അതിരുകളില്ലാത്ത വിസ്മയം; മൈക്കലാഞ്ചലോ (1475–1564)

Web Desk
Posted on March 29, 2019, 7:24 pm

സൂര്‍ദാസ് രാമകൃഷ്ണന്‍

‘ചിത്രം വരയ്ക്കല്‍ എന്റെ ജോലിയല്ല. അതൊക്കെ റാഫേലിനെക്കൊണ്ട് ചെയ്യിക്കൂ’ സിസ്റ്റൈന്‍ ചാപ്പലിന്റെ മച്ചില്‍ ചിത്രങ്ങള്‍ വരയ്ക്കണമെന്ന പോപ്പ് ജൂലിയസ് രണ്ടാമന്റെ കല്‍പ്പന നിരാകരിച്ചുകൊണ്ട് ഇങ്ങനെ തുറന്നടിച്ചു പറഞ്ഞത് മൈക്കലാഞ്ചലോ ആയിരുന്നു. ശില്‍പ്പിയും ചിത്രകാരനും വാസ്തുവിശാരദനും കവിയും ആയിരുന്ന മൈക്കലാഞ്ചലോ ഡി ലോഡോവിക്കോ ബ്യുനാറോട്ടി. പോപ്പിനോട് ഈ നിഷേധവാക്കുകള്‍ പറയുമ്പോള്‍ മൈക്കലാഞ്ചലോയ്ക്ക് വയസ് മുപ്പത്തിമൂന്ന്. അക്കാലത്തിനുള്ളില്‍ വിസ്മയകരമായ മൂന്ന് മാര്‍ബിള്‍ ശില്‍പ്പങ്ങള്‍കൊണ്ട് അദ്ദേഹം ലോകരുടെ ആരാധനാപാത്രമായി കഴിഞ്ഞിരുന്നു. യൂറോപ്പിന്റെ കലാലോകത്ത് ഏകാധിപതിയെ പോലെ വിരാജിക്കുന്ന മഹാശില്‍പ്പിയായി മാറിയിരുന്നു. റോമില്‍ തീര്‍ത്ത ‘പീത്ത്യാ’, ഫ്‌ളോറന്‍സിലെ ഭീമാകാരമായ ദാവീദിന്റെ ശില്‍പ്പം, നോത്രദാം പള്ളിയിലെ, ഉണ്ണിയേശുവുമായി നില്‍ക്കുന്ന കന്യാമറിയത്തിന്റെ മനോഹര രൂപം ഇവയായിരുന്നു. മൈക്കലാഞ്ചലോയ്ക്ക് അനശ്വരതയുടെ വാതില്‍ തുറന്നുകൊടുത്ത ആ മൂന്നു ശില്‍പ്പങ്ങള്‍. അങ്ങനെ ശില്‍പ്പകലയുമായി അഗാധ പ്രണയത്തിലിരിക്കുമ്പോഴാണ് പോപ്പിന്റെ കല്‍പ്പന, ചിത്രം വരയ്ക്കാന്‍. സ്വതവേ പരുക്കന്‍ മട്ടുകാരനായ ശില്‍പ്പിയുടെ പ്രതികരണവും പരുപരുത്തതായി. പക്ഷേ, പോപ്പിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എതിര്‍പ്പൊന്നും വിലപ്പോയില്ല. ഉളിയും ചുറ്റികയും പിടിച്ച കൈകളില്‍ ബ്രഷും ചായങ്ങളുമായി മൈക്കലാഞ്ചലോ സിസ്റ്റൈന്‍ ചാപ്പലിന്റെ മച്ചിലേയ്ക്ക് കെട്ടിയുയര്‍ത്തിയ തട്ടിലേയ്ക്ക് കയറി. അത് ചുവര്‍ച്ചിത്രകലയുടെ ചരിത്രത്തിലെ ഐതിഹാസിക രചനകളാല്‍ സമ്പന്നമായൊരു കാലത്തിന്റെ പ്രകാശനമായിരുന്നു.

