8 October 2024, Tuesday
KSFE Galaxy Chits Banner 2

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം

Janayugom Webdesk
June 15, 2022 4:22 pm

ഒന്നാം ഘട്ട നിര്‍മ്മാണം ആരംഭിച്ചു

ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തീകരണം 2023 മേയ് 24 നകം, ചെലവ് 50 കോടി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്രവികസനം ലക്ഷ്യമാക്കി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാം ഘട്ടം പ്രവര്‍ത്തനമാരംഭിച്ചു. സി എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ സാന്നിധ്യത്തിലാണ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്. മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയിലാണ് പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നത്. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അവരനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ഒരു കൈത്താങ്ങായാണ് കേരള സര്‍ക്കാര്‍ പുനരധിവാസഗ്രാമം എന്ന പദ്ധതി കൊണ്ടുവന്നതെന്ന് എംഎല്‍എ പറഞ്ഞു. സാമൂഹ്യനീതി എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ടി ദാമോദരന്‍ പദ്ധതി രൂപരേഖ വിശദീകരിച്ചു. 50 കോടി രൂപ ചിലവില്‍ അന്തര്‍ദേശീയ നിലവാരത്തിലാണ് പുനരധിവാസം യാഥാര്‍ഥ്യമാവുക. വിദഗ്ധ ആരോഗ്യ പരിപാലനം, തൊഴില്‍ പരിശീലനം, വ്യക്തി അധിഷ്ഠിതമായ ശാരീരിക മാനസിക ഇടപെടലുകള്‍, ഡേ കേയര്‍ സെന്റര്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഘട്ടം ഘട്ടമായിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ആദ്യഘട്ടത്തില്‍ 13000 സ്‌ക്വയര്‍ ഫീറ്റില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിങ് ആന്റ് 6 ഹൈഡ്രോ തെറാപ്പി ബ്ലോക്കുകള്‍ ആണ് പൂര്‍ത്തീകരിക്കുക. വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി 4,17,06,933 രൂപയ്ക്കാണ് നിര്‍മാണപ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 2023 മേയ് 24 നകം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് ധാരണ. മുളിയാര്‍ പഞ്ചായത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ 25 ഏക്കര്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് അനുവദിച്ചത് അഞ്ച് കോടി രൂപയാണ്. പിന്നീട് ആവശ്യങ്ങള്‍ പരിഗണിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കും. തെറാപ്പി, കെയര്‍ഹോം, നൈപുണ്യ വികസനം, വൊക്കേഷണല്‍ ട്രെയ്‌നിങ്, റീഹാബിലിറ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുനരധിവാസ ഗ്രാമത്തില്‍ ലഭ്യമാവും. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതിന് ശേഷം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഹെഡ് എന്‍ജിനീയര്‍ ഷിനോജ് രാജന്‍ ‚സൈറ്റ് എന്‍ജിനീയര്‍ അമല്‍ ആസാദ് ‚കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ മോഹനന്‍, വാര്‍ഡ് മെമ്പര്‍ രമേശന്‍ മുതലപാറ,ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോയ്സി സ്റ്റീഫന്‍, മുഹമ്മദ് നൗഫല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും പ്ലാന്‍ വിശകലനം ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.