ഡോ. ലളിത എം

August 22, 2020, 3:40 am

ഉരുൾപൊട്ടൽ എന്ന പ്രകൃതിദുരന്തം

Janayugom Online

പ്രകൃതിക്ഷോഭങ്ങൾ ലോകമെമ്പാടും വർധിച്ചുവരുന്ന സ്ഥിതിയാണ് നമ്മളിന്ന് കാണുന്നത്. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീതി വിതയ്ക്കുന്നത് കൂടാതെ ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആകമാനം തകിടം മറിക്കുവാൻ പര്യാപ്തമായവയാണ് ഈ പ്രകൃതി ദുരന്തങ്ങൾ. പ്രകൃതിക്ഷോഭങ്ങൾ എവിടെ സംഭവിക്കും എപ്പോൾ സംഭവിക്കും എത്ര വ്യാപ്തിയിൽ ആയിരിക്കും എന്നിവ മുൻകൂട്ടി അറിയാൻ ഇന്ന് സംവിധാനങ്ങൾ, പരീക്ഷണങ്ങൾ ശാസ്ത്രലോകത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അതിൽ പരിപൂർണ്ണ വിജയം കണ്ടെത്താനായിട്ടില്ല. ഭൂകമ്പം, മലയിടിച്ചിൽ, ചുഴലിക്കാറ്റ്, അഗ്നിപർവ്വതസ്ഫോടനം എന്നീ പ്രകൃതിദുരന്തങ്ങളിൽ ഭൂകമ്പമാണ് ഏറ്റവും വിനാശകരമായത് എങ്കിലും കേരളം പോലുള്ള ഉയർന്ന പർവ്വത പ്രദേശങ്ങളിൽ നാശം വിതയ്ക്കുന്നതും പ്രാധാന്യമർഹിക്കുന്നതുമായ ദുരന്തം മലയിടിച്ചിലാണ്. മലഞ്ചെരുവുകളിൽ നിന്നും മണ്ണ്, പാറ അല്ലെങ്കിൽ മണ്ണും പാറയും ചേർന്ന മിശ്രിതം ജലപൂരിതാവസ്ഥയിൽ താഴ്ന്നപ്രദേശങ്ങളിലേക്ക് അതിവേഗത്തിൽ പ്രവഹിക്കുന്ന പ്രതിഭാസത്തെയാണ് ഉരുൾപൊട്ടൽ എന്ന് വിവക്ഷിക്കുന്നത്.

ഉരുൾപൊട്ടൽ കേരളത്തിൽ

ഹിമാലയൻ മേഖല കഴിഞ്ഞാൽ ഇന്ത്യയിൽ രണ്ടാമത് മലയിടിച്ചിൽ നടക്കുന്നത് കേരളത്തിലെ പശ്ചിമഘട്ട മേഖലയിലാണ്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് അതിന് കുറേയൊക്കെ കാരണമായിട്ടുണ്ട്. ഭൗമശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഇന്ത്യയുടെ പശ്ചിമതീരം അതായത് ഭ്രംശമേഖലയിൽ സ്ഥിതിചെയ്യുന്ന കേരളം വർഷക്കാലത്ത് ഉരുൾപൊട്ടലിന്റെ ഭീഷണിയിലാണ്. കഴിഞ്ഞ ഓഗസ്റ്റിൽ വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും കോഴിക്കോട്ടെ കാട്ടിപ്പാറയിലും കണ്ണൂരിലെ മാക്കൂട്ടം ഇരിട്ടി ചുരവുമാണെങ്കിൽ ഈ വർഷം ഇടുക്കിയിലെ പെട്ടിമുടിയിലാണ് ദുരന്തപ്പെയ്ത്ത്. 56 പേരെ തിരിച്ചറിഞ്ഞെങ്കിലും ഇനിയും എത്രയോ പേർ മണ്ണിനടിയിൽ അകപ്പെട്ടിരിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷം തുടങ്ങുമ്പോൾ തന്നെ എല്ലാവർഷവും ഇത് ആവർത്തിക്കുന്ന പ്രകൃതിദുരന്തമായി മാറുന്നു. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ഏകദേശം 295 ജീവനുകളാണ് 85 വലിയ ഉരുൾപൊട്ടലിലൂടെ 1961 മുതൽ 2016 വരെ കേരളത്തിൽ നഷ്ടമായിട്ടുള്ളത്. ഇന്ന് അത് 400 കടന്നിരിക്കും. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന കേരള സംസ്ഥാനത്തിന്റെ 40 ശതമാനം ഭാഗവും മലമ്പ്രദേശങ്ങളാണ്. ഈ മലയോരഭൂവിൽ നിക്ഷിപ്ത വനമൊഴികെയുള്ള പ്രദേശങ്ങളെല്ലാം തന്നെ ജനവാസത്തിനും കൃഷിക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നു.