Sebastiano-header- michel angelo

സിസ്റ്റൈന്‍ ചാപ്പലിന്റെ ചുവരുകള്‍ക്കുള്ളില്‍ മൈക്കലാഞ്ചലോ, അക്ഷരാര്‍ഥത്തില്‍ തടവിലാക്കപ്പെട്ടു. നാലുവര്‍ഷം നീണ്ട തടവ്! മെരുങ്ങിയ ഒരു സിംഹത്തെപ്പോലെ ശാന്തനായിരുന്നു അദ്ദേഹം. ജൂലിയസ് എന്ന ഏക പരിചാരകന് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട് ചാപ്പലിന്റെ വാതിലുകള്‍ അടച്ച്, അസാധാരണമായ ഉയരമുള്ള തട്ടില്‍ മലര്‍ന്നുകിടന്ന്, പൂശി നനവു മാറാത്ത മച്ചില്‍ ബൈബിളിന്റെ ആത്മാവില്‍ നിന്നും കണ്ടെടുത്ത മഹത്തായ സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും അവിസ്മരണീയ ചിത്രങ്ങളാക്കി. വാസ്തവത്തില്‍ ഈ നാലുവര്‍ഷവും പോപ്പിന്റെ കല്‍പ്പനയുടെ തടവുകാരനായിരുന്നില്ല അദ്ദേഹം. ചിത്രകലയുടെ തടവുകാരനായിരുന്നു. വിശപ്പു മറന്ന് ഉറക്കം മറന്ന് പരിസരമാകെ മറന്ന് തന്നിലെ ശില്‍പ്പിയെ മറന്ന് അക്കാലമത്രയും ചിത്രകലയില്‍ ധ്യാനനിരതനായിരുന്നു മൈക്കലാഞ്ചലോ. അഭൗമമായൊരു ചൈതന്യം ആവേശിച്ചതുപോലെ തട്ടില്‍ നിന്നുമിറങ്ങാതെ അദ്ദേഹം വരച്ചുകൊണ്ടേയിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇറങ്ങി വന്നില്ലെങ്കില്‍ തട്ടില്‍ നിന്നും വലിച്ചു താഴെയിടുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തേണ്ടി വന്നു പരിചാരകനായ ജൂലിയസിന്. അത്രത്തോളം ഗാഢമായൊരു താദാത്മ്യാവസ്ഥയിലെത്തിക്കഴിഞ്ഞിരുന്നു ശില്‍പ്പിയും ചിത്രകലയും തമ്മില്‍. അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞതുപോലെ ‘താളാത്മകമായ സംഗീതം പോലെ മനോഹരമാണ് ചിത്രകല’ എന്നൊരു വെളിപാടിലേയ്ക്ക് അദ്ദേഹം ഉയര്‍ത്തപ്പെടുകയായിരുന്നു.

michel angelo
സിസ്റ്റൈന്‍ ചാപ്പലിന്റെ വാസ്തുരൂപം വളരെ വിചിത്രമായിരുന്നു. കെട്ടിടത്തിനുള്ളില്‍ എപ്പോഴും ഇരുണ്ട അന്തരീക്ഷമായിരുന്നു. ഇടുങ്ങി ഒരു പെട്ടിക്കൂടുപോലെയായിരുന്നു അകത്തളം. എന്നാല്‍ കെട്ടിടത്തിന്റെ ഉയരമാകട്ടെ വളരെ കൂടുതലും. മച്ചില്‍ വിചിത്രമായ അനേകം വളവുകള്‍. കമാനത്തിന്റെ ചരിവിനനുസരിച്ച് വളഞ്ഞ ജനാലകള്‍. ഒരു ചിത്രകാരന് ഒട്ടും സുഗമമല്ലാത്ത പ്രതലം. മൈക്കലാഞ്ചലോ പക്ഷേ, ഒന്നും ഒഴിവാക്കിയില്ല. എല്ലാമുള്‍പ്പെടുത്തി മച്ചില്‍ ഏതാണ്ട് പതിനായിരം ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ അദ്ദേഹം കാലം മായ്ക്കാത്ത ചിത്രങ്ങള്‍ വരച്ചു. വരയില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന അത്ഭുതകരമായ ത്രിമാനത ചിത്രങ്ങളെ ജീവസുറ്റതാക്കി. പ്രതേ്യകിച്ച് ദൈവത്തെയും മലാഖമാരെയും മനുഷ്യരെയും മൈക്കലാഞ്ചലോ വരച്ചത് ശില്‍പ്പങ്ങള്‍ കൊത്തിവയ്ക്കും പോലെയാണ്. ശരീരത്തിന്റെ നിലയ്ക്കനുസരിച്ച് മാംസപേശികളും അസ്ഥികളും ഞരമ്പുകളും എങ്ങനെയാണ് തെളിഞ്ഞും മറഞ്ഞും പ്രകടമാകുന്നത് എന്ന് ഈ ചിത്രങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. ബലിഷ്ഠകാരന്‍മാരാണ് മൈക്കലാഞ്ചലോയുടെ പുരുഷന്‍മാരെല്ലാം. സ്ത്രീശരീരം വരയ്ക്കുമ്പോഴും അതിന്റെ മാര്‍ദവമാര്‍ന്ന ഒഴുക്കിനേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടത് ഒരുതരം പൗരുഷഭാവം ശരീരത്തിനു നല്‍കാനാണ്.

