ആ രക്തതാരകങ്ങൾ

Web Desk
Posted on March 23, 2020, 7:40 am

ദേശീയവിപ്ലവകാരി ഭഗത്‌സിങ്ങ്, രാജ്‌ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷിക ദിനമാണിന്ന്‌.

വിപ്ലവം ജന്മാവകാശമാണെന്നു വിശ്വസിച്ച ഭഗത്‌സിങ്ങും സഹപ്രവർത്തകരും പോരാട്ടത്തിന്റെ പാത സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. വിപ്ലവകാരികളായ ചെറുപ്പക്കാരുടെ കര്‍മ്മോത്സുകമായ ഒരു യുവജന സംഘടനയ്‌ക്കു ഭഗത്‌സിങ് രൂപം നല്‍കി. അദ്ദേഹം രൂപീകരിച്ച ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ ഇന്ത്യന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്കു മാതൃകയായിരുന്നു. ഭരണകൂടം നിര്‍ദ്ദയമായി അടിച്ചമര്‍ത്തുമ്പോള്‍ അതിനെതിരെ സായുധമായി തിരിച്ചടിക്കണമെന്നു വിശ്വസിച്ച ദേശീയ വിപ്ലവകാരികളുടെ ധാരയെയാണ്‌ ഭഗത്‌സിങ് പ്രതിനിധാനം ചെയ്‌തത്‌. എന്നാലും പാര്‍ലമെന്റുമന്ദിരത്തില്‍ ബോംബെറിയുമ്പോള്‍ ആരെയും കൊല്ലാനോ അപകടപ്പെടുത്താനോ അദ്ദേഹം തുനിഞ്ഞില്ല. ബധിരകര്‍ണങ്ങള്‍ തുറപ്പിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്യുന്നതെന്നദ്ദേഹം പ്രസ്‌താവിച്ചു. സോഷ്യലിസമാണ്‌ ഇന്ത്യയുടെ മോചനപാതയെന്നു അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. നല്ല വായനക്കാരനും ചിന്തകനും എഴുത്തുകാരനും കൂടിയായിരുന്നു ഭഗത്‌സിങ്ങ്‌. ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ വിളിച്ചു കൊണ്ട്‌ സാമ്രാജ്യത്വത്തിന്റെ കൊലക്കയര്‍ ത്രസിക്കുന്ന ചെറുപ്പത്തില്‍ തന്നെ ഏറ്റുവാങ്ങിയ ഭഗത്‌സിങ്ങിന്റെ ഓര്‍മകള്‍ വര്‍ത്തമാനകാലഘട്ടത്തിലെ സമസ്യകളെ നേരിടാന്‍ എല്ലാ തലമുറകള്‍ക്കും ആവേശം പകരും.