രാജു സമഞ്ജസ

December 13, 2020, 10:58 am

അഭേദ്യ

Janayugom Online

നിരനിരയായി പല നിറങ്ങളിൽ നിറയെ വീടുകൾ. പഴയ കെട്ടിടങ്ങൾ… പലതും നൂറ്റാണ്ടുകൾ പഴക്കമുളളത്. അഗ്രഹാരം കണക്കെ ഒന്നൊന്നിനോട് ചേർന്നു തോളൊട്ടി നിൽക്കുന്ന വർണ്ണചുവരുകൾ. നീണ്ട അകത്തളങ്ങൾ.
പലരും വാണിജ്യാവശ്യമായി വന്നിവിടെ സ്ഥിരമാക്കിയവർ. ദീപാവലിയും ഹോളിയും വല്യ ആഘോഷമായി കൊണ്ടാടുന്ന ഗുജറാത്തികൾ. വീട്ടിൽ ഹിന്ദിയും മറാത്തിയും പുറമെ നല്ല പച്ച മലയാളവും പറയുന്നവർ.
ഇവർക്കിടയിൽ എങ്ങനെ ഈയൊരു വീട്ടിൽ ഞാനും അമ്മയും മാത്രമായി. . !
അച്ഛൻ…?
ഗുജറാത്തി ആയിരുന്നു പോലും. ഹിന്ദി ഇപ്പഴും സംസാരിക്കാനറിയാത്ത അമ്മ പിന്നെയെങ്ങനെ മാർവാഡിയുടെ ഭാര്യയായി… ?
കഥകൾ പലതും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും അമ്മയോടൊന്നും ചോദിച്ചിട്ടില്ലിതുവരെ. അവർക്കു ഇട്ടു മൂടാൻ മാത്രം വിഷമങ്ങളുണ്ടാവുമ്പോ എന്തു ചോദിക്കാൻ. ആശ്വാസത്തിനായിരുന്നു വീടിന്റെ തെക്കേ ബാൽക്കണിയിലിരുന്ന് രാത്രിയിൽ ഓടക്കുഴലൂതിയിരുന്നത്. അതാണെങ്കിൽ ഒരിക്കലും ഒരുത്തനും സഹിച്ചിട്ടില്ലായിരുന്നു; അമ്മയൊഴിച്ച്. താളബോധമില്ലാത്ത വർഗങ്ങൾ!
“അലൈയ്പായുതേ കണ്ണാ… കാനഡ രാഗം നന്നായിരുന്നു ട്ടോ. . ”
അവളത് പറഞ്ഞത് സീരിയസായിട്ടാരുന്നോ? എന്റെ കുഴലൂത്തിനും ആസ്വാദകയോ? ചിന്തിച്ചു.
“സ്വന്തമായി ഒരു രാഗം ചിട്ടപ്പെടുത്തണം എന്നാലേ കാര്യംളളൂ…”
ഒന്നും മറുപടി പറഞ്ഞില്ല. അപ്രതീക്ഷിത അല്ലെങ്കിൽ അസംഭാവ്യ അനുഭവത്തിൽ ആരും പെട്ടെന്ന് മറുപടി പറഞ്ഞ ചരിത്രവുമില്ലല്ലോ.
“ഒരിക്കലെങ്കിലും കേൾക്കാത്ത ഒരു കാര്യവും ഈ ലോകത്ത് നമ്മൾ പറയുന്നില്ല. അറിയോ. . ?”
ഫിലോസഫിക്കാരി… നീ വീണ്ടും ഞെട്ടിച്ചു. ശരിയാണല്ലോ അത്. ഞാൻ അക്കാര്യം ഓർത്തില്ല. എല്ലാം നമ്മൾ കേട്ടതു തന്നെ. എങ്കിൽ ഇതുവരെ ആരും കേൾക്കാത്ത ഒരു കാര്യം എനിക്ക് പറയണം. അപ്പോ ഞാനാവുമല്ലോ അതിന്റെ സൃഷ്ടാവ്. ആ കണ്ടുപിടുത്തക്കാരൻ! വീണ്ടും ചിന്തയിൽ കുളിർ മഴത്തുളളികൾ. ഒരു പുതുരാഗം കണ്ടെത്തണം ഹിന്ദുസ്ഥാനിയിൽ. ആ രാഗത്തിന് ഇവളുടെ പേരിടണം; അഭേദ്യ. ഭേദിക്കാനാവാത്തത്. കൊളളാം. വീണ്ടും ചിന്തയ്ക്ക് തീപിടിച്ചു.