michel angelo paintings
സിസ്റ്റൈന്‍ ചാപ്പലിന്റെ മേല്‍ത്തട്ടില്‍ അദ്ദേഹം വരച്ചിട്ട ഇതിഹാസ ചിത്രകമ്പളത്തില്‍ നടുനായക സ്ഥാനത്തു നില്‍ക്കുന്നത് ഉല്‍പ്പത്തിപുസ്തകത്തിലെ ‘പ്രപഞ്ചസൃഷ്ടി‘യാണ്. ഒന്‍പത് മഹാ പ്രവാചകന്‍മാരുടെ ശിരസുകള്‍ക്ക് മുകളില്‍ അവര്‍ വീക്ഷിക്കുന്ന തരത്തിലാണ് സൃഷ്ടിസങ്കല്‍പം വരച്ചുചേര്‍ത്തിരിക്കുന്നത്. വൃദ്ധനും ആരോഗ്യവാനും തികഞ്ഞ പൗരുഷമുള്ളവനുമാണ് ഈ ചിത്രത്തില്‍, മൈക്കലാഞ്ചലോയുടെ ദൈവം. ചിത്രത്തിന്റെ വലത്തേയറ്റത്ത് ദൈവം വലതുകരത്താല്‍ സൂര്യനേയും ഇടതുകരത്താല്‍ ചന്ദ്രനേയും സൃഷ്ടിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അതിനു തൊട്ടുതാഴെ ദൈവം ഭൂമിയെ സസ്യജാലങ്ങളാല്‍ സമൃദ്ധമാക്കിത്തീര്‍ക്കുന്നു. മധ്യഭാഗത്ത് മാലാഖമാരാല്‍ സേവിതനായ ദൈവം ഭൂമിയില്‍ കരയേയും വെള്ളത്തേയും വേര്‍തിരിക്കുന്നു. ചിത്രത്തിന്റെ ഇടത്തേയറ്റമാണ് ലോകപ്രസിദ്ധമായ മൈക്കലാഞ്ചലോ ചിത്രം വരുന്നത്. ആദാമിന്റെ സൃഷ്ടി. ദൈവം ആദത്തിന് ജീവന്‍ പകരുന്ന മഹത്തായ നിമിഷമാണ് ചിത്രത്തില്‍. ആദം അഗാധമായ ഭക്തിയോടും കൃതജ്ഞതയോടും കൂടി തന്റെ സ്രഷ്ടാവായ ദൈവത്തെ നോക്കുന്നു. ദൈവമാകട്ടെ, ആദത്തിലേയ്ക്ക് ജീവന്റെ ഊര്‍ജ്ജം പകരുമ്പോഴും വരാനിരിക്കുന്ന മനുഷ്യവംശ സൃഷ്ടിക്ക് ആദത്തിനു കൂട്ടായിരിക്കേണ്ട ഹൗവ്വയെ തന്റെ ഇടതുകരത്തിനുള്ളില്‍ വാത്സല്യത്തോടെ ചേര്‍ത്തുവച്ചിരിക്കുന്നു. നരച്ച ശിരസും ദീക്ഷയുമുള്ള വൃദ്ധനായ ദൈവത്തെ ആജ്ഞാശക്തിയുള്ള ഒരു പിതൃരൂപമായിട്ടാണ് മൈക്കലാഞ്ചലോ സങ്കല്‍പിച്ചിരിക്കുന്ന്. ഇന്നും കാലപ്പഴക്കത്താല്‍ വിണ്ടുപോയ ചുമരില്‍ ഈ സൃഷ്ടിചിത്രം നിറം മങ്ങാതെ നില്‍ക്കുന്നു.
മധ്യ ഇറ്റലിയിലെ കാപ്രീസില്‍ 1475ലാണ് മൈക്കലാഞ്ചലോ ജനിച്ചത്. പിതാവ് ലോഡോവിക്കോ ബ്യുനാറോട്ടി, അമ്മ ഫ്രാന്‍സെസ്‌ക ഡി നെറി. മൈക്കലാഞ്ചലോയുടെ ആറാം വയസ്സില്‍ അമ്മ മരിച്ചു. അത് ആ മകന്റെ വ്യക്തിത്വത്തെ തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു. അമ്മയുടെ മരണശേഷം, തന്റെ അറുപതാം വയസ്സുവരെ മൈക്കലാഞ്ചലോ ഒരു സ്ത്രീയുടെ സ്‌നേഹ വാത്സല്യങ്ങള്‍ അറിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് കഴിവുകളൊന്നുമില്ലാത്ത ഉപദ്രവകാരികളായ സഹോദരന്മാരോടും ലുബ്ധനായ പിതാവിനോടുമൊപ്പം തികച്ചും ഒരു പുരുഷലോകത്തിലാണ് അദ്ദേഹത്തിന്റെ ബാല്യം കടന്നുപോയത്. പഠനത്തില്‍ വളരെ മോശമായിരുന്നു. പക്ഷേ എപ്പോഴും ചിത്രങ്ങള്‍ വരച്ചു കൊണ്ടിരുന്നു. വരച്ചുവരച്ച് വീടിന്റെ ചുമരുകളില്‍ വരയ്ക്കാന്‍ തുടങ്ങിയതോടെ പിതാവും സഹോദരന്‍മാരും കുട്ടി മൈക്കലാഞ്ചലോയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. അവന്റെ ദുര്‍ബലമായ കുഞ്ഞുശരീരത്തിന് താങ്ങാവുന്നതിലു-മപ്പുറമായിരുന്നു അത്. എന്നിട്ടും അവന്‍ വരയ്ക്കാനുള്ള അദമ്യമായ ത്വരയില്‍ നിന്നും പിന്‍മാറിയില്ല. ഒടുവില്‍ പതിമൂന്നാം വയസ്സില്‍ മൈക്കലാഞ്ചലോയെ പിതാവ് ഫ്‌ളോറന്‍സിലെ ഡൊമേനികോ ഗിര്‍ലാന്തിയോയുടെ സ്റ്റുഡിയോയില്‍ ചേര്‍ത്തു, ചിത്രകല പഠിക്കാന്‍. ചിത്രകലയില്‍ മാത്രമായിരുന്നു അവിടെ പരിശീലനം. ഒരിക്കല്‍ ശിഷ്യന്മാരെല്ലാം ഡൊമേനികോ വരച്ച ഒരു സ്ത്രീരൂപം നോക്കിപകര്‍ത്തുകയായിരുന്നു.

