Thursday
22 Nov 2018

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമെന്ന് തെളിയിച്ച വര്‍ഷം

By: Web Desk | Saturday 30 December 2017 10:44 PM IST

പുതുവര്‍ഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ നല്ല നാളുകള്‍ സമ്മാനിക്കുമെന്ന് 2017 ലെ സൂചനകള്‍ തെളിയിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി അണ്ടര്‍-17 ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയത് 2017-ലാണ്. ലോക ഫുട്‌ബോള്‍ എന്ന സ്വപ്‌നം ഇന്ത്യന്‍ കളിക്കാര്‍ക്ക് ഒരിക്കലും പ്രാപ്യമല്ലെന്ന ചര്‍ച്ചയെ മാറ്റിമറിച്ചുകൊണ്ടാണ് നമ്മുടെ യുവതാരങ്ങള്‍ വര്‍ധിത വീര്യത്തോടെ പൊരുതിയത്.
കളിച്ച മത്സരങ്ങളിലെല്ലാം അവര്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു എന്നത് സത്യമാണ്. 50 വര്‍ഷം മുമ്പ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ യൗവ്വനകാലത്ത് ഏഷ്യന്‍ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഏതാണ്ട് നാല് നാലര പതിറ്റാണ്ടുകാലത്തെ മരവിപ്പിനുശേഷം നേരിയ ചലനങ്ങള്‍ പ്രകടമായി. ലോക ജനസംഖ്യയിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് കാല്‍പന്തുകളിയില്‍ ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടായതെങ്ങനെയെന്ന് ഫിഫ ഭാരവാഹികളും ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് ഫിഫ പ്രസിഡന്റ് പരസ്യമായി പ്രതികരിച്ചത് ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. റഷ്യയില്‍ നടക്കുന്ന വേള്‍ഡ് കപ്പില്‍ കേവലം മൂന്ന് ലക്ഷത്തി മുപ്പതിനായിരം മാത്രം ജനസംഖ്യയുള്ള ഐസ്‌ലാന്‍ഡ് എന്ന കൊച്ചുരാജ്യത്തിന് പ്രവേശനം ലഭിച്ച വര്‍ഷമാണ് 2017.
ഇന്ത്യന്‍ യുവത്വം അണ്ടര്‍ -17 വേള്‍ഡ് കപ്പിന്റെ മത്സരത്തിനുശേഷം കൂടുതല്‍ കൂടുതല്‍ ആവേശത്തോടെ കളിയില്‍ ശ്രദ്ധവയ്ക്കാന്‍ തുടങ്ങി. ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ശ്രമഫലമായി വേള്‍ഡ് കപ്പ് മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ നിന്നും പത്തുപേരെ ചേര്‍ത്ത് ഇന്ത്യന്‍ ആരോസ് എന്ന ഫുട്‌ബോള്‍ ടീമിന് രൂപംകൊടുത്തു. ഐ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഉള്‍പ്പെടെ പരിചയ സമ്പന്നരായ ഇന്ത്യന്‍ ടീമുകളോടൊപ്പം കുട്ടിപ്പട്ടാളവും മത്സരിച്ചു. അഞ്ച് വിദേശതാരങ്ങളുമായി ടൂര്‍ണമെന്റില്‍ ശക്തരായി നിന്നിരുന്ന ഷില്ലോങ് ലജോങിനെ കാല്‍ ഡസന്‍ ഗോളില്‍ തകര്‍ത്തുവിട്ടുകൊണ്ട് ആരോസ് കരുണകാട്ടി. ചെന്നൈ സിറ്റി എഫ്‌സിയേയും ഇതേസ്‌കോറിന് തകര്‍ത്തുവിട്ടിരുന്നു. കരുത്തരായ മോഹന്‍ ബഗാനെ സമനിലയില്‍ കുരുക്കിയ ആരോസ് കളിക്കാര്‍ ബഗാന്‍ ആരാധകരുടെ ആദരവും ഏറ്റുവാങ്ങിയാണ് കളംവിട്ടത്. ഐ ലീഗില്‍ ആരോസ് ഇപ്പോള്‍ ആറാം സ്ഥാനത്താണ്.
ലോക നിലവാരത്തിലുള്ള കളിക്കാരോട് പതര്‍ച്ചയില്ലാതെ കളിക്കാനും കളിയില്‍ ആധിപത്യം പുലര്‍ത്താനും 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് കഴിഞ്ഞത് നിസാര കാര്യമല്ല. മികച്ച പരിശീലനം ഉണ്ടായാല്‍ ഇന്ത്യക്കാര്‍ക്കും ലോക നിലവാരത്തിലുള്ള കളിക്കാരുമായി കളിക്കാനും ജയിക്കാനും കഴിയുമെന്നതിന്റെ ഉദാഹരണമാണ് ആരോസിന്റെ ഈ വിജയം.
ടൂര്‍ണമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ ജിതേന്ദ്രസിങ് ഭാവിയില്‍ നാടിനൊരു വലിയ വാഗ്ദാനമാണ്. 16 വയസും ആറ് മാസവും 13 ദിവസവും പ്രായമുള്ള ജിതേന്ദ്ര സ്‌കോറിങില്‍ കാണിച്ച മിടുക്ക് അസാധാരണമാണ്. പ്രായവും ശാരീരികക്ഷമതയും കളിപരിചയവും ഫുട്‌ബോളില്‍ ഒരു വലിയ ഘടകമാണ്. അണ്ടര്‍ -15 മുതല്‍ 19 വരെയുള്ളവര്‍ക്ക് പ്രത്യേക പ്രത്യേക ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ ഒരുപാട് കളിക്കാരുമായി കളിച്ചുജയിച്ച വലിയ കളിക്കാരുടെ മുന്നില്‍ കൊച്ചുപിള്ളേര്‍ക്കും കളിച്ചുജയിക്കാന്‍ കഴിയുമെന്ന് ഈ മത്സരങ്ങള്‍ തെളിയിച്ചു. ലജോങുമായുള്ള കളിയില്‍ നോഗ് ധാംബ്‌നവോറം എന്ന കളിക്കാരന്‍ ആറ് കളിക്കാരെ വെട്ടിച്ചുകൊണ്ടാണ് ഗോള്‍പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചത്. അതില്‍ മൂന്നുപേരും പരിചയസമ്പന്നരായ വിദേശതാരങ്ങളായിരുന്നു. മലയാളത്തിന് പ്രാതിനിധ്യമുള്ള കെ പി രാഹുല്‍ നേടിയ ഗോളും എടുത്തുപറയേണ്ടതാണ്.
അടുത്ത മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ രണ്ട് പ്രതിരോധ താരങ്ങളെ അനായാസം മറികടന്നാണ് രാഹുല്‍ ആരോസിന് സമനിലഗോള്‍ നേടി കൊടുത്തത്.
കന്നി ഫിഫാ കപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി അമേരിക്കയായിരുന്നു. മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി ആദ്യ ഗോളടിച്ചത് മണിപ്പൂരുകാരനായ ജിക്‌സണ്‍സിങ് ആയിരുന്നു. ഇന്ത്യന്‍ ടീമിനെ നയിച്ച ആദ്യ നായകന്‍ എന്ന പ്രശസ്തി അമര്‍ജിത് കിയാം എന്ന ചെറുപ്പക്കാരനായിരുന്നു.
മലയാളി താരമായ അനസ് എടത്തൊടിക മികച്ച പ്രതിരോധ നിരക്കാരനായി 2017-ല്‍ ഐ ലീഗ് ടൂര്‍ണമെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ ബഗാന്റെ ജേഴ്‌സിയിലാണ് അനസ് കളിച്ചത്. മലയാളിയായ തൃശൂരുകാരന്‍ കെ പി രാഹുല്‍ ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കുന്ന ആദ്യ മലയാളി എന്ന ബഹുമതിക്കും അര്‍ഹനായി.
ലോക ഫുട്‌ബോളില്‍ ഗോളടിയന്ത്രമെന്ന് ഈ വര്‍ഷം സ്‌കോറിങ്ങിലൂടെ തെളിയിച്ച ഹാരി കെയിന്‍ മെസ്സിയേയും റോണാള്‍ഡോയേയും പിന്നിലാക്കിയപ്പോള്‍ അത്ഭുതത്തിന്റെ വഴിയിലേയ്ക്ക് ടോട്ടനം സ്‌ട്രൈക്കര്‍ പറന്നുവന്നുവെന്ന് വാര്‍ത്താമാധ്യമങ്ങളും വിലയിരുത്തി. 50 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളാണ് കെയിന്‍ നേടിയത്.

