കട്ടപ്പന: ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കട്ടപ്പന അമ്പലക്കവല പത്തിൽ സജി ഗോപിനാഥൻ(39), തിരുവല്ല നീരേറ്റുപുറം വാലയിൽ സാബു സാമുവൽ(35), ഇയാളുടെ ഡ്രൈവർ തിരുവല്ല മുത്തൂർ പൊന്നാക്കുഴിയിൽ പ്രശാന്ത് പി എസ്(34) എന്നിവരെ വെള്ളയാംകുടിയിൽ നിന്നും ഉപ്പുതറ ചിറ്റൂർ സ്കറിയ ജോസഫ്(ബേബിച്ചൻ-65) വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
വനം വകുപ്പ് തേക്കടി, അയ്യപ്പൻകോവിൽ റേഞ്ചിലെ വനപാലകർ സംയുക്തമായാണ് പരിശോധന നടത്തിയത്. പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തേക്കടി, അയ്യപ്പൻ കോവിൽ റേഞ്ചുകളിലെ ഉദ്യോഗസ്ഥർ പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് കൊമ്പുകൾ വാങ്ങാൻ എന്ന പേരിൽ ഉദ്യോഗസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെട്ടു. 8 ലക്ഷം രൂപയ്ക്ക് കൊമ്പുകൾ വിൽക്കാൻ ധാരണയായി. തുടർന്ന് മൂവരെയും വെള്ളയാംകുടിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്കറിയയെ ഉപ്പു തറയിലെ വീട്ടിൽനിന്നും പിടികൂടിയത്. സ്കറിയയുടെ പക്കൽ നിന്ന് 25000 രൂപയ്ക്കാണ് കൊമ്പുകൾ വാങ്ങിയതെന്നാണ് സജി വനപാലകർക്ക് നൽകിയ മൊഴി. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികൾ മുൻപും കൊമ്പുകൾ വിൽപന നടത്തിയിട്ടുണ്ടെന്നും സംശയമുണ്ട്. പ്രതികൾ എത്തിയ സ്കൂട്ടറുകളും കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തേക്കടി റേഞ്ച് ഓഫീസർ അഖിൽ ബാബു ബാബു അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസർ റോയ് വി രാജൻ, എസ്എഫ്ഒ വി സി സെബാസ്റ്റ്യൻ, ബിഎഫ്ഒമാരായ ജോജി മോൻ പി ആർ, സൂരജ് ലാൽ കെ എസ്, ആർ എൻ പ്രവീൺ, ജിതിൻ വിജയൻ, രാഖി അഗസ്റ്റിൻ, ജയ്സി ജെയിംസ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം വഹിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.