Monday
18 Feb 2019

അവ്യക്ത നിധനാന്യേവ

By: Web Desk | Friday 4 August 2017 12:08 AM IST

എസ് രാമകൃഷ്ണന്‍
മലയാള ഭാഷയ്ക്ക് മികച്ച സംഭാവനകള്‍ നല്കിയ സാഹിത്യകാരന്‍ എന്ന നിലയ്ക്കു മാത്രമല്ല, പല കാര്യങ്ങളും ശാസ്ത്രീയമായി (എന്നുവച്ചാല്‍ സയന്റിഫിക് ആയി) മലയാളിയുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുള്ള ഒരു ശാസ്ത്ര വിശാരദന്‍ എന്ന നിലയിലും ബഹുമാന്യനാണ് സി രാധാകൃഷ്ണന്‍. എന്നാല്‍ അതുകൊണ്ട് അദ്ദേഹം മകനുമായി ചേര്‍ന്ന് അവതരിപ്പിച്ച അവ്യക്ത എന്ന ആശയം നാം അംഗീകരിക്കണം എന്നില്ലല്ലോ. അങ്ങനെ അദ്ദേഹം പ്രതീക്ഷിക്കുമെന്നും നമ്മള്‍ കരുതുന്നില്ല.
ഈ വസ്തുത ഒരുവശത്ത് ഇരിക്കെത്തന്നെ, അദ്ദേഹം ജനയുഗത്തില്‍ ജൂലായ് 31 നു എഴുതിയ ”തുറന്നു പറയാതെ വയ്യ” എന്ന ലേഖനത്തിലെ ചില കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാതെ വയ്യ. ”ഉപനിഷത്തോ ഉപനിഷത്തുക്കളുടെ സാരസംഗ്രഹമായ ഗീതയോ മതഗ്രന്ഥങ്ങളല്ല. സമത്വസുന്ദരമായ ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയിലേക്കുള്ള മാസ്റ്റര്‍ പ്ലാനുകളാണ്””എന്നതാണ് ഒരു പരാമര്‍ശം. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു വിശ്വാസം എന്നതിലപ്പുറം എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഈ പ്രസ്താവത്തിനില്ല.
സാധാരണ ഗതിയില്‍ മതവും മതഗ്രന്ഥവും ഒക്കെ രൂപപ്പെടുന്നത് പൊടുന്നനെ അല്ല, കുറച്ചു സമയമെടുത്താണ്. ഒരു സാമൂഹ്യ സേവികയായി നമ്മുടെ മുമ്പില്‍ ജീവിച്ചു മരിച്ച മദര്‍ തെരേസ ഏതാണ്ട് 20 വര്‍ഷത്തിനുള്ളില്‍ രോഗശാന്തി പ്രദാനം ചെയ്യുന്ന ദിവ്യാത്മാവായി രൂപാന്തരപ്പെട്ടത് ശ്രദ്ധിച്ചാല്‍ ഇത് എളുപ്പത്തില്‍ മനസ്സിലാകും. മതങ്ങളുടെ ചരിത്രത്തില്‍ മിക്ക കാര്യങ്ങളിലും ഈ പരിണാമം ഇത്ര ഫാസ്റ്റ് അല്ല. ഈ അര്‍ത്ഥത്തില്‍ പല ഉപനിഷത്തുകളും അവ എഴുതപ്പെട്ട കാലത്ത് പ്രപഞ്ച വ്യാഖ്യാനങ്ങളായിരുന്നു എന്ന് സങ്കല്പ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഭഗവദ് ഗീത അങ്ങിനെയല്ല.
സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നിവകള്‍ തമ്മിലും ഇവയും വൈദിക ബുദ്ധ ജൈന മതങ്ങള്‍ തമ്മിലും പലതരം കൊള്ളക്കൊടുക്കലുകളും സംവാദങ്ങളും സംഘര്‍ഷങ്ങളും ഒക്കെ ഒരു സഹസ്രാബ്ദത്തോളം നടന്ന ശേഷം, ഇവയെ എല്ലാം സംക്ഷിപ്തമായി അവതരിപ്പിച്ചും വേദാന്തത്തെ എല്ലാറ്റിനും മുകളില്‍ പ്രതിഷ്ഠിച്ചും എഴുതപ്പെട്ട ഒരു സമാഹാരം ആണ് ഗീത. എഴുതിയത് ഒരാള്‍ ആകണമെന്നില്ല, ഒറ്റയടിക്ക് ആകണമെന്നുമില്ല. എങ്കിലും ഗീതയുടെ സ്വഭാവം ഇതാണ്. ഗീതയില്‍ വെളിപ്പെടുന്ന വേദാന്തത്തിന്റെ ഈ മേല്‌ക്കോയ്മയെ അരക്കിട്ടുറപ്പിക്കുന്ന പണിയാണ് ശങ്കരന്‍ ചെയ്തത്.
