Web Desk

April 02, 2021, 11:30 am

എതിരാളികൾക്ക് ബാലികേറാമലയായി ധർമ്മടം മണ്ഡലം

Janayugom Online

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ തുടർഭരണത്തിനുള്ള പ്രവർത്തനങ്ങൾക്ക് വിശ്രമമില്ലാതെ പടനയിക്കുകയാണ്. പ്രതിയോഗികൾക്ക് എന്നും ബാലികേറാമലയാണ് ധർമ്മടം. പിണറായിയെ വിറപ്പിക്കുമെന്ന് വീമ്പിളക്കിയവർക്ക് പോലും പിന്നീട് ഒളിച്ചിരിക്കേണ്ട സ്ഥിതിവിശേഷം വന്നുചേർന്നു. ജനങ്ങളെയാകെ ഇളക്കി മറിച്ച് കൊണ്ടുള്ള പ്രചരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ധർമ്മടം മണ്ഡലത്തിൽ നടന്നത്. ജനിച്ചുവീണ മണ്ണിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് തന്റെ മുന്നണിയുടെ വിജയത്തിനായി കേരളത്തിലാകെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. 1939ൽ പിണറായി പാറപ്രത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുത്ത മണ്ണ്. എന്നും ഇടതുപക്ഷത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച മണ്ണാണ് ധർമ്മടം.

ബ്രണ്ണൻ കലാലയത്തിലൂടെയാണ് പിണറായി വിജയൻ പൊതുരംഗത്ത് കടന്നുവന്നത്. അടിയന്തരാവസ്ഥകാലത്ത് ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. അവശതഅനുഭവിക്കുന്നവരെ സഹായിക്കുന്ന പിണറായി വിജയനെ ആർക്കുമറിയില്ല. രാഷ്ട്രീയ എതിരാളികളായാൽ പോലും ജോലി വാങ്ങിച്ചുകൊടുത്തതുൾപ്പെടെ എത്രയോ സംഭവങ്ങൾ ചൂണ്ടികാണിക്കുവാന്‍ സാധിക്കും. പക്ഷെ ആരോടും കൊട്ടിഘോഷിക്കാറില്ല. പിണറായിക്കൊപ്പം പഠിച്ച പൊന്ന്യം മൂന്നാംമൈലിലെ പരേതനായ രഘുമാസ്റ്റർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ നന്മമനസ് തൊട്ടറിഞ്ഞ നിരവധി പേരിലൊരാളാണ്. രഘു മാസ്റ്റർ തിരുവനന്തപുരത്ത് പ്രമോഷൻ കിട്ടി സ്കൂളിൽ ജോലിക്കെത്തിയ സമയം അവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ നേരിട്ട് പോയി കാര്യം അവതരിപ്പിക്കാമെന്ന് രഘുമാസ്റ്റർ സ്കൂളിലെ മറ്റ് അധ്യാപകരോടായി പറഞ്ഞു. താൻ പിണറായി വിജയന്റെ സഹപാഠിയായിരുന്നുവെന്നും പിണറായി വിജയൻ സ്കൂളിൽ എസ് എഫ്ഐ നേതാവായി നിൽക്കുമ്പോൾ എതിര്‍ ഭാഗത്ത് കെഎസ്­യുവിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു താനെന്നും പറഞ്ഞപ്പോൾ വൈദ്യുതി ലഭിക്കുമെന്ന കാര്യത്തിൽ അധ്യാപകർക്ക് യാതൊരുവിധ പ്രതീക്ഷയുമുണ്ടായിരുന്നില്ല. 

