Friday
20 Sep 2019

ഏറ്റുമുട്ടല്‍ കൊലകളുടെ രാജാവ്ചക്രവര്‍ത്തിയാകുമ്പോള്‍

By: Web Desk | Thursday 13 June 2019 10:42 PM IST


17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം മതനിരപേക്ഷ രാഷ്ട്രത്തെ സ്‌നേഹിക്കുകയും ഭരണഘടനയെയും നിയമനീതി ന്യായ വ്യവസ്ഥയെയും മാനിക്കുന്നവരെയാകെ ആശങ്കാകുലരാക്കുന്നതാണ്. നരേന്ദ്രമോഡി തന്റെ 2-ാം മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ അതിലെ ചില പുതുമുഖങ്ങള്‍ കണ്ടപ്പോള്‍ ഭീതിയും ആശങ്കയും ഇരട്ടിക്കുന്ന ഒരു ജാതി ഒരു മതം ഒരു സംസ്‌കാരം ഒരു രാഷ്ട്രം എന്ന മുദ്രാവാക്യം നിരന്തരം ആക്രോശിച്ചു കൊണ്ടിരിക്കുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ആഭ്യന്തര വകുപ്പിന്റെ തലവനായി നരേന്ദ്രമോഡി കുടിയിരുത്തി. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കവെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത അമിത്ഷാ തന്റെ പൊലീസിനെ ഉപയോഗിച്ച് എണ്ണമറ്റ വ്യാജ ഏറ്റുമുട്ടലുകള്‍ സംഘടിപ്പിക്കുകയും നിരപരാധികളായ മനുഷ്യരെ കൊന്ന് തള്ളുകയും ചെയ്തു. കൊല്ലപ്പെട്ടവരെയെല്ലാം ഭീകരവാദികളായും രാജ്യദ്രോഹികളായും പാക്ചാരന്‍മാരായും നരേന്ദ്രമോഡിയെ വധിക്കാനെത്തിയവരായും അമിത്ഷാ മുദ്രകുത്തി. സൊഹ്‌റാബുദീന്‍ ഷെയ്ക്ക്, കൗസര്‍ബി, തുല്‍സിറാം, പ്രജാപതി, പ്രാണേഷ്‌കുമാര്‍ എന്നിങ്ങനെ നീളുന്നു വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ ഇരകള്‍. ഇതെല്ലാം ആസൂത്രിതമായ വ്യാജ ഏറ്റുമുട്ടലുകള്‍ ആണെന്ന് സിബിഐ കണ്ടെത്തി.
സൊഹ്‌റാബുദിന്‍ ഷെയ്ഖ് വധക്കേസില്‍ അമിത് ഷാ അറസ്റ്റിലാവുകയും ഗുജറാത്തിലെ സബര്‍മതി ജയിലില്‍ മൂന്ന് മാസത്തിലധികം കഴിയുകയും ചെയ്തു. സുപ്രീംകോടതി ജാമ്യം നല്‍കിയതു ഗുജറാത്തില്‍ പ്രവേശിക്കരുത് എന്ന കര്‍ശന നിബന്ധനയോടെയായിരുന്നു. സാക്ഷികളെ കൂറ് മാറ്റിച്ചും, ഭീഷണിപ്പെടുത്തിയും നിയമ നീതിന്യായ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തും അമിത്ഷാ കുറ്റവിമുക്തനായെങ്കിലും നിരപരാധികളായ മനുഷ്യരുടെ രക്തക്കറ പുരണ്ട അദ്ദേഹത്തിന്റെ കരങ്ങള്‍ ഇനിയും വിശുദ്ധമായിട്ടില്ല. അമിത്ഷായുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോധയുടെ ദുരൂഹതനിറഞ്ഞ മരണവും അമിത്ഷായെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ജസ്റ്റിസ് ലോധയുടെ കുടുംബം തന്നെ അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോഡിയുടെ നിയന്ത്രണത്തിലുള്ള ഭരണകൂടം അവജ്ഞയോടെ അവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.
മോഡി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് രണ്ടാമന്‍ എന്ന് പറയുമെങ്കിലും യഥാര്‍ഥത്തില്‍ ആരാണ് രണ്ടാമന്‍ എന്ന് അമിത്ഷായ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിലൂടെ നരേന്ദ്രമോഡി പറയാതെ പറയുകയാണ് ചെയ്തത്. 2003-ല്‍ നരേന്ദ്രമോഡി മന്ത്രിസഭയില്‍ ഗുജറാത്തിലെ ആഭ്യന്തര മന്ത്രിസ്ഥാനത്ത് എത്തിയ അമിത്ഷാ ആയിരുന്നു ഫലത്തില്‍ മോഡി കഴിഞ്ഞാല്‍ രണ്ടാമന്‍. ധനകാര്യ മന്ത്രിയാണ് രണ്ടാമന്‍ എന്ന് പുറമെ പറഞ്ഞെങ്കിലും ആഭ്യന്തരം ഉള്‍പ്പെടെ പതിനഞ്ചിലേറെ വകുപ്പുകള്‍ മോഡി അമിത്ഷായ്ക്കു നല്‍കിയിരുന്നു. അമിത്ഷായുടെ കരങ്ങളില്‍ ചോരക്കറ പുരളുന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലൂടെ മാത്രമല്ല. മോഡി ഭരണകാലത്ത് 2002 ല്‍ രാജ്യത്തെ നടുക്കിയ ഗുജറാത്തിലെ വംശഹത്യ പരീക്ഷണത്തിന്റെ ആസൂത്രകനും അണിയറ ശില്‍പിയുമായിരുന്നു അമിത്ഷാ. 