വല്ലപ്പോഴും കാണാറുളള ഇവൾ ഗാനഭൂഷണം കഴിഞ്ഞവളോ?
ചിലപ്പോ കുറച്ചു ദിവസം സംഗീതം പഠിച്ചിട്ടുണ്ടാവും. അതുവച്ചു പറഞ്ഞതാവുമോ? എന്തായാലും ആ പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു. പുതുപുതു രാഗങ്ങൾ. റഫറൻസുകൾ പലതും തപ്പിയെടുത്തു. ഗുരു പറഞ്ഞു തന്നതും കേട്ടതും അറിഞ്ഞതും എല്ലാം ചേർത്ത് ഓരോന്നും തയ്യാറാക്കി.
അതിനിടയിലാണ് പത്രത്തിൽ മലപ്പുറത്തെപ്പറ്റിയുളള ഒരു ലേഖനം ശ്രദ്ധയിൽപ്പെട്ടത്.
‘നിലമ്പൂർ മുളകൾ.’
ഹരിപ്രസാദ് ചൗരസ്യ ഉപയോഗിക്കുന്ന ഓടക്കുഴലിന്റെ മുള പോലും നിലമ്പൂരിൽ നിന്നും കൊണ്ടുപോയതാണെത്ര! ഹോ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല; ചിന്തകളും. താഴ്ന്ന ശ്രുതിയിലുളള ബാംസുരിയും ഉയർന്ന ശ്രുതിയിലുളള പിക്കോളോയും നിർമ്മിക്കാൻ പറ്റിയ വ്യത്യസ്ത തരം മുളകൾ ഇവിടെയുണ്ടെത്രെ!
രണ്ടു കമ്പുകൾക്കിടയ്ക്ക് രണ്ടു മീറ്റർ വരെ അകലം. നല്ല ഇഴയടുപ്പമുളള നാരുകൾ; ഇതൊക്കെയും സവിശേഷതകൾ. ഞാൻ എന്റെ നാടിനെ അറിയാൻ വൈകിയോ? അല്ലെങ്കിലും ആരും ഒന്നും അറിയുന്നില്ല; അറിയാനൊട്ടു ശ്രമിക്കുന്നുമില്ല. ആകെയുളളത് സ്വീകരണമുറിയിലെ വിഡ്ഢിപ്പെട്ടിയിലെ വിടുവായത്തവും വിളിച്ചു കൂവലുകളും മാത്രമാണല്ലോ. . ഇതൊക്കെ ആരോടു പറയാൻ?
നിലമ്പൂർ ഫ്ളൂട്ടിലൂടെ വിസ്മയമായി മാറാൻ, എന്തു കൊണ്ട് തനിക്കും ആയിക്കൂടാ? ചിന്തിച്ചു ചിന്തിച്ചു ഞാൻ മരിക്കുമെന്നായി.
“ടാ, ഒന്നവിടെ നിന്നേ… ”
അടുത്ത വീട്ടിലെ ഇന്ദ്രജ്കുമാർ.
“നീയാര് ശ്രീകൃഷ്ണനോ? നിന്റെ ഊത്തും കുഴലും… പകലൂതിക്കോ… രാത്രി മനുഷ്യനുറങ്ങണം. മനസ്സിലായോ?
സംഗീതത്തിന്റെ ഗുണവശങ്ങൾ പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല.
എന്റെ സംഗീതം…
എന്റെ ഓടക്കുഴൽ…
എല്ലാം അത്രയ്ക്ക് അരോചകമോ? വിഷമത്തിൽ തിരിഞ്ഞതും ഗേറ്റിറങ്ങി വരുന്ന അഭേദ്യയെ കണ്ടു.
“അയാള് പറയുന്നതൊന്നും കാര്യാക്കണ്ടാ. മ്യൂസിക് എന്താണെന്നറിയാത്തവരാ. വിടൂ… ”
ഒരാളെങ്കിലും ഒപ്പം നിൽക്കാനുണ്ടല്ലോ. ആശ്വസിച്ചുളള നടത്തത്തിനിടയിൽ അവൾ ചോദിച്ചു:
“ശ്രീകൃഷ്ണൻ ഓടക്കുഴൽ പഠിക്കാൻ പോയതായി എവിടെങ്കിലും വായിച്ചിട്ടുണ്ടോ?”
