Monday
17 Dec 2018

മൗനത്തിന്റെ പ്രതിരോധം

By: Web Desk | Sunday 11 March 2018 1:07 AM IST

പ്രദീപ് ചന്ദ്രന്‍

ഭൂരിപക്ഷത്തിന്റെ വെല്ലുവിളികളെ അതിജീവിക്കണമെങ്കില്‍ വലിയ പിന്‍ബലം വേണം. ഞാന്‍ ഒരു വ്യക്തി മാത്രമാണ്. വലിയൊരു ആള്‍ക്കൂട്ടത്തെ ഒറ്റക്ക് എനിക്ക് എങ്ങനെ നേരിടാന്‍ കഴിയും? അതോടെയാണ് പ്രതിരോധത്തിന് മൗനത്തെ ആയുധമാക്കാന്‍ ഞാന്‍ തീരുമാനിച്ചത്

ണിക്കാര്‍ക്ക് അവരുടെ അദ്ധ്വാനത്തിന്റെ കൂലി ലഭിക്കുന്നത് വര്‍ഷാവസാനമാണ്. ആണുങ്ങള്‍ക്ക് രണ്ടോ മൂന്നോ കുട്ട ധാന്യം ലഭിക്കും. പെണ്ണുങ്ങള്‍ക്ക് വേറെ തന്നെയാണ് കൂലി നല്‍കുന്നത്. ധാന്യം ഒരിക്കലും അവരുടെ ആവശ്യങ്ങള്‍ക്ക് തികയാറില്ല. എന്നിട്ടും ഗൗണ്ടറുടെ കൃഷിയിടത്തില്‍ പണിയെടുക്കാന്‍ ചക്കിലിയന്‍മാര്‍ പരസ്പരം മത്സരിക്കുന്നു. അവരിലൊരാള്‍ പണിയെടുക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അയാളുടെ ഇടം തട്ടിയെടുക്കാന്‍ മറ്റൊരാളുണ്ടാകുമെന്ന് അവര്‍ക്കറിയാം”… (കീഴാളന്‍)

അട്ടപ്പാടി അഗളി മുക്കാലി ചിണ്ടക്കി ഊരിലെ ആദിവാസികള്‍ക്ക് സമാനമായിരുന്നു പെരുമാളിന്റെ ജീവിതവും. തമ്പുരാന്‍മാര്‍ കല്‍പ്പിക്കും. അടിമകള്‍ മാത്രമായിരുന്നു തിരുച്ചങ്കോട്ടെ കീഴാളന്‍മാര്‍. കൃഷിയില്‍ പരാജയം സംഭവിച്ചപ്പോള്‍ ജീവിക്കാന്‍ സമീപത്തെ സിനിമാ ടാക്കീസില്‍ സോഡ വില്‍പ്പന തുടങ്ങി. സോഡ കുടിക്കാന്‍ പതിവായി എത്തിയിരുന്ന ഗ്രാമത്തിലെ അദ്ധ്യാപകനായിരുന്നു പെരുമാളിന്റെ ആരാധ്യപുരുഷന്‍. അങ്ങിനെയാണ് മകന്‍ മുരുകനെ അധ്യാപകനാക്കാന്‍ പെരുമാള്‍ ഉറച്ചത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മിടുക്കനായ മുരുകന് ആദ്യമായി പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടുന്നത്. അച്ഛനാണ് റിപ്പോര്‍ട്ടില്‍ ഒപ്പിടേണ്ടത്. കൈവിരല്‍ പതിച്ചാലും മതിയാകും. പക്ഷേ മുരുകന്റെ അഭിമാനം അതിന് അനുവദിച്ചിരുന്നില്ല. മുരുകന്‍ എന്ന മകന്‍, പെരുമാള്‍ എന്ന പിതാവിനെ അക്ഷരം എഴുതാന്‍ പഠിപ്പിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ‘പെരുമാള്‍’ എന്ന് എഴുതാന്‍ ആ പിതാവിന് കഴിഞ്ഞു. അവിടെ തുടങ്ങുന്നു പെരുമാള്‍ മുരുകന്റെ ജീവിതവും പോരാട്ടവും കലാപവും പ്രതിഷേധവും.