ശങ്കരന്റെ പ്രശ്‌നം, വേദാന്തത്തിനു നിരക്കാത്ത വിവിധ വിഗ്രഹാരാധനാ ക്രമങ്ങളെ അംഗീകരിച്ചും പ്രോത്സാഹിപ്പിച്ചും ആണ് അദ്ദേഹം ജനപ്രീതി നേടിയത് എന്നതാണ്. ശൈവ-വൈഷ്ണവ-ശാക്തേയ ആരാധനയുടെയും ഗണേശ-സൂര്യ-സുബ്രഹ്മണ്യ ആരാധനയുടെയും സ്ഥാപകനായി ഇന്ന് അറിയപ്പെടുന്നതും ഏകബ്രഹ്മത്തിന്റെ വക്താവായ ശങ്കരന്‍ തന്നെ ആണല്ലോ.
അതായത്, അന്നുവരെ ഉള്ള ദര്‍ശനങ്ങളെയും മതങ്ങളെയും അപഗ്രഥിച്ചുകൊണ്ട്, വേദാന്തത്തിനു ശ്രേഷ്ഠത കല്‍പിച്ചുകൊണ്ട് എഴുതിയ ഒരു റിലിജ്യസ് തീസിസ് ആണ് ഗീത. മതഗ്രന്ഥമായി തന്നെ എഴുതപ്പെട്ട ഒരു മതഗ്രന്ഥം. ഒരുപക്ഷേ, പടിഞ്ഞാറന്‍ ദേശങ്ങളില്‍ അന്ന് പ്രചാരം ആരംഭിച്ചിരുന്ന ക്രിസ്തുമതത്തെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യം പോലും ഗീതയ്ക്ക് ഉണ്ടായിരുന്നിരിക്കാം.
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ,
അഹം ത്വാം സര്‍വ പാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച
എന്ന ഗീതാശ്ലോകത്തിന് ക്രിസ്തുമതവുമായി ഉള്ള സാദൃശ്യം യാദൃശ്ചികം തന്നെ ആയിരിക്കാന്‍ വഴിയില്ല. ”നീ ശുദ്ധി നേടി വന്നാല്‍ നിന്നെ ഞാന്‍ മോചിപ്പിക്കാം” എന്ന അടിസ്ഥാന ഹൈന്ദവ വാഗ്ദാനത്തില്‍ നിന്നുള്ള വ്യതിചലനം ”നീ മറ്റെല്ലാം വിട്ട് എന്നെ ശരണം പ്രാപിക്കൂ, നിന്നെ ഞാന്‍ സര്‍വ്വ പാപങ്ങളില്‍ നിന്നും മോചിപ്പിക്കാം” എന്ന ഈ ശ്ലോകത്തില്‍ ഉണ്ട്. ഇത് ക്രിസ്തുവിന്റെ വാഗ്ദാനമാണ്.
അതുകൊണ്ട് ഗീത മതഗ്രന്ഥമല്ല എന്ന സി രാധാകൃഷ്ണന്റെ അഭിപ്രായത്തോട് യോജിക്കാന്‍ നിര്‍വാഹമില്ല.
മതഗ്രന്ഥമല്ല എങ്കില്‍ തന്നെ എന്താ? അതില്‍ ഒരു ദര്‍ശനമില്ലേ എന്ന് ചോദിക്കുന്ന നിഷ്‌കളങ്കരും ഉണ്ടാകാം. ആത്മാവ്, ജീവാത്മാ, പരമാത്മാ, മോക്ഷം, കര്‍മ്മഫലം തുടങ്ങി പുനര്‍ജ്ജന്മം വരെ മുറുകെ പിടിക്കുന്ന ഗീത ഒരുതരത്തിലും സയന്റിഫിക് അല്ല. ഇവയെല്ലാം കാലഹരണപ്പെട്ട സങ്കല്‍പ്പങ്ങളാണ്.
