ഇന്ധന ഉപഭോഗം സാധാരണ നിലയിലെത്താൻ ഒമ്പത് മാസമെടുക്കും: ഐഒസി

Web Desk

ന്യൂഡൽഹി

Posted on August 05, 2020, 9:55 pm

കോവിഡിനെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് രാജ്യത്തെ ഇന്ധന ഉപഭോഗം സാധാരണ നിലയിലെത്താൻ ഒമ്പത് മാസമെടുക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി). കമ്പനിയുടെ സാമ്പത്തിക ഡയറക്ടർ എസ് കെ ഗുപ്ത ചൊവ്വാഴ്ചയാണ് ഇക്കാര്യം പറഞ്ഞത്.

ലോക്ഡൗൺ പ്രഖ്യാപിച്ച ഏപ്രിലിൽ ഇന്ധന വില്പന 45.8 ശതമാനം കൂപ്പുകുത്തി. ലോക്ഡൗൺ ഇളവുകൾ നൽകിയ മെയ്‌മാസത്തിൽ ഉപഭോഗത്തിൽ നേരിയ വർധനവ് ഉണ്ടായിരുന്നെങ്കിലും ചില സംസ്ഥാനങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവന്നത് തിരിച്ചടിയായെന്നും ഗുപ്ത പറഞ്ഞു. കോവിഡ് വ്യാപനം തുടരുന്നതിനാൽ പ്രതിസന്ധി പരിഹരിക്കാൻ എത്ര സമയമെടുക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. എന്നിരുന്നാലും സാധാരണ നിലയിലെത്താൻ ഏകദേശം ആറ് മുതൽ ഒമ്പത് മാസം വരെ വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.