Web Desk

January 22, 2020, 6:18 am

ആകാശം തൊട്ട സ്വപ്നം

Janayugom Online

“കാലുകളെന്തിനു എനിക്ക് പറക്കാൻ ചിറകുകളുള്ളപ്പോൾ
ദൂരങ്ങൾ താണ്ടി ഇനി പോവണം, മേഘങ്ങൾക്കിടയിലൂടെ…”

സ്വപ്നങ്ങളെ സ്വന്തമാക്കാൻ ഒന്നും തടസമാകില്ല, എത്രത്തോളം ആത്മാർഥതയുണ്ടോ അത്രത്തോളം ആ സ്വപ്നങ്ങൾ നമ്മളെ തേടിയെത്തിക്കൊണ്ടേയിരിക്കും. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് സ്ത്രീകളെയും അവളുടെ ആഗ്രഹങ്ങളും തളച്ചിടപ്പെടുന്ന രീതി നിലനിന്നിരുന്നു. എന്നാൽ ഇന്ന് ആൺമേൽക്കോയ്മയുള്ള മിക്ക മേഖലകളിലും സ്ത്രീകൾ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരത്തിൽ സമൂഹത്തിലുള്ള എല്ലാവർക്കും മാതൃകയായി തിരഞ്ഞെടുക്കാവുന്ന വ്യക്തിത്വമാണ് കശ്‌മീരിലെ അയിഷാ അസീസ്. പരിമിതികളിൽ നിന്ന് വാനോളം പറന്നുയർന്നു തന്റെ സ്വപ്നം സ്വന്തമാക്കിയ പെൺകരുത്താണ് അയിഷാ അസീസ്.

കുട്ടിക്കാലം മുതൽ ആകാശത്ത് പറക്കുന്നത് അയിഷ സ്വപ്നം കണ്ടിരുന്നു. വിമാനം പറന്നിറങ്ങുന്നതും ഉയർന്നു പൊങ്ങുന്നതും അവൾക്കെന്നും കൗതുകമായിരുന്നു. ഒടുവിൽ ആ ആഗ്രഹത്തെ അവൾ തന്റെ ലക്ഷ്യമായി നെഞ്ചേറ്റി. അങ്ങനെ പതിനാറാമത്തെ വയസിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി അയിഷാ അസീസ് ആകാശത്ത് പാറിപ്പറന്നു. കശ്മീരിൽ ജനിച്ച് മുംബൈയിലെ വോർലി പ്രദേശത്ത് വളർന്ന അയിഷയുടെ മാതാപിതാക്കൾ അവളെ മ‍ഞ്ഞുതാഴ്‌വരയിലേക്കുള്ള യാത്രകളിൽ കൂടെ കൊണ്ടുപോയിരുന്നു. ​​മുംബൈയിൽ നിന്ന് അമ്മയുടെ നാടായ കശ്മീരിലെ ബാരാമുള്ളയിലേക്കുള്ള അയിഷയുടെ യാത്രകൾ വിമാനത്തിലായിരുന്നു. അയിഷയുടെ സ്വപ്നങ്ങൾക്ക് ആദ്യ പ്രചോദനമായി തീർന്നത് നാസ സന്ദർശിക്കാനുള്ള അവസരവും അതിനൊപ്പം നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശയാത്രികനായ ജോൺ മക്ബ്രൈഡിനെ കണ്ടുമുട്ടിയതുമാണ്. മുംബൈ ഫ്ലൈയിംഗ് ക്ലബിന്റെ ലൈസൻസ് ഫോം നേടിയ ശേഷം 2012ൽ അയിഷ നാസയിൽ രണ്ട് മാസത്തെ ബഹിരാകാശ പരിശീലന കോഴ്‌സിനു ചേര്‍ന്നു. പിന്നീട് നാസയിൽ തന്നെ സ്പേസ് ഷട്ടിൽ മിഷൻ, മൈക്രോ ഗ്രാവിറ്റി, മാനെഡ് മാനേവിംഗ് യൂണിറ്റ്, മൾട്ടി-ആക്സിസ് ട്രെയിനിംഗ്, എക്സ്ട്രാ വെഹിക്കിൾ ആക്റ്റിവിറ്റി എന്നിവയിൽ പരിശീലനം പൂർത്തിയാക്കി.