പിണറായി വിജയൻ കർക്കശക്കാരനാണെന്ന് പൊതുവെയൊരു ധ്വനിയുള്ളതിനാൽ തങ്ങളോട് സംസാരിക്കുമോയെന്ന് പോലും അധ്യാപകർ ചിന്തിച്ചിരുന്നു. എന്നാൽ അവിടെയെത്തിയപ്പോൾ യോഗത്തിലായിരുന്ന പിണറായി വിജയൻ അല്പസമയത്തിന് ശേഷം കാണാൻ വരികയും രഘുവിനെന്താണ് ആവശ്യമെന്ന് പറ‍ഞ്ഞ് കെട്ടിപിടിക്കുകയുമായിരുന്നു. കാര്യം അവതരിപ്പിച്ചപ്പോൾ അയ്യായിരം രൂപ വൈദ്യുതി ഓഫീസിലടക്കണമെന്നും ഒരാഴ്ചയ്ക്കകം വൈദ്യുതി സ്കൂളിന് ലഭിച്ചിരിക്കുമെന്നും പിണറായി വിജയൻ ഉറപ്പ് നൽകി. കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്കൂളിന് വൈദ്യുതി ലഭിച്ചു. മരിക്കുന്നത് വരെ കോൺഗ്രസുകാരനായ രഘു മാസ്റ്റർ പിണറായി വിജയന്റെ നല്ല മനസസിനെ എന്നും ഓർക്കുമായിരുന്നു. 

ഇരുപത്തിയാറാമത്തെ വയസിൽ കൂത്തുപറമ്പിൽ നിന്ന് എംഎൽ എയായ പിണറായി വിജയൻ 77ലും എംഎൽ എയായി. നായനാർ മന്ത്രിസഭയിൽ അംഗമായി. രണ്ട് പതിറ്റാണ്ടിന് ശേഷം സ്വന്തം നാട്ടിൽ നിന്ന് ജയിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്കാണ് മുഖ്യമന്ത്രി നേതൃത്വം നൽകിയത്. ദുരന്തങ്ങളെ കരുത്തോടെ നേരിടുകയായിരുന്നു. 1700 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ധർമ്മടം മണ്ഡലത്തിൽ നടപ്പാക്കിയത്. മണ്ഡലത്തിലെ റോഡുകളും പാലങ്ങളും മികവുറ്റതാക്കി. വിദ്യാലയങ്ങളെ ഹൈടെക്കാക്കി. തരിശുഭൂമികൾ കൃഷിയിടങ്ങളാക്കി. മേലൂരിലെയും മമ്പറത്തെയും പാലങ്ങൾ നാടിന്റെ തിലകകുറിയായി മാറി. അത്യാധുനിക കൺവൻഷൻ സെന്ററും അണ്ടുലൂർ കാവിലെ നാടൻ കലാമ്യൂസിയവും വിശ്രമമന്ദിരവും ബ്രണ്ണൻ കോളജിലെ അന്തർദേശീയ സിന്തറ്റിക്ക് ട്രാക്കും, എജ്യുക്കേഷൻ ഹബ്ബും തുടങ്ങി നിരവധി വികസന പദ്ധതികളാൽ അഞ്ച് വർഷം ധർമ്മടത്തിന്റെ സുവർണകാലമായി തീർന്നു. 

എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശ്ശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിലുൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശ്ശേരിയുടെ ഭാഗമായിരുന്ന ധർമ്മടം പഞ്ചായത്തും ഉൾപ്പെടുത്തി 2011ലാണ് ധർമ്മടം നിയമസഭാ മണ്ഡലം രൂപീകരിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ‌ 36,905 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ്‌ ധർമ്മടം കേരളത്തിന്റെ നായകനാക്കിയത്‌. മമ്പറം ദിവാകരൻ തന്നെയായിരുന്നു എതിരാളി. 87,329 വോട്ട്‌ പിണറായി നേടിയപ്പോൾ യുഡിഎഫ്‌ 50,424ൽ ഒതുങ്ങുകയായിരുന്നു. വികസനമെത്താത്ത ഒരിടം പോലും മുഖ്യമന്ത്രിയുടെ മണ്ഡലം കൂടിയായ ധർമ്മടത്ത് ഇല്ലെന്നതും പിറവി കൊണ്ടത് മുതലുള്ള രണ്ട് തെരഞ്ഞെടുപ്പിലും എൽ ഡിഎഫിനെ നെഞ്ചേറ്റിയവരാണ് മണ്ഡലത്തിലുള്ളതെന്നതും എൽഡി എഫിന്റെ ആത്മവിശ്വാസം വാനോളമുയർത്തുന്നു.
കോണ്‍ഗ്രസിൽ നിന്നും പ്രാദേശിക നേതാവ് സി രഘുനാഥ് മത്സരിക്കും.സി കെ പദ്മനാഭനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ENGLISH SUMMARY:ASSEMBLY ELECTION 2021 DHARMADOM
You may also like this video