Friday
15 Dec 2017

യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി

By: Web Desk | Sunday 24 September 2017 8:17 PM IST

ചിറയിന്‍കീഴ്: റോഡില്‍ അഭ്യാസപ്രകടനം നടത്തിയത് ചോദ്യം ചെയ്ത യുവാവിന് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കും. മര്‍ദ്ദനരംഗം സമീപത്തെ സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞതാണ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കാരണമായത്. ചിറയിന്‍കീഴ് മുടപുരം ജങ്ഷനില്‍ പട്ടാപകലാണ് സംഭവം. മുട്ടപ്പലം അഴൂര്‍ ചരുവിള വീട്ടില്‍ സുധീര്‍(44)നെയാണ് നടുറോഡില്‍ വച്ച് ഗുണ്ടകള്‍ മര്‍ദ്ദിച്ച് അവശനാക്കിയത്.
കിഴുവിലം മണലില്‍ വീട്ടില്‍ അനന്ദു(25), മുടപുരം വട്ടത്താമരവിള വീട്ടില്‍ ശ്രീകുട്ടന്‍ എന്ന് വിളിക്കുന്ന ശ്രീജിത്ത്(29) എന്നിവര്‍ക്കെതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു. ഇവര്‍ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതികളാണ്.
കഴിഞ്ഞ പതിമൂന്നാം തീയതി വൈകുന്നേരം നാല് മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുട്ടപ്പാലം ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ അനന്ദുവും ശ്രീജിത്തും മുടപുരം ജങ്ഷനില്‍ മദ്യലഹരിയില്‍ റോഡില്‍ ബൈക്ക് വട്ടം ചുറ്റുകയായിരുന്നു. ഈ സമയത്ത്് ചിറയിന്‍കീഴില്‍ നിന്ന് ബൈക്കില്‍ എത്തിയ സുധീറിന്റെ ബൈക്കിന് ഇവര്‍ തടസം നിന്നു. ഇത് സുധീര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ അനന്ദുവും ശ്രീജിത്തും ചേര്‍ന്ന് സുധീറിനെ ബൈക്കില്‍ നിന്ന് തളളിയിട്ട് ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സുധീറിന് തലയ്ക്കും ചെവിയ്കും സാരമായ പരിക്കേറ്റു. സംഭവം ഉന്നത രാഷ്ട്രീയ ഇടപെടലില്‍ ഒതുക്കിതീര്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കടയുടെ സിസിടിവി ദൃശ്യം പുറത്ത് വന്നതാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുവാന്‍ കാരണമായത്. ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആറ്റിങ്ങല്‍ സിഐ എം അനില്‍കുമാര്‍ അറിയിച്ചു.
പ്രശ്‌നം സംബന്ധിച്ച് പൊലീസില്‍ പരാതിനല്‍കിയിട്ടില്ലെന്നും പുറത്തു വച്ച് മധ്യസ്ഥതയില്‍ പണം നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കി എന്നുമാണ് അറിയുന്നത്. മര്‍ദ്ദനമേറ്റ ആള്‍ പരാതി നല്‍കാന്‍ കൂട്ടാക്കിയില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കും.

Related News