michel angelo

പെട്ടെന്ന് ചിത്രത്തിലെ സ്ത്രീയുടെ ശരീര ഘടനയില്‍ അപാകത തോന്നിയ മൈക്കലാഞ്ചലോ മറ്റൊന്നും ചിന്തിക്കാതെ ഒരു കനത്ത പെന്‍സിലെടുത്ത് ഗുരുവിന്റെ ചിത്രത്തിലെ അപാകത തിരുത്തി. അത് തികച്ചും ശരിയാണെന്നു ബോധ്യപ്പെട്ടെങ്കിലും ശിഷ്യന്റെ പ്രവൃത്തി ഡൊമേനികോയെ അസ്വസ്ഥനാക്കി. മൈക്കലാഞ്ചലോ പിന്നെ അവിടെ നിന്നില്ല. മറ്റൊരു താവളം തേടി ചെന്നെത്തിയത് ബെര്‍ത്തോള്‍ഡോ എന്ന ശില്‍പിയുടെ പ്രതിമ നിര്‍മ്മാണ കേന്ദ്രത്തില്‍. ഫ്‌ളോറന്‍സിലെ ഭരണാധികാരിയായിരുന്ന ലോറന്‍സോ ഡി മെഡിസിക്കുവേണ്ടി ക്ലാസിക്കല്‍ ശില്‍പങ്ങളുടെ അനുകരണ മാത്യകകള്‍ മാര്‍ബിളില്‍ നിര്‍മ്മിക്കലായിരുന്നു ബെര്‍ത്തോള്‍ ഡോയുടെ പ്രധാന പണി. അവിടെ മാര്‍ബിള്‍ കല്ലുകള്‍ ചുമക്കലും മിനുസപ്പെടുത്തലും മൈക്കലാഞ്ചലോയുടെ ചുമതലയായി. പണിക്കിടയില്‍ വീണു കിടക്കുന്ന ചെറിയ മാര്‍ബിള്‍ കല്ലുകള്‍ പെറുക്കി മൈക്കലാഞ്ചലോ ചെറുശില്‍പങ്ങള്‍ കൊത്തിയുണ്ടാക്കി. കാലം മഹാനായ ഒരു ശില്‍പിക്ക് ജന്മം നല്‍കുകയായിരുന്നു അപ്പോള്‍. അവന് വളര്‍ന്ന് വികസിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയായിരുന്നു. ലോറന്‍സോ ഡി മെഡിസി യാദൃശ്ചികമായി മൈക്കലാഞ്ചലോയുടെ കൊച്ചുശില്‍പങ്ങള്‍ കാണാനിടയായി. അവന്റെയുള്ളിലെ പ്രതിഭയുടെ തിളക്കം അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നെ ഒട്ടും അമാന്തിച്ചില്ല. കല്ലുമിനുസപ്പെടുത്താന്‍ വന്ന ബാലനെ അദ്ദേഹം തന്റെ രാജകീയ ഗൃഹത്തിലേയ്ക്ക് കൂട്ടി. മക്കളോടൊപ്പം സംരക്ഷിച്ചു. മൈക്കലാഞ്ചലോ അവരോടൊപ്പം തീന്‍മേശ പങ്കിട്ടു. അറിവിന്റെ ലോകത്തേയ്ക്ക് പതുക്കെ പതുക്കെ ചുവടുവച്ചു. പ്ലേറ്റോയുടെ മഹത്തായ ചിന്തയുടെ ലോകവും ദാന്തേയുടെ ദിവ്യമായ കവിതയുടെ ആഴങ്ങളും മൈക്കലാഞ്ചലോ അറിഞ്ഞു. അത് ശില്‍പകലാചാതുരിയോടൊപ്പം മറ്റൊരു പ്രതിഭാതലം കൂടി ആശില്‍പിയില്‍ ഉണര്‍ത്തി; കവിതയുടെ തലം. എഴുപത്തിയേഴ് മനോഹര ഗീതകങ്ങളാണ് തന്റെ മഹത്തായ ശില്‍പങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം മൈക്കലാഞ്ചലോ ലോകത്തിനു നല്‍കിയത്.

