September 30, 2022 Friday

അച്യുതമേനോനെ ഓര്‍ക്കുമ്പോള്‍

Janayugom Webdesk
വാതിൽപ്പഴുതിലൂടെ
August 18, 2020 3:40 am

കേരളത്തിന്റെയും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെയും ചരിത്രത്തില്‍ സുവര്‍ണ്ണ അധ്യായദള­ങ്ങള്‍ വാരിത്തൂവിയ മഹാമേരുവായ സി അച്യുതമേനാന്റെ ഇരുപത്തിഒന്‍പതാം ചരമവാര്‍ഷികമായിരുന്നു ഞായറാഴ്ച. അതേ ഞായറാഴ്ച അകാലത്തില്‍ പൊലിഞ്ഞ മാധ്യമപ്രതിഭയായ ‘ജനയുഗം’ സീനിയർ സബ് എഡിറ്റർ കെ ആര്‍ ഹരി കുസൃതിയും സ്നേഹവും ചാലിച്ചെടുത്ത് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.

അച്യുതമേനോന് അദ്ദേഹത്തിന്റെ ബോധ്യങ്ങളായിരുന്നു ശരികള്‍. ആ ബോധ്യങ്ങളുടെ തെരഞ്ഞെടുപ്പ് പിഴയ്ക്കുമ്പോഴാണ് ശരികളെന്നു ധരിച്ചുവച്ചിരിക്കുന്നത് തെറ്റുകളുടെ മഹാശേഖരമാണെന്ന് ജനം തിരിച്ചറിയുകയെന്നതെന്നും ഹരി പറഞ്ഞത് ഓർമ്മയിലേക്ക് വരുന്നു. ശരികളുടെയും ബോധ്യങ്ങളുടെയും തെരഞ്ഞെടുപ്പ് പിഴയ്ക്കുമ്പോഴാണ് ജനം ഭരണകൂടത്തെ തള്ളിപ്പറയുന്നതും വെറുക്കുന്നതും എന്നു കരുതിയ മഹാനായിരുന്നു അച്യുതമേനോന്‍. മലയാള നാടിന്റെ വികസനക്കുതിപ്പുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ചൂണ്ടിക്കാണിക്കാവുന്ന വികസനത്തിന്റെ ദീപഗോപുരങ്ങള്‍ നാട്ടില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തിനില്ക്കുന്നത് നാടിനെ സ്നേഹിക്കുന്നവര്‍ക്ക് അഭിമാനരോമാഞ്ചമാവുന്നു. ‘മിതം ച: സാരംച:, വചോഹി വാ­ഗ്മി­ത’ എന്ന മട്ടിലേ അച്യുതമേനോന്‍ മാധ്യമങ്ങളെ കാണാറുള്ളു. വിഷയത്തിലും സംസാരത്തിലും തുളുമ്പുന്നത് ഗൗരവം. ബോധ്യപ്പെടുത്തുന്ന വാക്കുകള്‍. അതുകൊണ്ട് മാധ്യമങ്ങള്‍ക്കു കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനുമാവില്ല.

