Saturday
17 Nov 2018

പച്ചയ്‌ക്കൊപ്പം മഞ്ഞ: ഓട്ടത്തിൽ കേമൻ,പുകയൂത്തും കുറവ്

By: Web Desk | Thursday 8 November 2018 2:46 PM IST

കൊച്ചി: കൊച്ചിയിലെ പച്ചയും മഞ്ഞയും ഓട്ടോറിക്ഷകൾ ആദ്യനോട്ടത്തിൽ തന്നെ കൗതുകം ഉയർത്തും. കയറിയാലോ ഒന്നുംമിണ്ടാതെ കുലുക്കാതെ പുകപടർത്തിവിടാതെ പുള്ളി തകർത്തോടുമ്പോൾ കയറിയവന് പെരുത്തിതിഷ്ട്ടം . വിദേശികളടക്കം തിരഞ്ഞു കണ്ടുപിടിച്ചു കയറുന്നു .സംഭവം സി എൻ ജിയാ ,കുതിച്ചു പായത്തൊന്നും ഇല്ലെങ്കിലും കുടഞ്ഞു തെറിപ്പിക്കാനും വിറച്ചുപേടിപ്പിക്കാനും ഈ വാഹനങ്ങൾ തയ്യാറല്ല. കാരണം എൻജിൻ പവർ കുറവാണ്. എന്നാൽ കുറഞ്ഞിട്ടും കുറഞ്ഞിട്ടും കുറയാത്ത പെട്രോൾ, ഡീസൽ വിലയെ തുടർന്നാണ് സി എൻജി യിലേയ്ക്ക് കൂട്ടത്തോടെ ആളുകൾ മാറുന്നത് .

ഇതിന്‌ പുറമെ പെട്രോൾ, ഡീസൽ വാഹനങ്ങൾ പുറന്തള്ളുന്നതിനേക്കാൾ കുറവ‌് മാലിന്യമാണ‌് സിഎൻജിയിൽനിന്നുണ്ടാകുന്നത‌്. പൂർണമായും ജ്വലിച്ച‌് കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നതിനാലാണ‌് മലിനീകരണം കുറയുന്നത‌്. ജില്ലയിൽ ഓട്ടോകളും കാറുകളും ഉൾപ്പെടെ എഴുന്നൂറോളം സിഎൻജി വാഹനങ്ങൾ രജിസ‌്ട്രേഷൻ കഴിഞ്ഞ‌് പുറത്തിറങ്ങിക്കഴിഞ്ഞു. മാസം 80 മുതൽ 120 സിഎൻജി ഓട്ടോകൾവരെ കൊച്ചിയിൽ മാത്രം വിൽപ്പന നടക്കുന്നു. പഴയ വാഹനങ്ങൾ സിഎൻജിയിലേക്ക‌് മാറ്റുന്നതിനും തിരക്കേറെയാണ് .സി എൻജിക്ക‌്കിലോക്ക്  56  രൂപ നൽകിയാൽ മതി. പെട്രോളിൽ 17.50 കിലോമീറ്ററും ഡീസലിൽ 25 കിലോമീറ്ററുമാണ‌് മൈലേജ‌് ലഭിക്കുന്നതെങ്കിൽ സിഎൻജിയിൽ  50 കിലോമീറ്റർവരെ ലഭിക്കും. നിലവിൽ പുതിയ സിഎൻജി ഓട്ടോറിക്ഷകൾക്ക‌് 1.95 ലക്ഷംമുതൽ 2.45 ലക്ഷം രൂപവരെയാണ‌് വില .

നിലവിൽ ഓടി നടുവൊടിഞ്ഞാലും ഒന്നും കയ്യിൽ കിട്ടാത്ത കാലത്തു  സി എൻ ജി കൈപൊള്ളിക്കില്ലെന്ന് തൊഴിലാളികളുടെ അനുഭവ സാക്ഷ്യം .പെട്രോളിൽ 17.50 കിലോമീറ്ററും ഡീസലിൽ 25 കിലോമീറ്ററുമാണ‌് മൈലേജ‌് ലഭിക്കുന്നതെങ്കിൽ സിഎൻജിയിൽ  50 കിലോമീറ്റർവരെ ലഭിക്കും. സിഎൻജി വാഹനങ്ങളുടെ മോഡൽ അനുസരിച്ച‌് മൈലേജിൽ മാറ്റംവരും. എന്നാലും 40 കിലോമീറ്ററിൽ താഴില്ല. ദിവസം 300 രൂപയെങ്കിലും ലാഭം. സിഎൻജി തീർന്നാലും പെട്രോളിലും വാഹനമോടിക്കാവുന്ന രീതിയിലാണ‌് രൂപകൽപ്പന  ചെയ്തിരിക്കുന്നത് 

അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറവാണ‌് സിഎൻജിക്ക‌്. ഏതെങ്കിലും തരത്തിൽ ചോർച്ചയുണ്ടായാലും ഭയപ്പെടേണ്ട. അങ്ങനെ സംഭവിച്ചാൽത്തന്നെ സിഎൻജി  ഉടൻ വായുവിൽ ലയിക്കും. തീപിടിക്കാനുള്ള സാധ്യതപോലും ഉണ്ടാകുന്നില്ല. എന്നാൽ 46 ൽ തുടങ്ങിയ വില ഇപ്പോൾ 56 കടന്നു .എല്ലാവരും ഈ വഴിക്ക് വരുമ്പോൾ വില കുതിച്ചു പായുമോ എന്ന ഭീതി പുതിയ ഉടമകൾക്കുണ്ട്. നഗരത്തിലും പുറത്തുമായി വിരലിലെണ്ണാവുന്ന പമ്പുകൾ മാത്രമാണ് സി എൻ ജി പമ്പുകൾ  ഉള്ളത് .ഇത് ഭാവിയിൽ കൂടുതൽ തുറക്കുമെന്ന പ്രതീക്ഷയിലുമാണ് തൊഴിലാളികൾ.