Michel angelo-The-Crucifixion-of-St-Peter

1492‑ല്‍ ലോറന്‍സോയുടെ മരണത്തോടെ മൈക്കലാഞ്ചലോ ഫ്‌ളോറന്‍സില്‍ നിന്നും റോമിലേയ്ക്ക് പോയി. അപ്പോള്‍ വയസ്സ് പതിനേഴ്. യൗവന തീക്ഷ്ണതയിലേയ്ക്ക് ചുവടുവയ്ക്കുന്ന കാലം. പക്ഷെ, മൈക്കലാഞ്ചലോയ്ക്ക് യൗവ്വനത്തിന്റെ ആകര്‍ഷണീയതയൊന്നുമുണ്ടായിരുന്നില്ല. പരുക്കന്‍ മട്ടുകാരന്‍, എന്തും വിളിച്ചു പറയുന്ന വായാടിത്തമുള്ള ധിക്കാരി. നിരന്തരമായ വഴക്കു കൂടലിന്റെ അടയാളമായി അടികൊണ്ടു തകര്‍ന്ന നാസിക. അസാധാരണ വലിപ്പമുള്ള തോളുകള്‍. ഒരേസമയം നീരസവും ശാന്തതയും പ്രകടമാക്കുന്ന മുഖഭാവം; ഇടുങ്ങിയ കണ്ണുകളിലാകട്ടെ ദു:ഖവും സ്‌നേഹവും ഇടകലര്‍ന്നൊരു സങ്കീര്‍ണ്ണഭാവം. ഇങ്ങനെയൊക്കെയുള്ള മൈക്കലാഞ്ചലോ റോമിലെത്തിയത് തന്റെ ആദ്യ മാസ്റ്റര്‍പീസ് നിര്‍മ്മിക്കാനായിരുന്നു- ‘പീത്ത്യ’ എന്ന ലോകപ്രസിദ്ധ ശില്‍പം. രണ്ടു മനുഷ്യരൂപങ്ങളെ ഒറ്റ വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത യൂറോപ്പിലെ ആദ്യത്തെ ശില്‍പം. ക്രസ്തുവിന്റെ മൃതശരീരം മടിയില്‍ വഹിച്ചിരിക്കുന്ന കന്യാമറിയം. അമ്മയുടെ വാത്സല്യവും തീവ്രമായ വൃഥയും നമുക്കാശില്‍പത്തില്‍ കാണാം. ശില്‍പം പൂര്‍ത്തിയായ ശേഷം റോമന്‍ ജനത അതിന്റെ പിതൃത്വം മറ്റു പല ശില്‍പികളിലുമാരോപിച്ചു തുടങ്ങിയപ്പോള്‍ അസ്വസ്ഥനായ മൈക്കലാഞ്ചലോ ജനങ്ങളുടെ വായടപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ഒരു രാത്രിയില്‍ കള്ളനെപ്പോലെ പതുങ്ങിച്ചെന്ന് ശില്‍പത്തില്‍ സ്വന്തം പേര് കൊത്തിവച്ചു. പിന്നീട് ഫ്‌ളോറന്‍സില്‍ പല ശില്‍പികളും പരീക്ഷിച്ചു പരാജയപ്പെട്ട കൂറ്റന്‍ മാര്‍ബിള്‍ ഫലകത്തില്‍ ഗോലിയാത്തിനെ വധിക്കാന്‍ നില്‍ക്കുന്ന ദാവീദിന്റെ ഗംഭീരമായ ശില്‍പം നിര്‍മ്മിച്ചു. 