Thursday
18 Jan 2018

ഗ്രൂപ്പ് പോരും വിഭാഗീയതയും; നാല് ജില്ലകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

By: Web Desk | Sunday 8 October 2017 8:58 PM IST

മനോജ് മാധവന്‍

തിരുവനന്തപുരം: യൂത്ത്‌ലീഗിലെ ഗ്രൂപ്പ് പോരും വിഭാഗീയതയും മൂര്‍ദ്ധന്യാവസ്ഥയിലെത്തിയതോടെ നാല് ജില്ലകളില്‍ നടത്തേണ്ടിയിരുന്ന സംഘടന തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലെ സംഘടന തെരഞ്ഞെടുപ്പാണ് ശക്തമായ വിഭാഗീയതകള്‍ക്കൊടുവില്‍ മാറ്റിവെച്ചത്. ഗ്രൂപ്പ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി എംപി, എം കെ മുനീര്‍ എംഎല്‍എ അടക്കമുള്ള ഗ്രൂപ്പ് നേതാക്കളുമായി വേങ്ങര ഉപതെരഞ്ഞെടുപ്പിനുശേഷം പാണക്കാട്ട് സമവായ ചര്‍ച്ച നടത്താനും ലീഗ് നേതൃത്വം തീരുമാനിച്ചു. വേങ്ങര സീറ്റുകൂടി നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഒപ്പം നില്‍ക്കുന്ന യൂത്ത്‌ലീഗു നേതാക്കളെക്കൊണ്ട് പരമാവധി ജില്ലാ കമ്മിറ്റികള്‍ പിടിച്ചടക്കാന്‍ കുഞ്ഞാലിക്കുട്ടി പക്ഷം ആഹ്വാനം ചെയ്തതോടെയാണ് ഗ്രൂപ്പ് പോര് ശക്തമായത്.

വേങ്ങരയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗിലെ വിഭാഗീയതകള്‍ക്കൊടുവില്‍ തെക്കന്‍ ജില്ലകളിലെ കമ്മിറ്റികള്‍ പിരിച്ചുവിട്ടിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജില്ലയ്ക്ക് പുറത്തുള്ള യൂത്ത് ലീഗ് സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനം തടയാനും അവരെ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയതിലെ അമര്‍ഷം യൂത്ത് ലീഗ് നേതാക്കള്‍ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിനെ വെല്ലുന്ന ഗ്രൂപ്പ്‌പോര് തമ്മില്‍ തല്ലിലേയ്ക്ക് കലാശിക്കുമെന്ന് ഉറപ്പായതോടെയാണ് ഗ്രൂപ്പ് നേതാക്കളുമായി തെരഞ്ഞെടുപ്പിന് ശേഷം പാണക്കാട്ട് സമവായ ചര്‍ച്ച നടത്താന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്.

വിഭാഗീയത ശക്തമായ ജില്ലകളില്‍ ഒക്‌ടോബര്‍ പകുതിക്കുമുന്‍പ് പുതിയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരിട്ടിടപെട്ട് സംഘടന തെരഞ്ഞെടുപ്പ് മാറ്റുകയാണുണ്ടായത്. ഇതോടെ പി കെ കുഞ്ഞാലിക്കുട്ടിയെയും എം കെ മുനീറിനെയും അനുകൂലിക്കുന്നവര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് പല ജില്ലകളിലും സംഘടന തെരഞ്ഞെടുപ്പ് ഒഴിവാക്കി നേതൃത്വത്തിലെത്താമെന്ന മുന്‍ ധാരണയ്ക്കും തിരിച്ചടിയായി.

ഇടുക്കിയിലും തിരുവനന്തപുരത്തുമാണ് വിഭാഗീയത രൂക്ഷം. ഇടുക്കിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലിമിന് താല്‍പര്യമുള്ളവരെ നേതൃത്വത്തില്‍ അവരോധിക്കുന്നതിനായാണ് നിലവിലെ കമ്മിറ്റിയെ പിരിച്ചുവിട്ടത്. തിരുവനന്തപുരത്ത് എം കെ മുനീര്‍ വിഭാഗമാണ് കഴിഞ്ഞ രണ്ടു പ്രാവശ്യമായി നേതൃസ്ഥാനത്ത് തുടരുന്നത്. എന്നാല്‍, നിലവിലെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയും കുഞ്ഞാലിക്കുട്ടി പക്ഷ നേതാവുമായ പി കെ ഫിറോസിനെ തിരുവനന്തപുരം പിടിച്ചെടുക്കാന്‍ കുഞ്ഞാലിക്കുട്ടിതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫിറോസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എ പി മിസ്വറിനെ നിയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുഞ്ഞാലിക്കുട്ടി പക്ഷത്തെത്തിക്കാനാണ് നീക്കം നടക്കുന്നത്.

മുസ്‌ലിം ലീഗ് അധികാരത്തിലുള്ളപ്പോഴെല്ലാം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിടിക്കാന്‍ വന്‍ വടംവലിയാണ് നടക്കാറുള്ളത്. എന്നാല്‍, പാര്‍ട്ടി പ്രതിപക്ഷത്താണെങ്കിലും തിരുവനന്തപുരം കമ്മിറ്റി എം കെ മുനീര്‍ വിഭാഗം കൊണ്ടുപോകുന്നതിനോട് കുഞ്ഞാലിക്കുട്ടിക്ക് യോജിക്കാനാകില്ല. ഇതിന്റെ ഭാഗമായാണ് നിലവില്‍ പ്രസിഡന്റായിരുന്ന ഡി നൗഷാദിനെ മുനവറലി തങ്ങളുടെ പര്യടന പരിപാടി പരാജയപ്പെടുത്തിയതിന്റെ പേരില്‍ അയോഗ്യനാക്കിയത്.
സാമൂഹ്യ മാധ്യമങ്ങളിലടക്കം യൂത്ത് ലീഗിലെ വിഭാഗിയതയും പോരടിയും സങ്കീര്‍ണ്ണമായിരിക്കുകയാണ്.