Monday
22 Apr 2019

അറബി ഭാഷ ലളിതമാക്കാനുള്ള ശ്രമം ശ്ലാഘനീയം : ശൈഖ് മുഹമ്മദ് കാരക്കുന്ന്

By: Web Desk | Thursday 8 November 2018 10:02 PM IST


Sharja Book Festival
ഡോ. അമാനുല്ല വടക്കാങ്ങരയുടെ പിക്ടോറിയല്‍ ഡിക്ഷണറിയുടെ പ്രകാശനം അബ്ദു ശിവപുരത്തിന് ആദ്യ പ്രതി നല്‍കി ശൈഖ് മുഹമ്മദ് കാരക്കുന്ന് നിര്‍വ്വഹിക്കുന്നു.

ഷാര്‍ജ : ലോകോത്തര ഭാഷകളില്‍ മുന്‍പന്തിയിലുള്ള അറബി ഭാഷ പഠനം വിദ്യാര്‍ത്ഥികള്‍ക്കും തുടക്കക്കാര്‍ക്കും അനായസമാക്കുന്നതിനുള്ള എത് ശ്രമവും ശ്ലാഘനീയമാണെന്ന് പ്രമുഖ ഗ്രന്ഥകാരനും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടറുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടു. മുപ്പത്തി ഏഴാമത് ഷാര്‍ജ അന്താരാഷ്ടട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പിക്ടോറിയല്‍ ഡിക്ഷണറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബി ഭാഷയും സംസ്‌കാരവും ലോകത്ത് സാധിച്ചെടുത്ത വിപ്ലവം മഹത്തരമാണ്. ഏത് കാലത്തും അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിച്ച് വരുന്നു എന്നത് ആ ഭാഷയുടെ മികവാണ് അടയാളപ്പെടുത്തുന്നത്. പിക്ടോറിയല്‍ ഡിക്ഷണറി ഇമേജുകളിലൂടെ വിദ്യാര്‍ത്ഥികളുടെയും പഠിതാക്കളുടെയും മനസ്സില്‍ ഭാഷപഠനം അനായസമാക്കും എന്ന് അദ്ദേഹം പറഞ്ഞു. ഭാഷയും സംസ്‌കാരവും മനുഷ്യ നാഗരികതയുടെ അടയാളങ്ങളാണ്. എല്ലാ ഭാഷകളോടും മലയാളികള്‍ എന്നും സ്‌നേഹം കാണിച്ചിട്ടുണ്ട്. അറബി ഭാഷയോട് മലയാളികള്‍ക്ക് പ്രത്യേകമായ ബന്ധമുണ്ട്. അറബി ഭാഷ പ്രചരിപ്പിക്കാനും എളുപ്പമാക്കുവാനും നടത്തുന്ന ശ്രമങ്ങള്‍ അത് കൊണ്ട് തന്നെ ഏറെ പ്രശംസനീയമാണ് എന്ന് അദ്ദേഹം പറഞ്ഞു. അബ്ദു ശിവപുരം പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഇസ്മയീല്‍ മേലടി, ലിപി അക്ബര്‍, ഷാജി ഹനീഫ, ശ്യാം ചന്ദ്രപ്രകാശ് സംസാരിച്ചു. ലോക ചരിത്രത്തില്‍ തന്നെ ആദ്യ സംരംഭമെന്ന് വിശേിപ്പിക്കാവുന്ന അറബിക് ഇംഗ്‌ളീഷ് പിക്‌ടോറിയല്‍ ഡിക്ഷണറി മുഖ്യമായും സ്‌ക്കൂള്‍ വിദ്യാര്‍ഥികളെയാണ് ലക്ഷ്യം വെക്കുതെങ്കിലും ഏതൊരു ഭാഷാ പ്രേമിക്കും പഠനം അനായാസമാക്കുവാന്‍ സഹായകമാകുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുതെ് മറുപടി പ്രസംഗത്തില്‍ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ആധുനിക വിദ്യാഭ്യാസ രീതിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് ഈ ഡിക്ഷ്ണറി തയ്യാറാക്കിയിരിക്കുന്നത്. ഇമേജുകള്‍ പഠിതാക്കളുടെ മനസില്‍ പെട്ടെന്ന് സ്ഥാനം പിടിക്കുന്നതിനാല്‍ പഠനം സുഗമാക്കാന്‍ ഇത്് ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളേയും തുടക്കക്കാരേയും ഉദ്ദേശിച്ചു തയ്യാറാക്കിയ സചിത്ര അറബി ഇംഗ്‌ളീഷ് ഡിക്ഷ്ണറി പ്രൊജക്ടിന് നാലുഭാഗത്തുനിന്നും വമ്പിച്ച പിന്തുണയാണ് ഇതിനകം തന്നെ ലഭിച്ചിരിക്കുന്നത്. ഭാഷയുടെ വിശാലമായ ലോകത്തേക്ക് കടന്നുവരുവാനും ആസ്വദിക്കുവാനും സഹായിക്കുന്ന പുതിയ പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭാഷകള്‍ മാനവ നാഗരികതയുടെ പൈതൃകങ്ങളാണെന്നും എല്ലാ ഭാഷകളും അറിവിന്റെ ജാലകങ്ങളാണ് നമുക്ക് തുറന്ന് തരുന്നതെന്നും ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. മുന്‍വിധികളില്ലാതെ എല്ലാ ഭാഷകളെ സമീപിക്കുകയും അനായാസകരമായി ഭാഷ പഠനം സാധ്യമാവുകയും ചെയ്യുമ്പോള്‍ വമ്പിച്ച സാംസ്‌കാരിക വിപ്ലവമാണ് ഉണ്ടാവുക. ഭാഷകളും സംസ്‌കാരങ്ങളും നല്ല മനുഷ്യരെയും നല്ല ചിന്തകളെയും ഉണ്ടാക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മാസ്റ്ററിന്റെ പ്രകാശനം ശ്യാം ചന്ദ്രപ്രകാശിന് നല്‍കി ഇസ്മയില്‍ മേലടി നിര്‍വ്വഹിച്ചു.
ബഷീര്‍ തിക്കോടി സ്വാഗതവും സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്‌സാണ് രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്. എക്‌സിബിഷന്‍ സെന്ററിലെ ഏഴാമത് ഹാളിലെ സ്റ്റാള്‍ ZB 20 ല്‍ പുസ്തകം ലഭിക്കുന്നതാണ്.