Tuesday
22 Jan 2019

യുവകലാസന്ധ്യ കലാസ്വാദകര്‍ക്ക് സമ്മാനിച്ചത് ദൃശ്യശ്രാവ്യാനുഭൂതികളുടെ പുതിയ ലോകം

By: Web Desk | Thursday 13 December 2018 10:24 AM IST

കേരളത്തെ പിന്നോട്ടു നടത്തുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സാംസ്‌കാരിക കേരളത്തിന്റെ പ്രതിരോധം ഉയരണമെന്ന് കാനം രാജേന്ദ്രന്‍. യുവകലാസാഹിതി യുഎഇയുടെ വാര്‍ഷികാഘോഷ പരിപാടിയായ യുവകലാസന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാര്‍ജയിലെ കലാസ്വാദകര്‍ക്ക് ദൃശ്യശ്രാവ്യാനുഭൂതികളുടെ പുതിയ ലോകം സമ്മാനിച്ചു. ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച തനതു കലകള്‍ എല്ലാ തലമുറകള്‍കളെയും ആവേശ തിരപ്പുറത്തേറ്റി. ആട്ടവും പാട്ടുമായി ആസ്വാദകര്‍ കൂടി കലാകാരന്‍മാര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ദ്രാവിഡത്തനിമയുടെയും അധ്വാനവര്‍ഗ്ഗത്തിന്റെയും സാംസ്‌കാരിക തുടര്‍ച്ചക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചു.

ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ ഇപി ജോണ്‍സണ്‍, അബ്ദുള്ള മല്ലച്ചേരി, കെ ബാലകൃഷ്ണന്‍, അഡ്വക്കേറ്റ് സന്തോഷ്, യുവകലാസാഹിതി നേതാക്കളായ ബാബു വടകര പ്രശാന്ത് ആലപ്പുഴ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ശ്രീലത അജിത് ചടങ്ങിന് അധ്യക്ഷത വഹിച്ചു യോഗത്തിന് സുബീര്‍ അരോള്‍ സ്വാഗതവും ബിജു ശങ്കര്‍ നന്ദിയും പറഞ്ഞു.

എത്രയെത്ര മതിലുകള്‍ എന്ന നവോത്ഥാന ഗാനം രചിച്ച യുവകലാസാഹിതി യു എ ഇ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഇ ആര്‍ ജോഷിക്ക് കാനം രാജേന്ദ്രന്‍ ഉപഹാരം നല്‍കി ആദരിച്ചു.

യുവകലാസാഹിതി ഷാര്‍ജ പുതിയതായി രൂപീകരിച്ച പി. കെ. മേദിനി ഗായകസംഘത്തിന്റെ ആമുഖഗാനം കലാസന്ധ്യക്ക് ഉചിതമായ തുടക്കമായി. യു എ ഇ യിലെ അറിയപ്പെടുന്ന കവിയായ ശിവപ്രസാദിന്റെ അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍ക്ക് ഡോക്ടര്‍ ഹിതേഷ് ഒരുക്കിയ സംഗീതവും അറിയപ്പെടുന്ന മ്യൂസിക്ക് കണ്ടക്ടര്‍ ബൈജു നാദബ്രഹ്മം നല്‍കിയ ഓര്‍ക്കസ്‌ട്രേഷനും കേള്‍വിക്കാര്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. വനിതാസാഹിതി പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ നൃത്തശില്‍പ്പവും കാണികളെ ആകര്‍ഷിച്ചു.