അരങ്ങിലെത്തിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

Web Desk
Posted on January 13, 2019, 9:45 am

കെ ടി ദീപ

സ്വാതന്ത്യ സമരത്തിന്റെ തീഷ്ണ ഏടുകള്‍ ഏകപാത്രത്തിലൂടെ അരങ്ങില്‍

ന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരമൃത്യു വരിച്ച അനേകായിരങ്ങളെ നാം വിസ്മരിച്ചു പോയിട്ടുണ്ട്. അവര്‍ ചരിത്രത്തിന്റെ പുറമ്പോക്കിലാണ്. ആരാണ് കടുംകൈ ചെയ്തതെന്ന് നമുക്കറിയില്ല. അങ്ങനെ, പുറമ്പോക്കിലായവരില്‍ ഒരാളാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തെ ലഘുവായി ഈ ഒറ്റയാള്‍ നാടകത്തിലൂടെ അവതരിപ്പിക്കുകയാണ്. ‘ഘനഗംഭീര ശബ്ദം.……നാടകം തുടങ്ങി. വികാരവിക്ഷോഭങ്ങള്‍ കാണികളുടെ മനസ്സ് ഏറ്റുവാങ്ങി. ഒരു കാലത്തിന്റെ ചരിത്രം വിങ്ങലായി, ആവേശമായി, രോമാഞ്ചമായി മാറി.
പിറന്ന മണ്ണില്‍ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പടക്കളത്തില്‍ പൊരുതി മരിച്ചവര്‍ നിരവധിയാണ്. തങ്ങള്‍ക്കു വേണ്ടി മാത്രമല്ല വരും തലമുറയ്ക്കുകൂടി സ്വാതന്ത്ര്യത്തോടെ ഈ മണ്ണില്‍ ജീവിക്കാന്‍ വേണ്ടി പട നയിക്കുകയും പടയണിയില്‍ അംഗമാവുകയും ചെയ്ത നിരവധി പേര്‍ ചരിത്രത്തിലുണ്ട്. അവരില്‍ അംഗീകാരം ലഭിച്ചവരും വേണ്ടത്ര അംഗീകാരം ലഭിക്കാത്തവരുമുണ്ട്. ചരിത്രത്തിന്റെ താളുകളില്‍ വേണ്ട രീതിയില്‍ കുറിക്കപ്പെട്ടില്ലെങ്കിലും മലബാറിലെ ജനങ്ങളുടെ മനസ്സില്‍ വീരാരാധന പകര്‍ന്ന പോരാളിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷുകാരെ ഈ മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പോരാട്ടം ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നിന്നില്ല. കത്തിപ്പടര്‍ന്ന രോഷാഗ്‌നിയെ കെടുത്തുക ലക്ഷ്യമിട്ട്, കുഞ്ഞഹമ്മദ് ഹാജിയെ വധശിക്ഷക്ക് വിധേയമാക്കി. തോക്കിനു മുന്നിലും ആ ധീര ദേശാഭിമാനി പതറിയില്ല. ‘നിറ ഒഴിക്കുന്നത് മുന്നില്‍ നിന്നു കൊണ്ടാവണം. കണ്ണുകെട്ടരുത്. ഈ മണ്ണു കണ്ടു കൊണ്ടു വേണം എനിക്ക് മരണത്തെ പുല്‍കാന്‍’. ആ ധീരന്റെ അവസാന വാക്കുകള്‍ ദിക്കുകള്‍ ഭേദിച്ചു.……നിറയുണ്ടകള്‍ വര്‍ഷിച്ചു. കുഞ്ഞഹമ്മദ് ഹാജി ചരിത്രത്തിന്റെ ഭാഗമായി. ആ ഓര്‍മകളിലേക്ക് കെ വി അലി പ്രേക്ഷകരെ മുഴുവന്‍ തന്റെ അഭിനയ മികവിലൂടെ ആവാഹിച്ചെടുത്തപ്പോള്‍, ഏക പാത്ര നാടക രംഗത്ത് വിസ്മയ അനുഭവമായി. വിവിധ കഥാപാത്രങ്ങളെയും അവരുടെ സംഭാഷണങ്ങളെയും വ്യത്യസ്ത രീതിയില്‍ പകര്‍ന്നാടാന്‍ അലിക്കു കഴിഞ്ഞു. ഇത് നാടകത്തിന്റെ വിജയത്തിനു പ്രധാന പങ്കുവഹിച്ചു.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഇബ്രാഹിം വെങ്ങരയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. വലിയ ക്യാന്‍വാസില്‍ ചിത്രീകരിക്കപ്പെടേണ്ടതാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം. പക്ഷേ, തന്റെ രചനാപാടവത്തിന്റെ മികവില്‍ ആറ്റിക്കുറിക്കിയെടുക്കാന്‍ കഴിഞ്ഞു. കൊയ്‌ലാണ്ടി റെഡ് കര്‍ട്ടന്‍ പുരോഗമന കലാവേദിക്കു വേണ്ടി വണ്‍ ടു വണ്‍ മീഡിയയാണ് അവതരണ മേല്‍നോട്ടം വഹിച്ചത്. 25 മിനിറ്റു നീളുന്ന നാടകത്തിലൂടെ, ചരിത്രത്തിന്റെ ഏടുകളിലൂടെ മാത്രം പുതിയ തലമുറ അറിഞ്ഞ മലബാറിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പ്രധാന അധ്യായങ്ങളിലൊന്ന് പുന:സൃഷ്ടിക്കപ്പെട്ടു.

കെ വി അലിയുടെ അഭിനയത്തിളക്കത്തിന് മാറ്റുവര്‍ധിപ്പിച്ചു ഈ നാടകം. യുപി സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ, ടാഗോറിന്റെ കഥയെ ആസ്പദമാക്കി രചിച്ച ‘അമ്മേ ഒഴിവുകാലം വന്നു’ എന്ന നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയതാണ് അദ്ദേഹം. പിന്നീട് നിരവധി നാടകങ്ങളിലൂടെ കഥാപാത്രങ്ങള്‍ക്ക് അരങ്ങില്‍ ജീവന്‍ നല്‍കി. ഏതാനും ഹ്രസ്വ ചലച്ചിത്രങ്ങളിലും അഭിനയിച്ചു. .പ്രവാസ ജീവിതത്തിനു ശേഷം തിരിച്ചെത്തിയ അലി കലാരംഗത്ത് സജീവമാണ്. യുവകലാസാഹിതി അംഗമാണ്.റെഡ് കര്‍ട്ടന്‍ പുരോഗമന കലാവേദിയുമായി ആരംഭകാലം മുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. കായലാട്ട് രവീന്ദ്രന്‍ കെപിഎസി യുടെ ആറാം അനുസ്മരണ സമ്മേളനത്തില്‍ ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി‘യുടെ ആദ്യ അവതരണം നടന്നു. മറ്റ് അണിയറ ശില്‍പ്പികള്‍: സഹസംവിധാനം സിദ്ദീഖ് വടകര, പശ്ചാത്തല സംഗീതം നിഷാന്ത് വെങ്ങര, മേക്കപ്പ് രാമചന്ദ്രന്‍, ലൈറ്റ് എഫക്റ്റ് കാശി പൂക്കാട്, ലേ ഔട്ട് രവീന്ദ്രന്‍ പൊരക്കുന്ന്, ഡിസൈന്‍ റനീഷ് പൊരക്കുന്ന്.