ഒരിക്കല്‍ വികസന പ്രശ്നങ്ങളെക്കുറിച്ച് മാധ്യമസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ആരോ രാഷ്ട്രീയം കലര്‍ത്തി ഒരു ചോദ്യം ചോദിച്ചു. അച്യുതമേനോന്‍ ഉടന്‍ തിരിച്ചടിച്ചു. ഈ ചോദ്യം ഭരണ‑വികസനബന്ധിയല്ലാത്തതിനാല്‍ പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കുന്നതാവും നന്ന്. അടിയന്തരാവസ്ഥക്കാലം. ഇ­എംഎസ് നമ്പൂതിരിപ്പാട് അന്ന് പാര്‍ട്ടി നേതൃത്വത്തിലാണ്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസ് അന്ന് പാളയം മാര്‍ക്കറ്റിനു കിഴക്കുവശത്തെ പഞ്ചാപ്പുര ജംഗ്ഷനിലെ ഒരു ഓടുമേഞ്ഞ വീടാണ്. അടിയന്തരാവസ്ഥക്കാലം സിപിഎം-ജനസംഘം ബാന്ധവകാലം. സിപിഐയുടെ ബന്ധം കോണ്‍ഗ്രസുമായും. വര്‍ഗ്ഗശത്രുവായ ജനസംഘവുമായി കെെ­കോര്‍ത്താല്‍ വര്‍ഗ്ഗസമരത്തിന്റെ അന്തഃസത്ത ചോര്‍ന്നുപോകില്ലേ എന്ന് ചെറുപ്പക്കാരനായ ‘ജനയുഗം’ ലേഖകന്റെ കുസൃതിച്ചോദ്യം. ഉടന്‍ ഇഎംഎസ് ചോദിച്ചു, ഏതു പത്രമാ? ‘ജനയുഗം’ എന്നു പറഞ്ഞപ്പോള്‍ ‘അപ്പോള്‍ ഷാരടിയോ’ എന്ന് മറുചോദ്യം. ‘ജനയുഗം’ സിറ്റി എഡിറ്ററായ സി ആര്‍ എന്‍ പിഷാരടിയെക്കുറിച്ചാണ് ചോദ്യം. അദ്ദേഹം കൊല്ലത്താണിപ്പോള്‍ എന്നു ലേഖകന്‍ അറിയിച്ചപ്പോള്‍ ഇഎംഎസ് ചോദ്യത്തിനുള്ള വായടപ്പിക്കുന്ന ഉത്തരത്തിലേക്ക് വന്നു; ‘കമ്മ്യൂണിസ്റ്റുകാരന്റെ സാമ്പത്തികസമരം ഒന്ന്, സാംസ്കാരികസമരം മറ്റൊന്ന്, രാഷ്ട്രീയസമരം വേറൊന്ന്’ എന്ന മട്ടില്‍ അദ്ദേഹം ഒരു സ്റ്റഡിക്ലാസുതന്നെയെടുത്തു. ലേഖകനും സഹപ്രവര്‍ത്തകര്‍ക്കും തൃപ്തിയായി. അതിനുശേഷം മരണംവരെ ആ ലേഖകനോട് സ്നേഹവാത്സല്യങ്ങളോടെ മാത്രമേ അദ്ദേഹം ഇടപഴകിയിട്ടുളളു. ഇഎംഎസിന്റെ ഒരു ദിവസത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കാന്‍ ബിബിസി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അനുവാദം നിഷേധിച്ച അദ്ദേഹം പഴയ ആ ‘ജനയുഗം’ ലേഖകന് മറ്റൊരു വലിയ പത്രത്തില്‍ തന്റെ ഒരു ദിവസത്തെക്കുറിച്ച് രണ്ട് പേജു വരുന്ന സചിത്ര ഫീച്ചര്‍ തയ്യാറാക്കാന്‍ അനുമതി നല്കിയതും ഓര്‍ക്കുന്നു. ഇനി പട്ടം താണുപിള്ളയുടെ കാര്യം. ഇഎംഎസിന്റെ ആദ്യ അവിഭക്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം.

