴക്കം നിര്‍ണയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Related News