Wednesday
18 Jul 2018

കര്‍ഷക വിരുദ്ധ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്; യോഗേന്ദ്ര യാദവ്

By: Web Desk | Thursday 21 September 2017 9:34 PM IST

കോഴിക്കോട്:

സാമ്പത്തികമായും പാരിസ്ഥിതികമായും കര്‍ഷകരുടെ നിലനില്‍പിനെ തന്നെയും ഇല്ലാതാക്കുന്ന കര്‍ഷക വിരുദ്ധ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും സ്വരാജ് അഭിമാന്‍ സംഘടനയുടെ സ്ഥാപകനുമായ പ്രൊഫ. യോഗേന്ദ്ര യാദവ്.
രാജ്യം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ കര്‍ഷക വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ഏറെ പ്രതീക്ഷ പകരുന്നതാണ്. ഇത്തരം കര്‍ഷക മുന്നേറ്റങ്ങളെ ഏകോപിപ്പിച്ച് ചരിത്ര മുന്നേറ്റത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിവിധ കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി നടത്തുന്ന രാജ്യവ്യാപക പ്രചാരണ ജാഥയുടെ ഭാഗമായി കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനിലും പഞ്ചാബിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമെല്ലാം കര്‍ഷക മുന്നേറ്റങ്ങള്‍ ഉയര്‍ന്നുരുന്നുണ്ട്. പ്രാദേശികമായും ഒറ്റപ്പെട്ടും നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഒതുങ്ങിപ്പോകുന്ന സ്ഥിതിയില്‍ നിന്ന് മാറി കൂടുതല്‍ ഐക്യബോധത്തിലേക്ക് കര്‍ഷകര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് നൂറ്റി എഴുപതോളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇത്തരമൊരു മുന്നേറ്റം ഉണ്ടാകുന്നത്. 2019നു ശേഷം കര്‍ഷകരെ അഭിമുഖീകരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിശ്ചിത വരുമാനം കര്‍ഷകര്‍ക്ക് ഉറപ്പു വരുത്തുക, നിയന്ത്രണങ്ങളോ ഉപോധികളോ ഇല്ലാതെ മഴുവന്‍ കര്‍ഷകര്‍ക്കും വായ്പ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 20ന് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമാപിക്കുന്ന ജാഥക്ക് ശേഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും.
കര്‍ഷക പ്രക്ഷോഭങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്ന സമീപനമാണ് ദേശീയ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. രാജസ്ഥാനിലെ കര്‍ഷകര്‍ നിവൃത്തിയില്ലാതെ മാര്‍ക്കറ്റില്‍ സൗജന്യമായി ഉരുളക്കിഴങ്ങ് വിതരണം ചെയ്ത സംഭവത്തിന് നേരെയും മാധ്യമങ്ങള്‍ കണ്ണടച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ എല്ലാ നേതാക്കളുമായും സംസാരിക്കുന്ന പ്രധാനമന്ത്രിയ്ക്ക് രാജ്യത്തെ കര്‍ഷക സംഘടനാ നേതാക്കളുമായി സംസാരിക്കാന്‍ സമയം ഇല്ലെന്ന് രാജസ്ഥാനിലെ മുന്‍ എം എല്‍ എയും ഏകോപന സമിതി നേതാവുമായ വി എം സിംഗ് പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ നരേന്ദ്രമോദി ഇപ്പോള്‍ അത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് പറഞ്ഞൊഴിയുകയാണ്. കര്‍ഷകകരുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് വകുപ്പ് മന്ത്രിയും പറയുന്നു. മധ്യപ്രദേശിലുള്‍പ്പെടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന പാവപ്പെട്ട കര്‍ഷകരെ വെടിവെച്ചുകൊല്ലുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ വിവിധ കര്‍ഷക സംഘടനാ നേതാക്കളായ രാജു ഷെട്ടി എം പി, കൃഷ്ണ പ്രസാദ്, കവിത കുല്‍ക്കര്‍ണ്ണി, ഡോ: സുനിലം, ബിജു കൃഷ്ണന്‍, കിരണ്‍ വിസ, എം പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവരും സംബന്ധിച്ചു
തെലുങ്കാനയില്‍ നിന്നും ആരംഭിച്ച കിസാന്‍ മുക്തി യാത്രയ്ക്ക് താമരശ്ശേരിയിലും സ്വീകരണം നല്‍കി. ജാഥ ബംഗളൂരുവില്‍ സമാപിക്കും. കൃഷി നശിച്ച കര്‍ഷകരെ സംരക്ഷിക്കുക, കാര്‍ഷിക കടത്തില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ആനുപാതികമായി വില നിശ്ചയിക്കുക, കാര്‍ഷിക പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ കര്‍ഷക സംഘടനകളുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.