Saturday
16 Dec 2017

യമുനാ നദീതീരം നശിപ്പിച്ചത് ആര്‍ട് ഓഫ് ലിവിങ്; ഹരിത ട്രൈബ്യൂണല്‍

By: Web Desk | Thursday 7 December 2017 9:38 PM IST

ന്യൂഡല്‍ഹി: സാംസ്‌കാരികോത്സവുമായി ബന്ധപ്പെട്ട് യമുനാ നദീതീരം നശിപ്പിച്ചത് ശ്രീ ശ്രീ രവി ശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങ് തന്നെയെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. എന്നാല്‍ കൂടുതല്‍ പിഴ ചുമത്താന്‍ ട്രൈബ്യൂണല്‍ തയാറായില്ല. നേരത്തെ ട്രൈബ്യൂണല്‍ 5 കോടി രൂപ പിഴ ചുമത്തിയിരുന്നു.
സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഡല്‍ഹി വികസന അതോറിറ്റിയോട് ആര്‍ട് ഓഫ് ലിവിങ്ങ് അടച്ച പിഴ തുകകൊണ്ട് പുനരുദ്ധാരണ പ്രവൃത്തികളുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്. പിഴ തുകയേക്കാള്‍ അധികം ചെലവ് ഇതിനായി വേണ്ടി വന്നാല്‍ ആ ചെലവും ആര്‍ട്ട് ഓഫ് ലിവിങില്‍ നിന്നും ഈടാക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
കോടതി വിധിച്ച 5 കോടി രൂപ പിഴ ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ അടച്ചിരുന്നു. എന്നാല്‍ ഈ തുകക്ക് പ്രവൃത്തികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ആ ചെലവ് ആര് വഹിക്കുമെന്ന് ചോദിച്ചാണ് നഗരസഭാ അധികൃതര്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
സാംസ്‌കാരികോത്സവം യമുനാതീരം പൂര്‍ണമായി നശിപ്പിച്ചെന്ന് വിദഗ്ധസമിതി നേരത്തെ കണ്ടെത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ സമിതി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. തീരം പൂര്‍വസ്ഥിതിയിലേക്ക് മാറ്റുന്നതിനായി 13 കോടി രൂപ ചെലവ് വരുമെന്നും സമിതി കണക്കാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് ഡല്‍ഹിയില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ജീവനകലയുടെ ആഭിമുഖ്യത്തില്‍ യമുനതീരത്ത് ലോക സാംസ്‌കാരികോത്സവം നടത്തിയത്.