ശരിയാണല്ലോ. എങ്ങും കേട്ടതായറിവില്ല. ഇല്ലെന്ന ഭാവത്തിൽ നിൽക്കെ,
“പക്ഷേ, നന്നായി പുല്ലാങ്കുഴലൂതുമായിരുന്നില്ലേ?
രാധയും മറ്റു ഗോപസ്ത്രീകളും അതിൽ മതിമറന്ന് നിന്നിരുന്നില്ലേ. . ? ”
ശരിയാ. . എനിക്കാണെങ്കിൽ ഗുരുനാഥനുണ്ട്, മറ്റു ചെറിയ സൗകര്യങ്ങളുണ്ട്. എന്നിട്ടും…
ഞാൻ സങ്കടം പറഞ്ഞു:
”എന്നെ എല്ലാരും കളിയാക്കുവാ; ശ്രീകൃഷ്ണനെന്ന് വിളിച്ച്. അപ്പോ എല്ലാ സന്തോഷവുമങ്ങ് പോവും. മടുത്തു.”
“ഓ… അതാണോ. . ?”
മൗമായി നടന്ന നാലടിയുടെ മുഷിപ്പ് മാറ്റിയത്, പിന്നെ എന്റെ ശുഷ്ക വായനയുടെ ഞരമ്പ് പൊട്ടിച്ചത്…  എല്ലാം ആ ഒരു ചോദ്യമായിരുന്നു.
“നിങ്ങൾ ജയദേവ കവിയുടെ ഗീതഗോവിന്ദം വായിച്ചിട്ടുണ്ടോ? ”
“ഇല്ല.”
തുറന്നു പറഞ്ഞു. എല്ലാരും എല്ലാം വായിക്കണമെന്നില്ലല്ലോ. എങ്കിലും വായന വളർത്തിട്ടേയുള്ളൂ; തളർത്തിയിട്ടില്ല ആരേയും.
“വായിക്കണം. . പ്രേമ പാരവശ്യതയാണതിലെ സാർവത്രിക ഭാവം. അതിൽ കൃഷ്ണനെപ്പറ്റി പറഞ്ഞത്… ഹോ, കൃഷ്ണൻ ശരിക്കും ഒരത്ഭുതം തന്നെയാണ്; രാധയും.
അവൾ പതുക്കെ പറഞ്ഞു. ഉള്ളിൽ ചിരിച്ചു. പച്ച ഞരമ്പുകളിൽ പ്രണയത്തിൻ മാദക വിഷം കുത്തി നിറച്ചു ചിരിച്ചു. അങ്ങനെയാണോ എന്ന ഒരു നോട്ടമെറിഞ്ഞു ഞാൻ. അത് മനസിലാക്കിയിട്ടാവണം,
”ശരിയല്ലേ. . ?” എന്നവൾ ചോദിച്ചത്.
ജനനം തന്നെ തടവറയ്ക്കുളളിൽ. ജനിച്ചയുടൻ ഒരു പെരുമഴയത്തുളള കൈമാറ്റം. മാതാപിതാക്കളിൽ നിന്നു പറിച്ചു മാറ്റുക. . കുഞ്ഞായിരിക്കുമ്പഴേ കംസന്റെ വധഭീഷണിയുടെ നിഴലിൽ ജീവിക്കേണ്ടി വരിക. ഒടുവിൽ ഒരു വേടന്റെ അമ്പേറ്റ് ജീവൻ പൊലിയുക.… ഇതിനിടയിൽ രാധയുമായുള്ള മുഗ്ദ്ധപ്രണയമൊഴിച്ചാൽ, ശരിക്കും ഈ ജീവിതത്തിൽ എവിടെയാണ് ആനന്ദചിൻമയത്വം? പറയൂ…”
”അഭേദ്യ, നീ ചില്ലറക്കാരിയല്ല. ഞാൻ വെറും ശിശുവാണ് നിന്റെ അറിവിനു മുമ്പിൽ. കുറ്റബോധം കുന്നോടെ വന്നു നിന്നു കൺമുമ്പിൽ. അവൾ പറയാതെ പറഞ്ഞതിന്റെ പൊരുളും പിടികിട്ടി. ഏതു പ്രതിസന്ധിക്കിടയിലും സംഗീതം കൈവിടരുത്. ആലോചനകൾ തീരുമാനങ്ങൾക്കായി സന്ദേശമയച്ചു കാത്തിരുന്നു. അത് അവനെ നിലമ്പൂർ മുളങ്കാടിലേക്കെത്തിച്ചു. ആദിവാസികൾ മുള വെട്ടുന്ന ശബ്ദം അയാളിലേക്കിരച്ചെത്തി. അഭേദ്യയുടെ വാക്കുകൾ ആ മലയിടുക്കുകളിൽ പ്രതിധ്വനിച്ചുയരുന്നതായവനു തോന്നി.