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഏകദേശം 8,920 സ്ക്വയർ കി. മീറ്ററോളം വിസ്തൃതി ഉൾക്കൊള്ളുന്ന 21 ടോപോഗ്രാഫിക് മാപ്പുകൾ കേരളത്തിൽ തയ്യാറാക്കിയിട്ടുണ്ട്. മാപ്പുകൾ പ്രകാരം 14 ജില്ലകളിൽ വച്ച് 13ഉം ഉരുൾപൊട്ടൽ സാധ്യതാ മേഖലകളാണ്. അതിൽ തന്നെ ഇടുക്കിയാണ് ഏറ്റവും തീവ്രമായത്. പെട്ടിമുടിയിലെ ദുരന്തം ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. 217 ഉരുൾപൊട്ടലുകളാണ് കഴിഞ്ഞവർഷം വരെ അവിടെ നടന്നിട്ടുള്ളത്.

ഉരുൾപൊട്ടൽ നിയന്ത്രിക്കുന്നതിനും തടയുന്നതിനും വേണ്ടിയുള്ള അതോറിറ്റിയുടെ രേഖയിൽ പറയുന്ന പ്രകാരം കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 14.4 ശതമാനം അതായത്, 5.607 സ്ക്വയർ കി. മീറ്റർ ഉരുൾപൊട്ടൽ ഉണ്ടാവാൻ സാധ്യതയുള്ള മേഖലയാണ്. അതിൽ തന്നെ 77 താലൂക്കുകളിൽ 10 താലൂക്കുകൾ ഏറ്റവും കൂടുതൽ സാധ്യതാ മേഖലയും 25 എണ്ണം മോഡറേറ്റ് സാധ്യതാമേഖലയും 14 എണ്ണം കുറച്ച് സാധ്യതയുള്ളവയുമാണ്. ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ പഠനങ്ങളുടെ വെളിച്ചത്തിൽ ഉരുൾപൊട്ടൽ കൂടുതലും നടക്കുന്നത് മേൽപറഞ്ഞ പരിസ്ഥിതി ലോലപ്രദേശങ്ങളിൽ മനുഷ്യന്റെ ഇടപെടലുകളായ ക്വാറികളുടെ എണ്ണക്കൂടുതലും റോഡുകളുടെയും കെട്ടിടങ്ങളുടെയും വർധനവും കാണാൻ കഴിയും. മഴയുടെ ആധിക്യവും വനനശീകരണവും നീർച്ചാലുകളുടെ തടസവും അശാസ്ത്രീയമായ കൃഷിരീതികളും (മണ്ണിനെ പിടിച്ചു നിർത്താൻ പറ്റാത്ത വേരുകൾ) കുന്നിൻ ചെരിവുകളെ ദുർബലമാക്കി മലയിടിച്ചലിന്റെ തോത് കൂട്ടുന്നു. ഏകദേശം 5,924 വലുതും 867 ചെറുതുമായ ക്വാറികൾ ഇന്ന് കേരളത്തിലുണ്ട്. ഏറ്റവും കൂടുതൽ പാലക്കാട് ജില്ലയിലാണ്. ക്വാറികളിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ ഭൂമിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ തകർക്കുകയും നീരൊഴുക്കിനെ തടസ്സപ്പെടുത്തി വെള്ളം കെട്ടിനിൽക്കാനും മലയിടിച്ചിലിനും ഇടവരുത്തുന്നു.

