ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി അനന്തപുരി

Web Desk
Posted on March 02, 2018, 9:44 am

തിരുവനന്തപുരം: വിശ്വാസത്തിന്റെ അഗ്നിയില്‍ മനസമര്‍പ്പണത്തിന്റെ നൈവേദ്യം പാകപ്പെടാന്‍ ഇനി അല്‍പനേരം കൂടി ബാക്കി. അനന്തപുരി വലിയൊരുയാഗശാലയായിമാറി.
ചുണ്ടിൽ  ദേവി സ്തുതികളും മനസ്സിൽ ദേവീരൂപവുമായി വിശ്വാസലക്ഷങ്ങളാണ് രണ്ടു ദിവസമായി നഗരത്തിൽ വന്നടിഞ്ഞത്

നാട്  യാഗശാലയായി മാറാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു. നഗരമാകെ ഉത്സവലഹരിയിലാണ്. എവിടെ നോക്കിയാലും പൊങ്കാല കാഴ്ചകളാണ്. ആറ്റുകാലിലേക്കുള്ള വഴികളിലെല്ലാം പൊങ്കാലക്കലങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ നിരന്നു കഴിഞ്ഞിരുന്നു. വിദൂരമായ സ്ഥലങ്ങളിൽ പോലും സ്ത്രീസംഘങ്ങൾ പൊങ്കാലക്കൊരുങ്ങി കാത്തുനിൽക്കുന്നുണ്ട്

ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 9.30യോടെ ക്ഷേത്രത്തിനകത്ത് നിന്നും പുറത്തിറങ്ങണമെന്ന് അധികൃതര്‍ ഭക്തരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കു ശേഷം രാവിലെ 9.45 നു ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ക്കു തുടക്കം. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോള്‍ ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും  പണ്ടാര അടുപ്പിലും  അഗ്നി ജ്വലിക്കുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 ന്  അടുപ്പുവെട്ട് ചടങ്ങ് നടക്കും ഇതോടെ എല്ലാ പൊങ്കാലക്കലങ്ങളിലും ഒരേ സമയം തീ പകരും.