എങ്കിലും പലര്‍ക്കും ഈ അന്ധവിശ്വാസങ്ങളെ തള്ളിക്കളയാന്‍ വിഷമമുണ്ടാകും. അവര്‍ പതുക്കെ സ്വന്തം ഇരുമ്പഴികളില്‍ നിന്നു മോചനം നേടട്ടെ. എന്നാല്‍ സമത്വസുന്ദരമായ ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയിലേക്കുള്ള മാസ്റ്റര്‍ പ്ലാനായി ഗീതയെ ശ്രീ. രാധാകൃഷ്ണന്‍ അവതരിപ്പിച്ചത് കടന്ന കൈ ആണ്.
വൈദിക മതത്തിന്റെയും ജന്മിത്തത്തിന്റെയും മൂല്യബോധങ്ങളെ അരക്കിട്ടുറപ്പിച്ച് സമൂഹത്തിലെ ചാതുര്‍വര്‍ണ്യമുള്‍പ്പെടെയുള്ള ഉച്ചനീചത്വങ്ങള്‍ക്കു സ്ഥിരപ്രതിഷ്ഠ നല്കിയ ഗ്രന്ഥമാണ് ഗീത. തങ്ങള്‍ ചെയ്യുന്നതെല്ലാം ശ്രേഷ്ഠമായ ഒരു ദര്‍ശനത്തെ മുന്‍നിര്‍ത്തി ആണ് എന്ന വ്യാജമായ ഒരു പ്രതീതി സൃഷ്ടിക്കാനും ഒരുപക്ഷേ, ഈ ചിന്ത നല്‍കുന്ന മാനസിക സൗഖ്യത്തില്‍ അഭിരമിച്ചുകൊണ്ട് നിത്യജീവിതത്തില്‍ സകല കൊള്ളരുതായ്മകളും അനുവര്‍ത്തിക്കാനുമാണ് വേദാന്തികള്‍ പിന്നീട് ശ്രമിച്ചിട്ടുള്ളത്. വേദാന്തവും ഗീതയും സമൂഹത്തിലെ മേല്‍ത്തട്ടിലെ ചിലരില്‍ മാത്രം തങ്ങിനിന്നു. പത്തൊമ്പതാം നൂറ്റാണ്ടുവരെ താഴേക്കു വ്യാപിച്ചില്ല.
വിവേകാനന്ദന്‍ എത്ര കണ്ടു ഹിന്ദുവാണോ അത്രകണ്ട് താനും ഹിന്ദു ആണ് എന്ന് രാധാകൃഷ്ണന്‍ പറയുന്നു. തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ വിശ്വാസ സ്വാതന്ത്ര്യമാണ്. അതില്‍ നമ്മള്‍ ഇടപെടുന്നത് ശരിയല്ല. ഹിന്ദുമതത്തിന്റെ സാമൂഹ്യഘടന ജന്മിത്തവുമായി അങ്ങേയറ്റം ഇഴുകിച്ചേര്‍ന്ന ഒന്നാണ്. അതിന്റെ സ്വാഭാവിക ഘടകമായ അടിമ-ഉടമ ബന്ധം ഒരുവശത്ത് കൃഷിപ്പണിയും മറുവശത്ത് ഗ്രാമീണ ജീവിതവും ഒരു പ്രത്യേക സന്തുലിതാവസ്ഥ പാലിക്കുന്നു എന്നുറപ്പാക്കി. സന്തുലനം തെറ്റിക്കാന്‍ ശ്രമിച്ചവരെ ശിക്ഷിക്കാനുള്ള വ്യവസ്ഥകളും മാര്‍ഗങ്ങളും അതിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു. മുസ്‌ലിം രാജാക്കന്മാരാകട്ടെ, ബ്രിട്ടീഷുകാര്‍ ആകട്ടെ, ഈ ഘടന മാറ്റാന്‍ ശ്രമിച്ചതേ ഇല്ല. ഇതിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍ ജന്മിത്തം തകരുമ്പോള്‍ ഹിന്ദുമതവും തകര്‍ച്ചയെ നേരിടും എന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടോടെ ഈ സ്ഥിതി സംജാതമായി. നിരവധി വ്യവസായങ്ങളും ചെറുനഗരങ്ങളും ഭാരതത്തിലുടനീളം രൂപപ്പെട്ടു. ജന്മിമാര്‍ പലരും വ്യവസായ പ്രമുഖരായി. കൃഷിപ്പണിക്കാര്‍ വ്യവസായ തൊഴിലാളികളായി. ഇംഗ്ലീഷ് വിദ്യാഭ്യാസ രീതി പ്രചരിച്ചു തുടങ്ങി. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതി വ്യവസ്ഥയും ചോദ്യം ചെയ്യപ്പെട്ടു. ഇത് ഹിന്ദു മതത്തിനു പ്രതിസന്ധി സൃഷ്ടിച്ചു.