നമ്മുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന സാരമായ ഭീഷണിയുണ്ടാക്കുന്ന ഉരുൾപൊട്ടലിന്റെ കാരണങ്ങൾ ഇവ ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് ഒരു വിശകലനമാണ് ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യതകൾ

ഒരു സ്ഥലത്ത് ഉരുൾപൊട്ടലുണ്ടാവാനുള്ള സാധ്യത ആ പ്രദേശത്തെ ഭൂമിയുടെ ചരിവ്, മണ്ണിന്റെ ഘടന, ഭൂവിനിയോഗം, നീർച്ചാലുകളുടെ വിന്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ അമിതമായ മഴ, ഭൂഘടനയിൽ മനുഷ്യന്റെ പ്രവൃത്തികൾ വരുത്തുന്ന മാറ്റങ്ങൾ എന്നിവയും പ്രേരകശക്തികളാകുന്നു. ചെങ്കുത്തായ മലഞ്ചെരിവുകളുടെ ചരിവ് 200 ഡിഗ്രിയിലധികമാവുകയും ഇത്തരം ചരിവുകളുടെ ദൈർഘ്യം കൂട്ടുകയും ചെയ്താൽ അപകടസാധ്യതയേറുന്നു. ചരിവു കൂടിയ പ്രദേശങ്ങളിലെ മണ്ണിന്റെ ഘടന ഉരുൾപൊട്ടലിന് ഹേതുവാകുന്നു.

പല പാളികളായി പരിണമിച്ച മണ്ണിന് (matured soil) താരതമ്യേന ഉറപ്പ് കൂടുതലാണ്. എന്നാൽ മണ്ണും പാറയും കലർന്ന മിശ്രിത മൺപാളിക്ക് ഉറപ്പ് കുറവായതിനാൽ മഴക്കാലത്ത് ഇത് ജലപൂരിതമാകുമ്പോൾ ഉരുൾപൊട്ടലിനുള്ള സാധ്യത വർധിക്കുന്നു.

ജലാംശം വർധിക്കുന്നതിനനുസരിച്ച് ജലം ചരിവുകളിലൂടെ താണിറങ്ങി മണ്ണിന്റെ ഘർഷണബലം കുറച്ച് അടിഭാഗത്തുള്ള മണ്ണ് ഒന്നാകെ താഴേക്ക് ഊർന്നിറങ്ങുന്നു. പുത്തുമലയിൽ അതാണ് സംഭവിച്ചത്. ഭൂവിനിയോഗം ഉരുൾപൊട്ടലിനെ ഒരു പരിധിവരെ നിയന്ത്രിക്കുന്നു. നിബിഡ വനങ്ങളിലും പുൽമേടുകളിലും മികച്ച രീതിയിൽ സസ്യാവരണങ്ങൾ ഉള്ള പ്രദേശങ്ങളിലും ഉരുൾപൊട്ടൽ താരതമ്യേന കുറവാണ്. വനനശീകരണത്തിന് വിധേയമായ മലഞ്ചെരിവുകളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടാകുന്നത്. മണ്ണിന്റെ പ്രകൃത്യാലുള്ള ഘടനയ്ക്ക് മാറ്റംവരുത്തുന്ന പ്രവൃത്തികൾ ഇതിന്റെ സാധ്യത കൂട്ടുന്നു.. നീർച്ചാലുകളുടെ വിന്യാസം: മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ ചെറിയ ചാലുകളായി മലമടക്കുകൾക്കിടയിലൂടെ ഒഴുകി സമതലത്തിലെത്തുന്നു. ഇവയെ കൂടാതെ മഴക്കാലത്തുമാത്രം ജലനിർഗമനത്തിനുതകുന്ന ചെറുചാലുകളിൽ ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒലിച്ചുവരുന്ന മണ്ണടിഞ്ഞുകൂടി ഉരുൾപൊട്ടലായി താഴേക്കു പതിക്കാൻ കാരണമാകുന്നു.

