വിശാഖപട്ടണത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗാം ലിമിറ്റഡിനെ ( ആർഐഎൻഎൽ, വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്) സ്വകാര്യവൽക്കരിക്കാനുള്ള മോഡി സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വകാര്യവൽക്കരണത്തിന്റെ ആദ്യപടിയായാണ് ദക്ഷിണ കൊറിയൻ ഉരുക്ക് കമ്പനിയായ പോസ്കോയുമായി സംയുക്ത സംരംഭത്തിനുള്ള നീക്കങ്ങൾ നടത്തുന്നതെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ പ്ലാന്റ് നിർമ്മാണം ഉൾപ്പടെയുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
വിശാഖപട്ടണത്ത് പുതിയ പ്ലാന്റ് നിർമ്മാണം ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പോസ്കോ കേന്ദ്ര ഉരുക്ക് വകുപ്പ് സെക്രട്ടറി ബിനോയ് കുമാറിന് സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങൾ നടന്നതായും എഐടിയുസി ഉൾപ്പെടെയുള്ള ഇടത് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. കഴിഞ്ഞ വർഷം നവംബർ 29ന് നടന്ന യോഗത്തിൽ ദക്ഷിണ കൊറിയൻ കമ്പനിയായ പോസ്കോയുമായുള്ള സംയുക്ത സംരംഭം സംബന്ധിച്ച് തൊഴിലാളികളോട് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിവരിച്ചിരുന്നു. നിലവിൽ 11,474 തൊഴിലാളികളാണ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ജോലി ചെയ്യുന്നത്. കൂടാതെ 6132 ഉദ്യോഗസ്ഥരും 16,000 കരാർ തൊഴിലാളികളുമുണ്ട്.
കേന്ദ്ര മന്ത്രി പ്ലാന്റ് സന്ദർശിച്ച ദിവസം സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മനുഷ്യചങ്ങല സൃഷ്ടിച്ച് പ്രതിഷേധിച്ചിരുന്നു. നവംബർ 13ന് 1500 തൊഴിലാളികൾ 400 കിലോമീറ്റർ ബൈക്ക് റാലി നടത്തിയിരുന്നു. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് കൊറിയൻ കമ്പനിക്ക് സ്ഥലം നൽകാനുള്ള നടപടികളും രഹസ്യമായി പുരോഗമിക്കുന്നു. നിലവിൽ 22,000 ഏക്കർ സ്ഥലം സ്വന്തമായുള്ള പ്ലാന്റിന്റെ പ്രവർത്തന ശേഷി 7.3 ദശലക്ഷം ടണ്ണാണ്.
English summary: RINL privatization: The protest is getting stronger