Tuesday
22 Jan 2019

യമനില്‍ വ്യോമാക്രമണം: 12 മരണം

By: Web Desk | Sunday 17 September 2017 7:23 PM IST

സന: വ്യോമാക്രമണത്തില്‍ യമനില്‍ സ്ത്രീകളും കുട്ടികളുമടക്കം 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സനയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഹരീപ് അല്‍ ഖുറാമിഷ് ജില്ലയില്‍ വാഹനത്തില്‍ ബോംബ് വന്ന് പതിച്ചതിനെത്തുടര്‍ന്നാണ് അപകടം.
യമന്‍ തലസ്ഥാനമായ സനയുടെ വടക്ക് കിഴക്കന്‍ മേഖലയിൽ സൗദി സഖ്യസേനയുടെ വ്യോമാക്രണത്തിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്ന് കലാപകാരികളുടെ നിയന്ത്രണത്തിലുള്ള മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി തലസ്ഥാന നഗരമായ സനയും  യമനിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലകളും ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്. സാധാരണക്കാര്‍ക്ക് നേരേയുള്ള ആക്രമണങ്ങളാണ് ഏറെയും സൗദി സഖ്യസേനയില്‍ നിന്നുണ്ടാകുന്നത്.

ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള കലാപത്തില്‍ ഇതിനകം തന്നെ പതിനായിരത്തിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിനായിരത്തിലധികം പേര്‍ക്ക് മാരകമായി പരിക്കേറ്റുവെന്നും യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുപുറമെ കലാപബാധിത ഭൂമിയില്‍ കോളറ കവര്‍ന്ന് 18000ത്തിലധികം ജീവനുകള്‍ പൊലിഞ്ഞിരുന്നു. കലാപഭൂമിയായ യമനിൽ നിന്ന് നാലു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായി അന്യരാജ്യങ്ങള്‍ തേടിപ്പോയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയും റെഡ്‌ക്രോസ് സംഘടനയും പറയുന്നു.

ആഭ്യന്തരയുദ്ധം നടക്കുന്ന യമന്‍ ക്ഷാമത്തിന്റെ വക്കിലാണെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 80 ശതമാനം കുട്ടികളും വൈദ്യസഹായം ആവശ്യമുള്ളവരാണ്. ലോകത്തിലെ ഏറ്റവും വലിയ മാനവിക ദുരന്തത്തിന്റെ നടുവിലാണ് യമന്‍.

Related News