നിയമസഭയില്‍ കമ്മ്യൂണിസ്റ്റ് പയ്യന്മാരുടെ ഒരു ഇഞ്ചി ഗ്രൂപ്പുണ്ട്. മിക്കവാറും എല്ലാം 30വയസിനു താഴെയുള്ളവര്‍, വെളിയം ഭാര്‍ഗവന്‍, തോപ്പില്‍ഭാസി, ഇ ചന്ദ്രശേഖരന്‍ നായര്‍, കൊളാടി ഗോവിന്ദന്‍കുട്ടി, പുനലൂര്‍ എന്‍ രാജഗോപാലന്‍ നായര്‍. മൂക്കത്തു ദേഷ്യക്കാരനായ പട്ടത്തെ, പ്രകോപിപ്പിച്ചു രസിക്കുകയായിരുന്നു ഇവരുടെ ഹോബി. പട്ടമാണെങ്കില്‍ ഇംഗ്ലീഷിലേ സഭയില്‍ സംസാരിക്കൂ. ഒരു ദിവസം അദ്ദേഹം മാടമ്പി മട്ടില്‍ മന്ത്രി പി കെ ചാത്തന്‍ മാസ്റ്ററെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. പ്രസംഗത്തിനിടെ ചാത്തന്‍ മാസ്റ്ററുടെ പേരു മറന്നുപോയി. ‘വണ്‍ ഹരിജന്‍ മെമ്പര്‍ ഫ്രം ഇരിങ്ങാലക്കുട. വാട്ടീസ് ഹിസ് നെയിം കുറുപ്പ്?’ അടുത്തിരുന്ന പി ആര്‍ കുറുപ്പിനോട് പട്ടം ചോദിച്ചു. വായ്‌പൊത്തി ഭവ്യതയോടെ കുറുപ്പു പറഞ്ഞു; ചാത്തന്‍ മാസ്റ്റര്‍, ചാത്തന്‍ മാസ്റ്റര്‍. പേരു കേട്ടതോടെ പട്ടത്തിനു കലികയറി; ‘വാട്ട് ചാത്തന്‍ മാസ്റ്റര്‍, വണ്‍ ചാത്തന്‍ ഫ്രം ഇരിങ്ങാലക്കുട!’ പിറ്റേന്ന് എല്ലാ തയ്യാറെടുപ്പോടെയും കൂടി സിപിഐ പിള്ളേര്‍ സംഘം സഭയിലെത്തി. അഭിഭാഷകന്‍ കൂടിയായ പുനലൂര്‍ രാജഗോപാലന്‍ നായര്‍ പ്രസംഗം തുടങ്ങി. പ്രതിപക്ഷ നേതാവായ പട്ടത്തിന്റെ പേരുപോലും മറന്ന മട്ടില്‍ അടുത്തിരുന്ന തോപ്പില്‍ ഭാസിയോടായി ചോദ്യം. ‘ദി ലീഡര്‍ ഓഫ് എ നോണ്‍ എക്സിസ്റ്റിംഗ് പാര്‍ട്ടി. വാട്ടീസ് ഹിസ് നെയിം ഭാസി? തോപ്പില്‍ഭാസി തലേന്ന് പി ആര്‍ കുറുപ്പ് ഓച്ഛാനിച്ചതുപോലെ അഭിനയിച്ചു പറഞ്ഞു; ‘താണുപിള്ള സാര്‍, താണുപിള്ള സാര്‍.’ ഉടനേ രാജഗോപാലന്‍ നായരുടെ തിരുത്ത്. ‘വാട്ട് താണുപിള്ളെെസര്‍, വണ്‍ താണുപിള്ള ഫ്രം പട്ടം!’ ഇതു കേട്ടപാടെ പട്ടം തന്റെ കഴുത്തില്‍ ചുറ്റിയിരുന്ന മേല്‍മുണ്ടെടുത്ത് അന്തരീക്ഷത്തില്‍ വീശി ആ­ക്രോശിച്ചു; റഷ്യയില്‍ ഒരുത്തനുണ്ടല്ലോ, അവന്റെ പേരില്‍ ഇവിടെ ഒരുത്തനുണ്ടല്ലോ, അവന്‍ പറഞ്ഞയച്ച റൗഡികള്‍ എന്നെ അധിക്ഷേപിക്കുന്നു.’ അതായത് കേരളാ ക്രൂഷ്ചേവ് എന്നറിയപ്പെട്ടിരുന്ന എം എന്‍ ഗോവിന്ദന്‍ നായരാണ് ഈ റൗഡിപ്പടയെ പറഞ്ഞുവിട്ടതെന്നു വ്യംഗ്യം. പക്ഷേ ഇവരോടൊക്കെ പട്ടത്തിനു വല്ലാത്ത വാത്സല്യവുമായിരുന്നു. നായനാര്‍ പട്ടമോ, അച്യുതമേനോനോ, ഇഎംഎസോ, പികെവിയോ, കെ കരുണാകരനോ ആകുന്നതിനെക്കുറിച്ച് ഓര്‍ക്കാനാവുമോ! മാധ്യമപ്രവര്‍ത്തകരെയാകെ നര്‍മ്മത്തില്‍ മുക്കി മറ്റൊരു ലോകത്തേക്കു നയിക്കുന്ന നായനാര്‍. ഇടയ്ക്കിടെ കണ്ണിറുക്കിക്കാട്ടി താന്‍ പറയുന്നതിന് മറ്റൊരു അര്‍ത്ഥമുണ്ടെന്നു പറയുന്ന കരുണാകാരന്‍. സഖാവ് അച്യുതമേനോന്റെ ഓര്‍മ്മദിനത്തില്‍ ഇതെല്ലാം ഓര്‍ത്തുപോയെന്നു മാത്രം. എല്ലാം കണ്‍സള്‍ട്ടന്‍സികളുടെ ഒരു പൂക്കാലം. ഗണപതിക്കു ശസ്ത്രക്രിയയ്ക്ക് ഒരു മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സി. കഞ്ചാവിന് മോഡിവക കണ്‍സള്‍ട്ടന്‍സി.

