Web Desk

November 20, 2020, 12:25 am

അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാൻ ഉത്തരവ്

Janayugom Online

കോഴിക്കോട്: സഹകരണ വകുപ്പിന്റെ അധീനതയിൽ കോഴിക്കോട് പുതിയറയിലുള്ള അപകടാവസ്ഥയിലുളള കെട്ടിടം പൊളിച്ചു നീക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. അഞ്ചു നിലകളുള്ള കെട്ടിടം ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നാണ് സഹകരണ സംഘം ജോ. രജിസ്ട്രാർക്ക് (ജനറൽ) നൽകിയ ഉത്തരവിൽ പറയുന്നത്.
1994 ൽ പൊതുമരാമത്ത് കെട്ടിട വിഭാഗം നിർമ്മിച്ചു നൽകിയ നാലു നിലകളോടു കൂടിയ കെട്ടിടം 2003 ആകുമ്പോഴേക്കും തകർന്നു തുടങ്ങിയിരുന്നു. മേൽക്കൂര ചോരുകയും കെട്ടിടത്തിന് വിള്ളലുണ്ടാവുകയും സീലിംഗ് അടർന്നു വീഴുകയും ചെയ്തതോടെ പല തവണ അറ്റകുറ്റപ്പണികൾ നടത്തി. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിച്ചിരുന്നെങ്കിലും കെട്ടിടത്തിന് കുലുക്കം അനുഭവപ്പെട്ടതിനാൽ പ്രവർത്തനം തുടങ്ങിയ ദിവസം തന്നെ നിർത്തിവെക്കുകയാണ് ഉണ്ടായത്. തകർന്നു തുടങ്ങിയ പഴയ കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് ഇപ്പോഴുള്ള താൽക്കാലിക ഓഫീസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടം തകർന്നാൽ തൊട്ടുചേർന്നുള്ള താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ജീവനും അപകടത്തിലാവുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് കലക്ടർ ഉത്തരവിട്ടിട്ടുള്ളത്.