November 28, 2023 Tuesday

ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിതൂക്കി കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം തിങ്കളാഴ്ച

സ്വന്തം ലേഖകൻ
വണ്ടിപ്പെരിയാർ
September 19, 2021 10:14 pm

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കും. രാവിലെ 11ന് തൊടുപുഴ ജില്ലാ സെഷൻസ്(പോക്സോ) കോടതി മജിസ്ട്രേറ്റ് മുമ്പാകെ കുറ്റപത്രം നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ 15 ദിവസം മാത്രം ബാക്കി നിൽക്കെയാണ് 250 ഓളം പേജ് വരുന്ന കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്. ഒക്ടോബർ നാലിന് നൽകേണ്ട കുറ്റപത്രമാണ് തിങ്കളാഴ്ച കോടതിക്ക് മുമ്പാകെ സമർപ്പിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 30- നാണ് സംഭവം പുറം ലോകം അറിയുന്നത്. ആറുവയസ്സുകാരിയായ ബാലികയെ വീടിനുള്ളിൽ കയറിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന് പൊലിസ് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജൂലൈ നാലിന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽവാസിയായ 22കാരനായ അർജുനാണ് പ്രതിയെന്ന് കണ്ടെത്തി പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനത്തിനിടെ കുട്ടി ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി പ്രതി കുട്ടിയെ കെട്ടിതൂക്കുകയായിരുന്നുവെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചിരുന്നു. മിഠായിയും മധുര പലഹാരങ്ങളും നൽകി മൂന്നു വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വന്നിരുന്നതായും പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി. ബാലികയുടെ മൃതദേഹത്തില്‍ നിന്നും തെളിവായി അര്‍ജുന്റെ മുടി ലഭിച്ചിരുന്നു.ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഡമ്മി ഉപയോഗിച്ച് രംഗങ്ങൾ വീണ്ടും നടപ്പാക്കി.
എസ്റ്റേറ്റ് ലയത്തിലെ താമസക്കാരും പ്രതി മിഠായിയും പലഹാരങ്ങളും വാങ്ങിയിരുന്ന കട ഉടമകളെയും ചേർത്ത് 62ഓളം സാക്ഷികളിൽ നിന്നുമാണ് പൊലീസ് തെളിവുകൾ ശേഖരിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നല്കാന്‍ ഉതകുന്ന കുറ്റപത്രമാണ് പോക്സോ കോടതിക്ക് കൈമാറുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ടി ഡി സുനില്‍കുമാര്‍ വ്യക്തമാക്കി.നിലവിൽ പ്രതി അര്‍ജുന്‍ തൊടുപുഴ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.
ഇടുക്കി ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമിയുടെ മേൽനോട്ടത്തിൽ 40 ദിവസം കൊണ്ടുതന്നെ അന്വേഷണം പൂർത്തിയാക്കിയിരുന്നു.പീരുമേട് ഡിവൈഎസ്പി സി ജി സനിൽകുമാർ,വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി ഡി സുനിൽകുമാർ,വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ കെ യു ജമാലുദ്ദീൻ,എഎസ്ഐ സുനിൽ കുമാർ,മുഹമ്മദ് ഷാ,ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.