ഗ്രാമത്തില്‍ വളര്‍ന്ന എനിക്ക് ആടുമാടുകളെ മേയ്ക്കുന്ന കീഴാളരുടെ ജീവിതത്തെ തൊട്ടുമാത്രമേ എഴുതാനാകുമായിരുന്നുള്ളു. എണ്‍പതുകളില്‍ പെരിയാരുടെ തത്വസംഹിതകളെ മുന്‍നിര്‍ത്തിയാണ് തഞ്ചാവൂരില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കുന്നത്. തൊണ്ണൂറുകളില്‍ ജാതി വ്യവസ്ഥയ്‌ക്കെതിരായി അംബേദ്കറുടെ പോരാട്ടത്തില്‍ ആകൃഷ്ടരായി ദളിത് മൂവ്‌മെന്റും ഉടലെടുത്തു. ഇന്നും ദളിതര്‍ അവഗണനയിലും കഷ്ടപ്പാടിലുമാണ് കഴിയുന്നത്. അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകണമെങ്കില്‍ അധികാരത്തിലെത്തുകയോ, അല്ലെങ്കില്‍ അധികാരവര്‍ഗത്തെ നിയന്ത്രിക്കാനോ കഴിയണം. തമിഴ്‌നാട്ടിലെങ്കിലും ഉയര്‍ന്ന ജാതിക്കാര്‍ ഒരിക്കലും താഴേക്ക് പോയിട്ടില്ല. തൂപ്പ് ജോലിക്കോ തോട്ടിപ്പണിക്കോ ബ്രാഹ്മണര്‍ പോകുന്നുണ്ടോ? അതെല്ലാം ദളിതരാണ് ചെയ്യുന്നത്. പ്രായമായ ഒരു കീഴാള ജാതിക്കാരനെ ‘ഡേയ് എന്ന് ഒരു കൊച്ചുകുട്ടി പോലും സംബോധന ചെയ്യുന്ന സ്ഥിതിക്ക് മാറ്റമുണ്ടായത് ദളിത് ശാക്തീകരണം കൊണ്ടുതന്നെയാണ്. കീഴാളരുടെ ഉന്നമനത്തിന് അവരെ അധികാരത്തിലേക്ക് അടുപ്പിക്കുന്നതിനും ദളിത് മൂവ്‌മെന്റ് വളരെയധികം സഹായകരമായി എന്ന് പറയാന്‍ കഴിയും.
ഈറോഡിലും കോയമ്പത്തൂരിലുമായിരുന്നു മുരുകന്റെ പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കി. തമിഴ്‌നാടിന്റെ തെക്കന്‍മേഖലയായ കൊംഗുനാടിന്റെ ഭാഗമായിരുന്നു തിരുച്ചങ്കോടം. ഈ പ്രദേശത്തെ ഭാഷയുടെ പ്രത്യേകതകളെയും നാടോടിക്കഥകളെയും അവലംബിച്ചായിരുന്നു ഡോക്ടറേറ്റ്. നാമക്കല്‍ ഗവ. ആര്‍ട്‌സ് കോളജില്‍ അദ്ധ്യാപകനായിരിക്കുമ്പോഴാണ് ‘അര്‍ദ്ധനാരീശ്വരന്‍’ (മാധോരു ഭാഗന്‍) എഴുതുന്നതും വിവാദമാകുന്നതും. വര്‍ഗീയ കോമരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാമക്കലില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നു. സന്ധിക്കൊടുവില്‍ എഴുത്ത് തന്നെ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് എഴുത്തിലേക്ക് തിരിച്ചുവരുന്നതുമെല്ലാം ചരിത്രം.

