Monday
22 Oct 2018

എഴുത്തുവഴിയിലെ ഏകാന്ത പഥികന്‍എഴുത്തുവഴിയിലെ ഏകാന്ത പഥികന്‍

By: Web Desk | Sunday 24 December 2017 1:08 AM IST

മാണി കെ ചെന്താപ്പൂര്

ഇരുപതു പതിപ്പുകളിലായി ഒരുലക്ഷത്തിലധികം കോപ്പികള്‍ വിറ്റ്, പ്രസിദ്ധീകരണ ചരിത്രത്തില്‍ ഒരു തനതു സ്ഥാനം സൃഷ്ടിച്ച ‘കൃഷ്ണായനം’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് തുളസി കോട്ടുക്കല്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച കൃഷ്ണകഥാഗ്രന്ഥമാണ് കൃഷ്ണായനം. അന്താരാഷ്ട്ര പുസ്തകമേളയില്‍ മികച്ച ഗ്രന്ഥത്തിന് അവാര്‍ഡ് നേടിയ കൃതിയായിരുന്നു അത്. സ്മൃതി അവാര്‍ഡ്, ജന്മാഷ്ടമി പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു. ‘കൃഷ്ണായനത്തിന്റെ ഉണര്‍വ് ആസ്വാദകന്റെ ഹൃദയതടത്തിലാണെന്ന്’ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നത് ആ കൃതിയെ സംബന്ധിച്ച് സത്യം തന്നെ. ഗര്‍ഗഭാഗവതം അടക്കം ശ്രീകൃഷ്ണകഥകള്‍ മുഴുവന്‍ പഠിച്ചതിന്റെ പരിണിതഫലവുമാണ് കൃഷ്ണായനം എന്നു വ്യക്തം. തുളസി കോട്ടുക്കല്‍ കൊല്ലം ജില്ലയില്‍ അഞ്ചലിനടുത്ത് കോട്ടുക്കല്‍ എന്ന സ്ഥലത്ത് ജനിച്ചു. കോട്ടുക്കല്‍, അഞ്ചല്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1979ല്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.

2006ല്‍ വിരമിച്ചു. കേരളസര്‍ക്കാരിന്റെ പാഠപുസ്തക സമിതി അംഗമായി പത്തുവര്‍ഷം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്കുവേണ്ടി പിസിഎം പുറത്തിറക്കുന്ന മലയാളപാഠാവലിയുടെ ചീഫ് എഡിറ്റര്‍. മലയാളം, സംസ്‌കൃതം എന്നീ ഭാഷകളില്‍ പണ്ഡിതന്‍. നന്നേ ചെറിയകാലത്തുതന്നെ എഴുത്തില്‍ പ്രവേശിച്ച തുളസി കോട്ടുക്കലിന്റെ ആദ്യത്തെ കഥ-മുമ്പേപറക്കുന്ന പക്ഷികള്‍-മലയാളമനോരമയില്‍ പതിന്നാലാമത്തെ വയസ്സില്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ എല്ലാ ആനുകാലികങ്ങളിലും കഥകള്‍ എഴുതിയിട്ടുണ്ട്. വ്യാസനിര്‍മിതമായ ‘മഹാഭാരതം’, ‘ഹരിശ്രീ മഹാഭാരതം’ 12 വാള്യങ്ങളായി കുട്ടികള്‍ക്കുവേണ്ടി എഴുതിക്കൊണ്ടാണ് പുസ്തകരചനാരംഗത്തേക്ക് പ്രവേശിച്ചത്. തുളസി കോട്ടുക്കലിന്റെ അതുല്യമായ പ്രതിഭയും ശ്രമവും വ്യക്തമാകുന്നത് ഋഗ്വേദം (ഗദ്യം) എന്ന ഗ്രന്ഥത്തിലൂടെയാണ്. വേദസാഹിത്യത്തിന്റെ അമൂല്യഗ്രന്ഥമായ ഋഗ്വേദത്തെ പരിപൂര്‍ണമായും ഗദ്യരൂപത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. ഏഴ് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥം ഏറെ വായിക്കപ്പെടുന്നു. 3400 പേജ് ഉള്ള ഈ പുസ്തകം പതിന്നാലുവര്‍ഷം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ‘എഴുത്തുകാരന്റെ ദര്‍ശനം’, ‘കാവ്യശൈലി എഴുത്തച്ഛന്‍ കൃതികളില്‍’ എന്നീ പ്രബന്ധങ്ങള്‍ക്ക് കേരളസാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ അവാര്‍ഡ് ലഭിച്ചു.

ഒരു വിഭാഗത്തില്‍ രണ്ട് പ്രാവശ്യം തുഞ്ചന്‍ അവാര്‍ഡ് ലഭിച്ച ഏക വ്യക്തിയാണ് തുളസി കോട്ടുക്കല്‍. അദ്ധ്യാത്മരാമായണം, മഹാഭാരതം എന്നിവയ്ക്കു പുറമെ ഹരിനാമകീര്‍ത്തനം എന്ന കൃതിയേയും ആസ്പദമാക്കിയാണ് ‘എഴുത്തച്ഛന്റെ ദര്‍ശനം’ എന്താണെന്ന് തുളസി കോട്ടുക്കല്‍ തെളിയിച്ചത്. അക്കാദമി തന്നെ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദാത്തമായ എഴുത്തച്ഛന്റെ രചനാശൈലിയെക്കുറിച്ച് ആധുനിക ശൈലീവിചാരത്തില്‍ പഠിക്കുന്ന പ്രബന്ധമാണ് ‘കാവ്യശൈലി എഴുത്തച്ഛന്‍ കൃതികളില്‍’. ‘ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം’, ‘ശ്രീനാരായണഗുരുവും ക്ഷേത്രപ്രതിഷ്ഠകളും’, ‘ശ്രീനാരായണഗുരുവിന്റെ സാഹിത്യരചനകള്‍’ തുടങ്ങി ഗുരുദേവനെക്കുറിച്ച് പതിനഞ്ചോളം പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അഴീക്കോട് സപ്തതി അവാര്‍ഡ് നേടിയ ‘അഴീക്കോടിന്റെ നിരൂപണം’ കുഞ്ചന്‍ സ്മാരക അവാര്‍ഡു നേടിയ ‘കുഞ്ചന്‍നമ്പ്യാര്‍ കണ്ട കേരളം’ ശ്രീനാരായണീയര്‍ അവാര്‍ഡു നേടിയ ‘ശ്രീനാരായണീയവും ഭക്തിയും’ തുടങ്ങി 250ഓളം പ്രബന്ധങ്ങളുടെ കര്‍ത്താവാണ് തുളസികോട്ടുക്കല്‍. ഉപന്യാസമേഖലയ്ക്ക് കോട്ടുക്കലിന്റെ സംഭാവന ശ്രദ്ധേയമാണ്. ‘നൂറ്റിപതിനൊന്ന് ഉപന്യാസങ്ങള്‍’, ‘അറിവ്’, ’51 ഉപന്യാസങ്ങള്‍’ എന്നിവ വളരെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്. എഴുപത്തിയൊന്നു നവീന ഉപന്യാസങ്ങള്‍ എന്ന പുസ്തകത്തിന്റെ രചനയിലാണ് ഇപ്പോള്‍.