Web Desk

February 05, 2021, 8:47 pm

മൂലമറ്റം പവര്‍ ഹൗസിൽ വീണ്ടും പൊട്ടിത്തെറി

Janayugom Online

തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസിലെ നാലാം നമ്പര്‍ ജനറേറ്ററിന്റെ എല്‍എവിറ്റി പാനല്‍ (ലൈറ്റ്നിങ് അറസ്റ്റര്‍ ആന്റ് വോള്‍ട്ടേജ് ട്രാന്‍സ്ഫോര്‍മര്‍) കപ്പാസിറ്റര്‍ പൊട്ടിത്തെറിച്ചു. ഇതേത്തുടര്‍ന്ന് പവര്‍ ഹൗസിലെ എല്ലാ ജനറേറ്ററുകളും നിര്‍ത്തിവെച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിളില്‍ ഇതോടെ വെദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.
വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. പൊട്ടിത്തെറിയുണ്ടായപ്പോള്‍ ഉദ്യോഗസ്ഥര്‍ സമീപത്ത് ഇല്ലാതിരുന്നതിനാല്‍ ആളപയാമില്ല. നാലാം നമ്പര്‍ ജനറേറ്ററില്‍ നിന്നാണ് പവര്‍ ഹൗസിലേക്ക് ആവശ്യമായ വൈദ്യുതി എടുത്തിരുന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ഭൂഗര്‍ഭനിലയത്തില്‍ പുക പടലം നിറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരും മൂലമറ്റം ഫയര്‍ഫോഴ്സ് സംഘവും കാഞ്ഞാര്‍ പൊലിസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
കേന്ദ്ര പൂള്‍ വൈദ്യുതിയും ദീര്‍ഘകാല കരാര്‍ വൈദ്യുതിയും ഒന്നിച്ച് കുറവ് വന്നതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ 5 ദിവസമായി മൂലമറ്റം പവര്‍ ഹൗസിലെ 6 ജനറേറ്ററുകളും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. ഉയര്‍ന്ന വിലയില്‍ പവര്‍ എക്സ്ചേഞ്ചില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാണ് ഇടുക്കിയില്‍ ഉത്പ്പാദനം കുത്തനെ ഉയര്‍ത്തിയത്. ആഭ്യന്തര ഉത്പ്പാനത്തിന്റെ പകുതിയിലധികവും ഇടുക്കി പദ്ധതിയില്‍ നിന്നായിരുന്നു. 12. 385 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉത്പ്പാദനം.
ജനറേഷന്‍ ചീഫ് എഞ്ചിനീയര്‍ സിജി ജോസിന്റെ നേതൃത്വത്തില്‍ രാത്രി വൈകിയും പവര്‍ ഹൗസില്‍ പരിശോധന തുടര്‍ന്നു. പുറത്ത് നിന്ന് കൂടുതല്‍ വൈദ്യുതി എത്തിച്ചാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്. 2020 ജനുവരി 20നും ഫെബ്രുവരി ഒന്നിനും പവര്‍ ഹൗസില്‍ സമാനമായ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം 2021 ജനുവരി 30 ഓടെയാണ് എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തന സജ്ജമായത്. ഇടുക്കി പദ്ധതിയുടെ ആറ് ജനറേറ്ററുകളും തകരാറുകള്‍ പരിഹരിച്ച് സര്‍വീസിലിടാന്‍ കഴിഞ്ഞത് കെഎസ്ഇബിക്ക് ആശ്വാസമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി കമ്മിഷന്‍ ചെയ്ത ആറ് ജനറേറ്ററുകളാണ് ഇടുക്കി പദ്ധതിയിലുള്ളത്. 130 മെഗാവാട്ട് വീതം 780 മെഗാവാട്ടാണ് പൂര്‍ണ്ണ ഉത്പാദന ശേഷി. 19. 2 മില്യണ്‍ യൂനിറ്റ് വരെ വൈദ്യുതി ഒരു ദിവസം പരമാവധി ഉത്പാദിപ്പിക്കാനാകും.