ബഹിരാകാശ യാത്രികയായ സുനിതാ വില്യംസുമായുള്ള കൂടിക്കാഴ്ച അയിഷയുടെ സ്വപ്നങ്ങൾക്ക് ഊർജ്ജമേകി. സ്കൂബ ഡൈവിംഗ്, മൂൺ‑വാക്ക്, ബഹിരാകാശത്തെ ബണ്ണി നടത്തം എന്നിവയെക്കുറിച്ചുള്ള അനുഭവകഥകൾ ആകാശത്തെ എത്തിപ്പിടിക്കാനുള്ള അവളുടെ ആഗ്രഹത്തെ വളർത്തി. 1960 ൽ സ്വകാര്യ പൈലറ്റ് ലൈസൻസ് (പിപിഎൽ) ഹോൾഡറായി വിമാനം ഓടിച്ച ആദ്യത്തെ ഇന്ത്യൻ വനിത റാബിയ ഫ്യൂട്ടാലിയും അയിഷയ്ക്ക് പ്രചോദനമായി.
2012 ജനുവരിയിൽ റഷ്യയിലെ സോകുൽ എയർബേസിൽ നിന്ന് അയിഷ മിഗ്-29 യുദ്ധവിമാനം പറത്തി. ഇന്ത്യൻ വനിതാ പൈലറ്റ്സ് അസോസിയേഷന്റെ (ഐ‌ഡബ്ല്യുപി‌എ) ഓണററി അംഗമാണ് അയിഷ. പരിശീലനത്തിന് ശേഷം 2017ൽ വാണിജ്യ പൈലറ്റ് ലൈസൻസ് ലഭിച്ചു. “ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്നതിലുപരി, തന്റെ ലക്ഷ്യം നേടിയതിൽ ഞാൻ സന്തുഷ്ടയാണ്”. അവൾ അഭിമാനത്തോടെ പറഞ്ഞു. മകളുടെ ആകാശസ്വപ്നം തിരിച്ചറിഞ്ഞ അച്ഛൻ പത്താം ക്ലാസിനുശേഷം അവൾക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. ഇന്ന് ആ അച്ഛനമ്മമാർ ലോകത്ത് ഏറെ സന്തോഷിക്കുന്നവരായിരിക്കും. തന്റെ മകളെ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ സാധിച്ചതിൽ.

ചെറുപ്രായത്തിൽ തന്റെ സ്വപ്നത്തിലേക്കെത്താൻ അയിഷ അനുഭവിച്ച കഷ്ടതകൾ ചെറുതല്ല. പർദ്ദ ധരിക്കാത്തതിനെയും വിമാനം പറത്തുന്നതിനെയും എതിർത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പലപ്പോഴായി അവളെയും മാതാപിതാക്കളെയും പരിഹസിച്ചു കൊണ്ടിരുന്നു. പക്ഷേ ഇത്തരം പരിഹാസങ്ങൾക്ക് അവൾ ചിരിച്ചുകൊണ്ട്, ആത്മവിശ്വാസത്തോടെ മറുപടി നൽകി- “പ്രവാചകന്റെ ഭാര്യ ഹസ്രത്ത് ആയിഷയ്ക്ക് യുദ്ധത്തിൽ ഒട്ടകത്തെ ഓടിക്കാൻ കഴിയുമെങ്കിൽ, എനിക്ക് എന്തുകൊണ്ട് വിമാനം പറത്താൻ കഴിയില്ല ? ”പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്കും, സ്വപ്നങ്ങളെ പാതിവഴിയിൽ വിട്ടുപോകുന്നവർക്കും അയിഷ ഒരു പാഠമാണ്. എത്ര ദൂരത്തിലാണെങ്കിലും തീവ്രമായ ആഗ്രഹങ്ങൾ അത് നമ്മളിലേക്ക് എത്തുക തന്നെ ചെയ്യും.