പ്രതിസന്ധിഘട്ടത്തില്‍ കോടതി ഇടപെടലുണ്ടായത് ഏറെ സന്തോഷം പകര്‍ന്നു. എഴുത്തുകാരന് രചനാസ്വാതന്ത്ര്യം ഉണ്ടെന്നും അവര്‍ക്കുവേണ്ട സംരക്ഷണം നല്‍കണമെന്നുമുള്ള ഉത്തരവിനെ ഒരു സ്വാതന്ത്ര്യപ്രഖ്യാപനമായി ഞാന്‍ നോക്കിക്കാണുന്നു. അക്കാര്യത്തില്‍ മനസ് ആശ്വാസം പൂണ്ടുവെങ്കിലും ഇന്ത്യയെ കുറിച്ച് ഒരു കാലഘട്ടത്തിലും ജനങ്ങള്‍ക്ക് വലിയ സന്തോഷം ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ജാതി, മതം, ഭാഷ എന്നിവയൊക്കെ വലിയ പ്രശ്‌നങ്ങളായി എപ്പോഴും നിലനില്‍ക്കുന്നു. ഇവയൊന്നും പരിഹരിക്കാതെ ജനങ്ങള്‍ സന്തോഷവാന്‍മാരാകുമെന്ന് തോന്നുന്നില്ല. തമിഴ്‌നാട് രാഷ്ട്രീയം പോപ്പുലര്‍ കള്‍ച്ചറില്‍ നിന്ന് ഉടലെടുത്തതാണ്, അത് ജയലളിത ആയാലും കമല്‍ഹാസനായാലും. യുപിയില്‍ മായാവതി അധികാരത്തില്‍ വന്നപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍പുണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ വരുത്താനായി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇടയ്ക്കിടെ അധികാരത്തില്‍ വരുന്നെങ്കിലും സോവ്യറ്റ് റഷ്യ പോലെയോ ക്യൂബ പോലെയോ നാടിനെ മാറ്റി മറിക്കാനായില്ലല്ലോ? എങ്കിലും ഇവയൊക്കെ സമൂഹമുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ വെല്ലുവിളികളെ നേരിടുകയാണിപ്പോള്‍. വര്‍ഗീയ ഫാസിസത്തെ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. സാമൂഹ്യ മുന്നേറ്റത്തിലൂടെയേ പ്രതിസന്ധി മറികടക്കാനാകൂ.

ജാതിഭ്രഷ്ടും പട്ടിണിപ്പാവങ്ങള്‍ നേരിടേണ്ടിവരുന്ന അവഗണനയും സമൂഹത്തില്‍ നടമാടിയിരുന്ന അനാചാരങ്ങളുമായിരുന്നു പെരുമാള്‍ മുരുകന്റെ മിക്ക കൃതികളിലെയും ഇതിവൃത്തം. 2010ലാണ് അര്‍ദ്ധനാരീശ്വരന്‍ എഴുതിയതെങ്കിലും വിവാദമാകുന്നത് 2014ലാണ്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി പുസ്തകത്തിന്റെ കോപ്പികള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനാകുന്നു. 2015 ജനുവരിയിലാണ് എഴുത്ത് നിര്‍ത്തുന്നുവെന്ന പ്രഖ്യാപനം ഉണ്ടാകുന്നത്. ‘പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. ദൈവമല്ലാത്തതിനാല്‍ ഇനി പുനര്‍ജ്ജനി ഉണ്ടാകില്ല’- തീരുമാനം അറിയിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി പ്രശ്‌നത്തില്‍ ഇടപെടുകയും എഴുത്തുകാരന്‍ എഴുത്ത് നിര്‍ത്താനുണ്ടായ സാഹചര്യം ഭരണഘടനയുടെ 19(1)(എ) വകുപ്പിന്റെ ലംഘനമാണെന്ന് കണ്ടെത്തുകയും ചെയ്തു. എഴുത്തുകാരന് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ മുന്‍ തീരുമാനം പിന്‍വലിക്കുകയും എഴുത്തില്‍ വീണ്ടും സജീവമാകുകയും ചെയ്തു.
ഒരാളുടെ എഴുത്തിനെ എതിര്‍ത്ത് സംസാരിക്കാം. പക്ഷേ എഴുതരുതെന്ന് ഒരിക്കലും പറയരുത്. സമൂഹത്തെപ്പറ്റി നല്ല കാഴ്ചപ്പാട് ഉള്ളയാള്‍ക്ക് മാത്രമേ നല്ല എഴുത്തുകാരനാകാന്‍ കഴിയൂ. റഷ്യയിലെ കര്‍ഷകരെകുറിച്ചും കര്‍ഷകതൊഴിലാൡകളെക്കുറിച്ചും രാഷ്ട്രീയക്കാരേക്കാള്‍ കൂടുതല്‍ അവഗാഹം ടോള്‍സ്റ്റോയിക്ക് ഉണ്ടായിരുന്നു. ലെനിന്റെ കുറിപ്പുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തമിഴില്‍ ലാസാ രാമ എന്ന എഴുത്തുകാരന്‍ കൂട്ടുകുടുംബവ്യവസ്ഥിതിയെപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട്. നല്ല കാഴ്ചപ്പാടും വീക്ഷണഗതിയും ഉള്ളവര്‍ക്കേ ഇത് സാധ്യമാകൂ. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. മതമാണ് സമൂഹത്തെ ദുഷിപ്പിക്കുന്നതെന്നായിരുന്നു പെരിയാരുടെ അഭിപ്രായം. രാഷ്ട്രീയത്തിന് മുകളില്‍ മതം വരുന്നത് അഭികാമ്യമല്ല. എന്നാല്‍ എല്ലാ കാലത്തും സംഭവിക്കുന്നത് ഇതിന് നേര്‍ വിപരീതമായ കാര്യങ്ങളാണ്. മതത്തെ ഉപയോഗിച്ചാണ് മിക്കവരും അധികാരത്തിലെത്തുന്നത്. അതുകൊണ്ട് സര്‍ക്കാരുകളുടെ മേല്‍ മതം സ്വാധീനം ചെലുത്തുന്നത് തടയാന്‍ കഴിയുന്നുമില്ല.