ഐഎസ്എല്‍-ന്റെ നാലാം പതിപ്പിലേയ്ക്കുള്ള പ്രയാണത്തിനിടയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വന്ന അനുകൂല ഘടകങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ കാണുന്ന ഈ നേട്ടങ്ങളെല്ലാം. ലോകോത്തര താരങ്ങളുമായി ഒരുമിച്ച് കളിക്കാനും കളിയില്‍ മികവുനേടാനും ഇന്ത്യന്‍ കളിക്കാര്‍ക്കുകൂടി കഴിയുമെന്ന് തെളിഞ്ഞതാണ് ഐഎസ്എലിന്റെ നേട്ടങ്ങളിലൊന്ന്. ഫുട്‌ബോള്‍ കളിയോടു വിടപറഞ്ഞ ആരാധകര്‍ക്ക് ഗ്രൗണ്ടിലേയ്ക്ക് വന്ന് കളികാണാനുള്ള സന്ദര്‍ഭമുണ്ടാക്കിയത് ഐഎസ്എല്‍ തന്നെയാണെന്ന് നിസംശയം പറയാം. പുതിയ സാഹചര്യം അനുകൂലമാക്കി മാറ്റാനും അത് ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഉപയോഗിക്കാനും നമുക്ക് കഴിയണം. യുവതാരങ്ങളുടെ നേട്ടങ്ങള്‍ നാളത്തെ ഇന്ത്യയുടെ പ്രതീക്ഷയായി മാറുമെന്ന് പ്രത്യാശിക്കാം.