1533‑ല്‍ വീണ്ടും ചിത്രകാരന്റെ ഭാവത്തിലേയ്ക്ക് മടങ്ങി വന്ന് സിസ്റ്റൈന്‍ ചാപ്പലിന്റെ അള്‍ത്താരയില്‍ ‘അന്ത്യവിധി‘യുടെ അവിസ്മരണീയ ദൃശ്യം സൃഷ്ടിച്ചു. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ മൈക്കലാഞ്ചലോ റോമിനു പ്രിയപ്പെട്ട വാസ്തുവിദഗ്ധനായി മാറിയിരുന്നു. ആര്‍ക്കും പരിഹരിക്കാന്‍ കഴിയാതിരുന്ന വാസ്തുവൈകല്യങ്ങള്‍ അദ്ദേഹം പരിഹരിച്ചു. റോമിലെ പള്ളികളില്‍, പാലങ്ങളില്‍, കൊട്ടാരങ്ങളില്‍ മ്യൂസിയങ്ങളില്‍ ഒക്കെ മൈക്കലാഞ്ചലോയുടെ വാസ്തു വൈദഗ്ധ്യത്തിന്റെ സ്പര്‍ശമുണ്ട്. ജീവിതത്തിന്റെ അവസാന നാളുകളില്‍, ‘ഞാന്‍ വയസായിരിക്കുന്നു. മരണം എന്റെ മേല്‍ അതിന്റെ മേലങ്കിയെറിഞ്ഞിരിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ടുതന്നെ, ലോകത്തിലെ ഏറ്റവും വലിയ പള്ളിയായ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിന്റെ ബൃഹത്തായ താഴികക്കുടത്തിന്റെ മുടങ്ങിക്കിടന്ന നിര്‍മ്മിതിയെ പൂര്‍ണ്ണതയിലെത്തിച്ചു. ആ കര്‍മ്മ സഫലതയില്‍ അദ്ദേഹം എണ്‍പത്തിയൊന്‍പതാം വയസ്സില്‍ മരണത്തെ വരവേറ്റു.
അവസാന വര്‍ഷങ്ങളില്‍ മൈക്കലാഞ്ചലൊ തികച്ചും ശാന്തനും ഋഷിതുല്യനുമായിരുന്നു. അറുപതാം വയസ്സില്‍ ഒരു സ്ത്രീയോടൊപ്പം തുടങ്ങിയ ഹൃസ്വമായ ദാമ്പത്യം, അവരുടെ മരണത്തോടെ അവസാനിച്ചപ്പോള്‍ അദ്ദേഹം തികഞ്ഞ ഒരു സന്യാസിയെപ്പോലെ ജീവിച്ചു. ഒരു ചെറിയ വീട്ടില്‍ ആര്‍ഭാട രഹിതനായി ദരിദ്രരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് തന്റെ സമ്പാദ്യമെല്ലാം പകുത്തു നല്‍കിക്കൊണ്ട് ആ മഹാശില്‍പി സംതൃപ്തിയോടെ ശാന്തതയോടെ മരണമെത്തും വരെയും ജീവിച്ചു.

Michel Angelo- The-Torment-of-Saint-Anthony