നാമക്കലില്‍ നിന്ന് വീടുവിട്ടിറങ്ങേണ്ടിവന്ന പെരുമാള്‍ മുരുകന്‍ പിന്നീട് ആത്തൂര്‍ ഗവ. കോളജില്‍ അദ്ധ്യാപനം തുടര്‍ന്നു. ചെന്നൈയിലെ പ്രസിഡന്‍സി കോളജിലും കുറച്ചുനാള്‍ ജോലി ചെയ്തു. പത്ത് നോവലുകള്‍ക്ക് പുറമെ നിരവധി ചെറുകഥാ സമാഹാരങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ കൃതികള്‍ മിക്ക ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, ജര്‍മ്മന്‍ ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടു. കന്നഡയിലേക്ക് രണ്ട് നോവലുകള്‍ വിവര്‍ത്തനം ചെയ്തത് ഗൗരിലങ്കേഷാണ്. ‘നിഴല്‍മുട്രത്ത് നിനൈവുകള്‍’ പെരുമാള്‍ മുരുകന്റെ ആത്മകഥയാണ്.
എഴുത്തുകാരന് എഴുതാനേ കഴിയൂ. ഒരു പോരാളിയാകാന്‍ കഴിയില്ല. എഴുത്ത് തന്നെയാണ് എഴുത്തുകാരന്റ പോരാട്ടം. സാമൂഹ്യബോധത്തോടെയുള്ള എഴുത്തുകളേ ഉത്തമസാഹിത്യമാകൂ. ഇത്തരം സൃഷ്ടികളെ മാത്രമേ വായനക്കാരന്‍ വിലമതിക്കൂ. ഏത് കൃതികളുടെ സാരാംശമാണ് തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തേണ്ടതെന്ന് വായനക്കാരന്‍ വിവേകപൂര്‍വ്വം തീരുമാനിക്കും. ഇരുപതാംനൂറ്റാണ്ടില്‍ എത്രയോ നോവലുകള്‍ ഇവിടെ പിറവികൊണ്ടു. ഇവയില്‍ നിലനില്‍ക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാര്‍ സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ എഴുതിക്കൊണ്ടേ ഇരിക്കും. എഴുത്തു നിര്‍ത്തിയപ്പോള്‍ വലിയ വിമ്മിഷ്ടമായിരുന്നു. മൗനവ്രതം അനുഷ്ഠിച്ച ആ കാലയളവില്‍ ഞാന്‍ 200ഓളം കവിതകള്‍ എഴുതി. ‘സോംഗ്‌സ് ഓഫ് എ കവേര്‍ഡ്’ (ഭീരുവിന്റെ പാട്ടുകള്‍) എന്നാണ് അതിന് പേരിട്ടത്. ഇതിനൊക്കെ ഫലമുണ്ടായി എന്നാണ് ഞാന്‍ കരുതുന്നത്. ഒരു ദളിതന്റെ ആത്മഹത്യപോലും സമൂഹത്തിനോടുള്ള പ്രതിഷേധസൂചകമാണ് എന്ന കാഴ്ചപ്പാട് ഇപ്പോള്‍ പിറവികൊള്ളുന്നുണ്ട്. എഴുത്ത് നിര്‍ത്തിയ കാലയളവില്‍ കുടുംബവുമായി കൂടുതല്‍ സമയം ചിലവഴിച്ചു. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനായി. കൃഷിയിലും ശ്രദ്ധ പതിപ്പിക്കാനായി. ഇതൊക്കെയാണെങ്കിലും എന്റെ മനസ് ഞെരിപിരികൊള്ളുകയായിരുന്നു. അത് തരണം ചെയ്യാനാണ് ഞാന്‍ കവിത എഴുതിയത്.