ഒരു തകര്‍ച്ചയില്‍ നിന്ന് ഹിന്ദുമതത്തെ രക്ഷിച്ചത് ഒരര്‍ത്ഥത്തില്‍ വിവേകാനന്ദനാണ്. ബ്രിട്ടീഷ് മേല്‍ക്കോയ്മയെ തുരത്താന്‍ ഇന്ത്യയുടെ തിളക്കമുറ്റ ഭൂതകാലം തിരിച്ചുപിടിക്കണം എന്ന ആശയം അന്ന് ശക്തമായത് ഒരുപക്ഷേ, ദേശാഭിമാനപരമായ ഒരാവശ്യം തന്നെ ആയിരുന്നിരിക്കാം. അന്നാണ് നടപ്പുജീവിതത്തിലെ ഹിന്ദുമതത്തെ തള്ളി, വിവേകാനന്ദന്‍ വേദാന്തത്തെ വീണ്ടും പ്രചാരത്തിലേക്ക് കൊണ്ടുവന്നത്. ”നിങ്ങളീ കാണുന്ന ഞാനുണ്ടല്ലോ, അതു ഞാനല്ല” എന്ന് ഒരു മലയാള സിനിമയിലെ ഹാസ്യ കഥാപാത്രം പറയുന്ന പോലെ, ഈ കാണുന്ന ഹിന്ദുമതമുണ്ടല്ലോ, അതു ഹിന്ദുമതമല്ല, അതു വേറെ ആണ്, അതു വേദാന്തമാണ് എന്ന തിയറിയിലൂടെ വിവേകാനന്ദന്‍ ഒരു ഹിന്ദു പുനരുദ്ധാനം പ്രചരിപ്പിച്ചു. ഇത് മറ്റൊരു സന്ദേശമായി ജനങ്ങള്‍ ഉള്‍ക്കൊണ്ടു: നിങ്ങളീ കാണുന്ന ഇന്ത്യയുണ്ടല്ലോ, ഇത് ഇന്ത്യയല്ല എന്നായിരുന്നു ആ സന്ദേശം. ഇതു ദേശീയ പ്രസ്ഥാനത്തിനു കരുത്തു പകര്‍ന്നിട്ടുണ്ട്.
ജാതി വ്യവസ്ഥയെയും ജ്യോതിഷം തുടങ്ങിയ എല്ലാ അന്ധവിശ്വാസങ്ങളെയും ബ്രാഹ്മണ മേല്‍ക്കോയ്മയെയും തുറന്ന് എതിര്‍ത്ത വിവേകാനന്ദന്‍ തന്റെ കര്‍മ്മകാലമായ 1880-1902 കാലഘട്ടത്തോട് ഒരു പരിധിവരെ നീതി പുലര്‍ത്തി. ആ വിവേകാനന്ദന്‍ ഇന്ന് തിരിച്ചുവന്നാല്‍ അന്നത്തെ അത്ര ഹിന്ദുവായിരിക്കില്ല എന്ന വിലയിരുത്തല്‍ അസാധുവല്ല. അപ്പോള്‍ ഇന്നു ജീവിച്ചിരിക്കുന്ന നമ്മള്‍ അന്നത്തെ വിവേകാനന്ദന്റെ അത്ര ഹിന്ദുവാകാന്‍ വ്യഗ്രത കാട്ടേണ്ടതില്ല.
സൃഷ്ടി വാദത്തിന്റെ സ്വാധീനം നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാള്‍ അപ്പുറമാണ്. “പ്രാചീനര്‍ക്ക് പ്രപഞ്ച സ്രഷ്ടാവിനോട് സമയത്തിന്റെ അക്ഷത്തില്‍ അടുപ്പം കൂടുമല്ലോ; അപ്പോള്‍ അവരാകും കൂടുതല്‍ ശരി”എന്ന ന്യായം പലരെയും വഴിതെറ്റിച്ചിട്ടുണ്ട്. സൃഷ്ടിവാദത്തെ ഒരു വാദമായി പോലും കണക്കാക്കാന്‍ കഴിയാത്ത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിലെങ്കിലും ഇത്തരം അപഥസഞ്ചാരങ്ങളെ ചെറുക്കാന്‍ നമുക്ക് കഴിയണം. കഴിയട്ടെ!