കാനഡയില്‍ തരുണീമണികള്‍ മടമ്പു പൊന്തിയ ഹെെഹീല്‍ഡ് ഷൂസ് ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ കണ്‍സള്‍ട്ടന്‍സി. സൗദി അറേബ്യയില്‍ കോടീശ്വരനായ അറബിയുടെ കീഴില്‍ പണിയെടുക്കുന്ന മലയാളി പയ്യന്‍ ഒപ്പിച്ച പണിയെക്കുറിച്ചാണ് ഒരു വാര്‍ത്ത. ഗണപതിയുടെ ചിത്രം തന്റെ തൊഴിലുടമയെ കാണിച്ച ആ മിടുമിടുക്കന്‍ പറഞ്ഞത് ഇതു വിരൂപനായി ജനിച്ച തന്റെ അനുജന്റെ ചിത്രമെന്നായിരുന്നു. ആനമുഖനെ മനുഷ്യമുഖനാക്കാന്‍ ശസ്ത്രക്രിയ വേണമെന്നും ലക്ഷക്കണക്കിനു രൂപ വേണ്ടിവരുമെന്നും മലയാളി കരഞ്ഞുപറഞ്ഞു. മെഡിക്കല്‍ കണ്‍സള്‍ട്ടന്റാണ് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചതെന്നു കൂടി കേട്ടപ്പോള്‍ കരളലിഞ്ഞ അറബി ശസ്ത്രക്രിയയ്ക്ക് വേണ്ട ലക്ഷങ്ങള്‍ നല്കി മലയാളിവിദ്വാനെ നാട്ടിലേയ്ക്ക് അയച്ചെന്നാണ് കഥ. ദി ഗ്രേറ്റ് ലീഗലെെസേഷന്‍ മൂവ്മെന്റ് എന്ന സംഘപരിവാറിലെ മരുന്നടിയന്മാരുടെ സംഘടന മോഡിയെക്കണ്ട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത് ശിവമൂലിയായ കഞ്ചാവ് വലിക്കും വില്പനയ്ക്കും നിയമസാധുത നല്കണമെന്നായിരുന്നു. ഇതു കേള്‍ക്കാത്ത താമസം രാജ്യത്ത് കഞ്ചാവ് ദിവ്യ ഔഷധമാക്കുന്നതു പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പിനോട് നിര്‍ദ്ദേശിച്ചു. ഇനി രാജ്യം പട്ടിണി കിടന്നാലും കഞ്ചാവും ലഹരിയും സുലഭമാകുമല്ലോ! മോഡിക്കും കഞ്ചാവു കണ്‍സള്‍ട്ടന്‍സിക്കും കോടി കോടി നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.