കേരളത്തിൽ ഉണ്ടാകുന്ന ഉരുൾപൊട്ടലിന്റെ ഏറ്റവും പ്രധാനഘടകം കനത്തമഴയാണ്. മൺസൂൺ കാലത്തെ അതിവർഷവും ന്യൂനമർദ്ദം കൊണ്ടുണ്ടാകുന്ന തീവ്രമായ മഴയും പലപ്പോഴും ഉരുൾപൊട്ടലിന് ഹേതുവാകുന്നു. 20 സെന്റീ മീറ്ററിലധികം മഴ ഏതാനും മണിക്കൂറിനുള്ളിൽ പെയ്യുമ്പോഴും ഉരുൾപൊട്ടൽ സംഭവിക്കാം. ഇതിനെ മേഘവിസ്ഫോടനം എന്ന് വിളിക്കുന്നു. പശ്ചിമഘട്ടത്തിൽ ശരാശരി 5,000 മില്ലീ മീറ്റർ മഴയാണ് ഒരു വർഷം ലഭിക്കുന്നത്.

വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയിൽ വരുത്തുന്ന വ്യതിയാനങ്ങൾ ഉരുൾപൊട്ടലിന്റെ ആക്കം കൂട്ടുന്നു. ഒരു കാലത്ത് വനനിബിഡമായിരുന്ന മലഞ്ചെരിവുകൾ തോട്ടവിളകളും ജനവാസവുമായി ബന്ധപ്പെട്ട വികസന പ്രക്രിയകൾക്കും വഴിമാറിക്കൊടുത്ത്ത്, ദുർബലമായ കുന്നിൻചെരിവുകൾ നികത്തി വീട് വയ്ക്കുന്നത്, റോഡ് വെട്ടുന്നത്, തോടുകളും നീർച്ചാലുകളും നിർമ്മിക്കുന്നത് എന്നിവ അവയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. 160 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങളിൽ വെള്ളം പിടിച്ചുനിർത്താൻ ശ്രമി­ക്കുന്നത് അപകടകരമാണ്.

പരിഹാര നിർദ്ദേശങ്ങൾ

പ്രകൃതിക്ഷോഭങ്ങൾ പ്രകൃതിയുടെ പരിണാമത്തിലോ അവിഭാജ്യ ഘടകങ്ങളായതിനാൽ അവയെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാൻ സാധ്യമല്ല. ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടേയും സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ പഠനങ്ങളുടെയും വെളിച്ചത്തിൽ കുത്തനെയുള്ള ചെരിവും, കനത്തമഴയും സസ്യാവരണത്തിന്റെ കുറവു മൂലമുണ്ടായ സുഷിരങ്ങളിലൂടെയുള്ള വെള്ളം ഊർന്നിറങ്ങലുമാണ് കേരളത്തിൽ ഉരുൾപൊട്ടൽ കൂടുന്നത്.

വയനാട്ടിൽ കരിങ്കൽക്വാറികൾ ഒരുപാട് പരിസ്ഥിതിലോല പ്രദേശങ്ങളെ ഉരുൾപൊട്ടൽ മേഖലയാക്കി മാറ്റി. ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലെ പഠനങ്ങൾ ആ മേഖലയിലെ ഉരുൾപൊട്ടലിന്റെ തോതും തീവ്രതയും മനസ്സിലാക്കി വാസസ്ഥലങ്ങൾ മാറ്റാൻ സാധിക്കും. ജി­എസ്­ഐയുടെ ഉരുൾപൊട്ടൽ സോണിംഗ് നിയമാവലിക്കനുസരിച്ചുള്ള ജനവാസവും കൃത്യമായ ഭൂവിനിയോഗ പ്ലാനിങ്ങും ഉണ്ടെങ്കിൽ ഉരുൾപൊട്ടൽ സാധ്യതയും ദുരന്ത തീവ്രതയും ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

