Friday
14 Dec 2018

എക്‌സ് 1 നോട്ടുമായി കോമിയോ കേരള വിപണിയില്‍

By: Web Desk | Wednesday 30 May 2018 5:06 PM IST

കൊച്ചി: എക്‌സ് 1 നോട്ടുമായി കോമിയോ സ്മാര്‍ട്ട്‌ഫോണ്‍ ദക്ഷിണേന്ത്യന്‍ വിപണിയിലേക്കും. കോമിയോയുടെ ഫ്ലാഗ് ഷിപ്പ് ഫോണാണ് എക്‌സ് 1 നോട്ട്. 9,999 രൂപ വിലയുള്ള ഫോണ്‍ ആദ്യം അവതരിപ്പിച്ചത് പശ്ചിമ ഇന്ത്യയിലും, വടക്കുകിഴക്കന്‍ മേഖലകളിലുമാണ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ക്രിക്കറ്റ് താരം ബേസില്‍ തമ്പി ഫോണ്‍ പുറത്തിറക്കി. സി ഇ ഒ സഞ്ജയ് കലിറോണ, ജനറല്‍ മാനേജര്‍ സുജിത് രാവിവേത് എന്നിവര്‍ പങ്കെടുത്തു. എക്‌സ് 1 നോട്ട് ഉള്‍പ്പെടെ 5000 ത്തിനും 1000 ത്തിനും മധ്യേ വിലയുള്ള അഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ കോമിയോയ്ക്കുണ്ട്. സി1, പി1, സി2 ലൈറ്റ്, എസ്1 ലൈറ്റ് എന്നിവയാണ് മറ്റ് മോഡലുകള്‍.

1000 റീട്ടെയിലര്‍മാര്‍, 20 ഡിസ്ട്രിബ്യൂട്ടര്‍മാര്‍, 20 ആഫ്റ്റര്‍ സെയില്‍സ് ടച്ച് പോയിന്റ് എന്നിവയോടെ ശക്തമായ നെറ്റുവര്‍ക്കാണ് കോമിയോക്കുള്ളത്. ഈ വര്‍ഷം തന്നെ കൊച്ചി വിപണിയുടെ 23 ശതമാനം വിപണി വിഹിതം നേടിയെടുക്കുകയും പ്രതിമാസം 10,000 സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുകയും ചെയ്യുക എന്നതാണ് കോമിയോ ലക്ഷ്യമിടുന്നത്. റിലയന്‍സ് ജിയോ ഓഫര്‍, കോമിയോ സ്‌ക്രീന്‍ ബ്രേക്കേജ് വാറന്‍റി എന്നിങ്ങനെ കസ്റ്റമേഴ്‌സിന് മികച്ച ഓഫറുകളോടെയാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.

ഫ്ലാഷുള്ള 13 എംപി + 5 എംപി ഡ്യുവല്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. പോട്രെയിറ്റ്, ബോക്കേ ബ്യൂട്ടി, പനോരമ, സോഷ്യല്‍, നൈറ്റ് മോഡ് തുടങ്ങി ഫോട്ടോഗ്രഫിക്ക് ആവശ്യമായ ഫീച്ചറുകളുമുണ്ട്. 6 ഇഞ്ച് ഫുള്‍ വ്യൂ എഫ്എച്ച്ഡി പ്ലസ് 2.5ഡി കേര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 4ജി വോള്‍ട്ടി ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണില്‍ 1.45 ജിഗാഹേര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രോസസറും 2900 എംഎച്ച് ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകളെ ലക്ഷ്യമിട്ട് 22 പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്ടുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഭാഷയിലുള്ള എഴുത്തുകള്‍ വായിക്കാനും എഴുതാനും ഇത് സഹായകമാകുമെന്നും അധിക്രതര്‍ പറഞ്ഞു

Related News