നിരനിരയായി പനകള്‍ വളര്‍ന്നുനില്‍ക്കുന്ന തിരുച്ചങ്കോട്ടെ കൂത്തപ്പള്ളി ഗ്രാമമാണ് പെരുമാള്‍ മുരുകനിലെ എഴുത്തിനെ സജീവമാക്കിയത്. ചോളവും കപ്പലണ്ടിയും വിളയുന്ന പാടങ്ങളില്‍ മണ്ണിനോട് മല്ലിടുന്ന മനുഷ്യരെയാണ് തന്റെ കഥകളിലെ നായകനും നായികയുമാക്കിയത്. ഭാര്യ ഏഴിലരശിയും അദ്ധ്യാപികയാണ്. ഹോമിയോ ഡോക്ടറാണ് മകള്‍ ഇളംപിറൈ. മകന്‍ ഇളംപരിധി ചെന്നൈയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നു. എഴുത്തിലൂടെ പ്രതിരോധം തീര്‍ക്കുമ്പോള്‍ തന്നെ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും പെരുമാള്‍ മുരുകന്‍ മറക്കാറില്ല. 2012ല്‍ മാതാവ് മരിച്ചപ്പോള്‍ ഗൗണ്ടര്‍ സമുദായാംഗങ്ങള്‍ക്കുള്ള ശ്മശാനത്തില്‍ ദഹിപ്പിക്കുന്നതിനുപകരം മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ കൊണ്ടുപോയപ്പോള്‍ സ്വന്തം സമുദായത്തില്‍പ്പെട്ടവരുടെ പോലും നെറ്റി ചുളിഞ്ഞു.
വിവാദത്തെ എനിക്ക് ഭയമില്ല. സര്‍ക്കാര്‍ ജീവനക്കാരനായതുകൊണ്ട് രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. ഇപ്പോഴും എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എങ്കിലും മുന്‍പ് എഴുതിയിരുന്നതു പോലെ എഴുതാന്‍ കഴിയുമോ എന്ന ആശങ്കയുണ്ട്. വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ ലെനിനിസ്റ്റ് ആശയപ്രചരണത്തില്‍ സജീവമായിരുന്നു. ഇപ്പോള്‍ എഴുത്താണ് എന്റെ ആക്ടിവിസം- പെരുമാള്‍ മുരുകന്‍ പറഞ്ഞുനിര്‍ത്തി.

ഉണങ്ങിയ പനയോലകളില്‍ നിന്ന് മര്‍മ്മരശബ്ദം പുറപ്പെടുവിച്ചുകൊണ്ട് കാറ്റ് അപ്പോഴും വീശിക്കൊണ്ടിരുന്നു. അത് എപ്പോഴും കരിയിലകളെ തലങ്ങും വിലങ്ങും പരത്തുന്നുണ്ട്. കുലയ്യന്‍ കണ്ണുകള്‍ അടക്കുകയും അവന് ചുറ്റുമുള്ള വ്യത്യസ്തങ്ങളായ പനകളെക്കുറിച്ച് ഓര്‍ക്കുകയും ചെയ്തു. അവയിലോരോന്നിനെയും ഒരു ചങ്ങാതിയെപ്പോലെ അവനറിയാം. ഓരോന്നിന്റെയും കായയുടെ രുചിയും അവനറിയാം. ആ പനകള്‍ പൂക്കുന്നത് എപ്പോഴാണെന്നും കായ്ക്കുന്നതും എപ്പോഴാണെന്നും അവനറിയാം. പ്രായം ചെന്ന മരം കയറ്റക്കാരനായ കണ്ടമൂപ്പനുപോലും ആ പനയെ അത്രയും നന്നായി അറിയില്ല…