ഇഐഎ പോലുള്ള പരിസ്ഥിതിയാഘാത പഠനങ്ങൾ നടത്തുമ്പോൾ ഭൂരിഭാഗം ജനവിഭാഗത്തിന്റെ അഭിപ്രായങ്ങൾ മാനിച്ച് പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ നടപ്പിൽ വരുത്തണം. ചെങ്കുത്തായ കുന്നുകളിൽ ബഹുനില കെട്ടിടങ്ങളോ, റോഡുകളോ, നിർമ്മിക്കുമ്പോൾ അവയെ ജെന്റിൽ സ്ലോപ് ആക്കി മാറ്റുക. മലമ്പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതയേറിയ പ്രദേശങ്ങളിൽ ആൾതാമസം ഒഴിവാക്കുകയാണ് അഭികാമ്യം. മണ്ണ് സംരക്ഷണത്തിനായി 200 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങളിൽ കയ്യാല നിർമ്മിക്കുമ്പോൾ മഴവെള്ളം വാർന്നു പോകാനുള്ള ചാലുകൾ ഒരുക്കിയിരിക്കണം. മലയോര പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ആ പ്രദേശങ്ങളുടെ സമഗ്രമായ അപഗ്രഥനം നടത്തുകയും ആവശ്യമായ സംരക്ഷണ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. കേരളത്തിൽ ക്വാറികൾ അനുവദിക്കുന്നതിനുള്ള നിയമം പരിസ്ഥിതിക്കനുയോജ്യമായി തിരുത്തപ്പെടേണ്ടതാണ്. എങ്കിൽ മാത്രമേ അനധികൃത ക്വാറികളുടെ എണ്ണം കുറയുകയുള്ളൂ. കൂടാതെ ബോധവത്ക്കരണം കൂടിയുണ്ടെങ്കിൽ മഴക്കാലത്ത് ഇത് നേരിടാൻ തയ്യാറെടുക്കുവാനും അങ്ങനെ കാഷ്വാലിറ്റികൾ കുറക്കാനും സാധിക്കും.

ചുരുക്കത്തിൽ ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത് താഴേത്തട്ടിൽ നിന്ന് സൂക്ഷ്മതലത്തിലുള്ള മാപ്പിംഗും ഉരുൾപൊട്ടൽ മേഖലകൾ തിരിച്ചുള്ള ഒരു ദുരന്ത നിവാരണ സംവിധാനവും ബോധവത്ക്കരണവും ഇതിന്റെ ചെറുത്തുനിൽപ്പിന് അത്യാവശ്യമാണ്. ശാസ്ത്രീയമായ ഭൂവിനിയോഗ രീതി അവലംബിക്കുകയും ഓരോ വർഷവും ഇത്തരം മാപ്പിംഗ് നടത്തിയ രേഖകൾ ലോക്കൽ, പഞ്ചായത്ത് തലത്തിൽ ജനങ്ങളിലേക്ക് എത്തിച്ച് അവലോകനം നടത്തുകയും പ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കുകയും ചെയ്താൽ മാത്രമേ ദുരന്ത നിവാരണം ഫലവത്താകുകയുള്ളൂ. ഒരു ദീർഘനാളത്തെ പ്ലാനിംഗ് അതിന് ആവശ്യമാണ്. മനുഷ്യൻ തന്റെ വിവേകമില്ലാത്ത പ്രവൃത്തികളിലൂടെ പ്രകൃതിയുടെ മേൽ ഏൽപ്പിക്കുന്ന ആഘാതം പ്രകൃതിയുടെ തിരിച്ചടികൾക്കും ദുരന്തങ്ങൾക്കും കാരണമാകുന്നു. പ്രകൃതിക്കിണങ്ങിയ ജീവി­തശൈലിയിലൂടെ മാത്രമേ നമുക്ക് പ്രകൃതി­ക്ഷോഭ­ങ്ങ­ളുണ്ടാക്കുന്ന ദുരന്തങ്ങളെ ലഘൂകരിക്കാൻ സാധിക്കൂ.

(കാസർകോട് മൊഗ്രാൽപുത്തൂർ

ജിഎച്ച്എസ്എസ് പ്രിൻസിപ്പലും

ജിയോളജി അധ്യാപിക­യുമാണ് ലേഖിക)