Tuesday
22 Jan 2019

യുവകലാസാഹിതി സാംസ്‌കാരിക യാത്രയ്ക്ക് ഉജ്വല തുടക്കം

By: Web Desk | Thursday 10 January 2019 10:42 PM IST

യുവകലാസാഹിതി സാംസ്‌കാരിക യാത്രക്ക് തുടക്കം കുറിച്ച് പ്രശസ്ത തമിഴ് കവയിത്രി സല്‍മ ജാഥാ ലീഡര്‍ ആലങ്കോട് ലീലാകൃഷ്ണന് പതാക കൈമാറുന്നു

കാഞ്ഞങ്ങാട്: ഇന്ത്യ ഇന്ന് ഏറ്റവും ഭീകരമായ സാംസ്‌കാരിക ഫാസിസത്തെ നേരിടുകയാണെന്ന് പ്രശസ്ത തമിഴ് കവയിത്രി സല്‍മ്മ അഭിപ്രായപ്പെട്ടു. അസഹിഷ്ണുതയാണ് ഇതിന് കാരണം. വാദിക്കാനും ജയിക്കാനുമല്ല അറിയാനും സ്‌നേഹിക്കാനുമാണ് നാം ശ്രമിക്കേണ്ടതെന്നും മനുഷ്യന്റെ അജയ്യമായ സര്‍ഗാത്മത ഇതിന് കാരണമാകുമെന്നും സല്‍മ പറഞ്ഞു.
യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്റെ നേതൃത്വത്വത്തിലുള്ള സാംസ്‌കാരികയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്വതന്ത്ര്യ ഇന്ത്യ എഴുപത് വര്‍ഷം പിന്നിട്ടിട്ടും പാര്‍ലമെന്റില്‍ വെറും നാല് ശതമാനം മാത്രമാണ് വനിതകളുടെ എണ്ണം. പാക്കിസ്ഥാനേക്കാളും ഈ കണക്കില്‍ പിറകിലാണ് നമ്മളെന്നും സല്‍മ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ മുന്‍ എം എല്‍ എ എം നാരായണന്‍ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാഥാ ഉപലീഡറുമായ ഇ എം സതീശന്‍ ജാഥാ വിശദീകരണം നടത്തി.

കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗവും പ്രശസ്തനിരൂപകനുമായ ഇ പി രാജഗോപാലന്‍, പ്രശസ്ത കവി പി കെ ഗോപി, ജാഥാ ഡയറക്ടര്‍ ടി യു ജോണ്‍സണ്‍, കോ-ഓഡിനേറ്റര്‍ ഗീത നസീര്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി പ്രസാദ്, ശാരദാ മോഹന്‍, യു വി ബാലന്‍, ഷീല രാഹുലന്‍ എന്നിവര്‍ സംസാരിച്ചു. ജയന്‍ നീലേശ്വരം സ്വാഗതവും സുനില്‍ മനിയേരി നന്ദിയും പറഞ്ഞു.
ദേശീയത, മാനവികതാ ബഹുസ്വരത എന്ന മുദ്രാവാക്യവുമായി, ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം എന്ന സന്ദേശവുമായി പര്യടനം നടത്തുന്ന യാത്രയില്‍ കുരീപ്പുഴ ശ്രീകുമാര്‍, ഡോ. വത്സലന്‍ വാതുശ്ശേരി, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, എ പി കുഞ്ഞാമു, എം എം സചീന്ദ്രന്‍, കെ ബിനു, ശാരദാ മോഹന്‍, വി ആയിഷാബീവി, ഡോ. ഒ കെ മുരളീകൃഷ്ണന്‍, ജയന്‍ ചേര്‍ത്തല, പ്രൊഫ. എസ് അജയന്‍, എ പി അഹമ്മദ്, അഡ്വ. ആശ ഉണ്ണിത്താന്‍, അശ്‌റഫ് കുരുവട്ടൂര്‍ എന്നിവരാണ് അംഗങ്ങള്‍.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കവി സംഗമം നടത്തി. പ്രശസ്ത കവി മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു. സി പി ശുഭ അധ്യക്ഷത വഹിച്ചു.