പുതുരാഗം…
കാറ്റടിക്കുമ്പോൾ മുളയിലകൾക്കിടയിലെ മൃദുസ്വരം അയാളുടെ കാതുകൾ തിരിച്ചറിഞ്ഞു. ഒരു പ്രതിഭയ്ക്കു മാത്രം തിരിച്ചറിയാവുന്ന സൂക്ഷ്മമായ അടയാളങ്ങൾ; കഴിവുകൾ. അന്നേരം അയാൾക്കുളളിലെ ആസ്പന്ദനം തീർത്ത ആനന്ദലഹരി ആട്ടത്തിനിടം നൽകിയാടി നിറഞ്ഞു. സ്വരങ്ങൾ തിരിഞ്ഞു മറിഞ്ഞു കളിച്ചു. ആരോഹണാവരോഹണ ക്രമങ്ങൾ.…
വെട്ടലും തിരുത്തലും ചൊല്ലലും വായനയുമായി ആ മുളയിലക്കാറ്റിന്റെ താളത്തിൽ പിറന്ന ‘അഭേദ്യ’ രാഗം ആയിരുന്നു ആദ്യ ചിട്ടപ്പെടുത്തൽ.
അതിൽ പിന്നെ രാജ്യം പദ്മശ്രീ ആദരവ് നൽകുംവരെ മുപ്പതോളം നൂതന രാഗങ്ങളുമായി ആ രാഗാലാപനവും നീണ്ടു.
എത്ര കഠിന സാഹചര്യത്തിലും സ്വന്തം സംഗീതം സൃഷ്ടിച്ച് നൃത്തം ചെയ്യാൻ കഴിയുന്നവരാണല്ലോ യഥാർത്ഥ വിജയികൾ. അയാൾ അക്കാര്യത്തിൽ വിജയക്കൊടിക്കൂറ നാട്ടി നടന്നു.
ചാനൽ അഭിമുഖത്തിനിടെ അഭേദ്യ, ദേവസൂര്യയുടെ ഓർമ്മകളിലേക്കിറങ്ങി നടന്നു.
പ്രണയിച്ചിറങ്ങിയ നാളുകളിൽ എതിർപ്പുകൾക്കും കുത്തുവാക്കുകൾക്കും ദാരിദ്ര്യങ്ങൾക്കുമിടയിൽ കണ്ണ് നിറയുമ്പോ ചോദിക്കും:
“നമുക്കു രണ്ടു പേർക്കുമൊപ്പം മൂന്നാമനായി ദൈവമുളളപ്പോൾ നീയെന്തിന് സങ്കടപ്പെടണമെന്ന് ”
ദൈവമങ്ങനെയാണ് ഓർക്കാനായി നമ്മളിൽ നിന്നെന്തെങ്കിലും അടർത്തിമാറ്റി കൊണ്ടു പോകും. അനുയാത്രികൻ അകന്നു പോയതോർത്ത അഭേദ്യ അലിഞ്ഞു വന്ന കണ്ണുകൾ കണ്ണsയൂരി തുടച്ചു.
അകത്തു നിന്നും ആനന്ദഭൈരവി രാഗത്തിൽ ഒരു ഓടക്കുഴൽ നാദം ഒഴുകി വന്നവരെ തഴുകി തലോടിപ്പോയി. അഭേദ്യ ഇമയടച്ച് അതാസ്വദിച്ചു തലയാട്ടി.
അവർ പറഞ്ഞു ഈ രാഗത്തിന് രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ കഴിയുമെത്ര! പിന്നെ ചിരി വിടാതെ പറഞ്ഞു:
“എനിക്കതുണ്ടുതാനും.”
മകനാണല്ലോ ഇനി അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത്. അവനാ നാദം തുടർന്നുകൊണ്ടിരുന്നു.