2000 ത്തിലേറെ മനുഷ്യരെ നിര്‍ദ്ദയം കൊന്നു തള്ളുകയും ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ആയിരക്കണക്കിന് മനുഷ്യരെ പിറന്ന മണ്ണ് വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്ത ഗുജറാത്ത് കലാപത്തിന്റെ ആസൂത്രകന് മോഡി നല്‍കിയ പാരിതോഷികമായിരുന്നു 2003 മുതല്‍ 2010 വരെ നീണ്ട അമിത്ഷായുടെ മന്ത്രിപദം. ഇന്നും ഗുജറാത്തിലെ വംശഹത്യ പരീക്ഷണത്തെ അതിശക്തമായി ന്യായീകരിക്കുകയും ഏതൊരു ആഘാതത്തിനും മറ്റൊരു പ്രത്യാഘാതമുണ്ടാകുമെന്നും ഭയപ്പെടുത്തുകയും ഇന്ത്യയിലെവിടെയും ഇതാവര്‍ത്തിക്കപ്പെടാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രണ്ട്‌പേരാണ് നരേന്ദ്രമോഡിയും അമിത്ഷായും. അതിലൊരാള്‍ പ്രധാനമന്ത്രിയും മറ്റൊരാള്‍ ആഭ്യന്തരമന്ത്രിയുമാകുമ്പോള്‍ മതേതര ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ ഭയപ്പെടാതിരിക്കും.
രാമരാജ്യം ഹിന്ദുവിന്റേത് മാത്രമാണെന്നും മറ്റ് മതസ്ഥര്‍ക്ക് ആ ഭാരതത്തില്‍ ഇടമുണ്ടാകുകയില്ലെന്നും ബിജെപിക്കാര്‍ക്ക് പ്രാണനുണ്ടെങ്കില്‍ ഏകീകൃത സിവില്‍ കോഡ് യാഥാര്‍ഥ്യം ആക്കുമെന്നും അതി തീവ്രതയോടെ വാദിക്കുന്ന വ്യക്തിയാണ് അമിത്ഷാ. ഭരണഘടന പൊളിച്ചെഴുതണമെന്ന് സംഘ പരിവാര ശക്തികളുടെ ആവശ്യവും അദ്ദേഹം അതിശക്തമായി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മതേതരത്വം സോഷ്യലിസം എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് മുമ്പെ ആവശ്യപ്പെടുന്നവര്‍ ജനാധിപത്യം കൂടി ഒഴിവാക്കണമെന്ന് വാദിക്കുന്നതെപ്പോഴാണെന്ന് ഭയാശങ്കകളോടെ നാം കാത്തിരിക്കണം. മോഡി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ഇന്ത്യയില്‍ 50 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന് പ്രചാരണ വേദികളില്‍ പ്രസംഗിച്ച് നടന്ന വ്യക്തിയാണ് അമിത്ഷാ എന്ന്കൂടി നാം ഓര്‍ക്കണം.
ഗാന്ധിജി സ്വപ്‌നംകണ്ട രാമരാജ്യമല്ല അമിത്ഷാമാര്‍ വിഭാവനം ചെയ്യുന്ന രാമരാജ്യം. ഗാന്ധിജി രാഷ്ട്ര പിതാവല്ലെന്ന് വാദിക്കുകയും ഗോഡ്‌സെ എന്ന കൊലയാളി ധീര ദേശാഭിമാനിയായ ഭാരതീയനാണെന്നും പ്രചരിപ്പിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ല 1929-ല്‍ ഗാന്ധിജി ‘യംങ് ഇന്ത്യ’ യില്‍ ഇങ്ങനെ എഴുതി, ‘രാമരാജ്യം എന്ന വാക്ക് ഞാന്‍ ഉച്ചരിക്കുന്നതു എന്റെ മുസല്‍മാന്‍ മിത്രങ്ങള്‍ തെറ്റിദ്ധരിക്കരുത്. രാമരാജ്യത്തിന്റെ അര്‍ഥം ഹിന്ദുരാജ്യം എന്നല്ല അത് സത്ഭരണവും ദൈവരാജ്യവുമാണ്. എനിക്ക് രാമനും റഹീമും ഒരേ ദൈവ ചൈതന്യമാണ്. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ഏക ദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയും ഞാന്‍ അംഗീകരിക്കുന്നില്ല’ ഗാന്ധിജിയുടെ ഈ വീക്ഷണത്തില്‍ നിന്ന് നേര്‍ വിപരീതമാണ് സംഘ പരിവാറിന്റെ വീക്ഷണം. അവരുടെ രാമരാജ്യത്തില്‍ ഹിന്ദുവല്ലാതെ മറ്റൊരാള്‍ക്ക് ഇടമില്ല. ആ രാമരാജ്യത്തില്‍ ചാതുര്‍വര്‍ണ്യമേല്‍ക്കോയ്മ പുനഃസൃഷ്ടിക്കാം. ഇതു വളരെ മുന്‍പ് തന്നെ സംഘ പരിവാറിന്റെ രണ്ടാമത്തെ സര്‍സംഘ ചാലക് മാധവ സദാശിവ ഗോല്‍വര്‍ക്കര്‍ ‘വിചാരധാര’ യില്‍ എഴുതിവച്ചിട്ടുണ്ട്. ഹിന്ദുവല്ലാത്ത അന്യമതസ്ഥര്‍ക്ക് ഒന്നുകില്‍ ഇന്ത്യവിട്ട് പോകാം. അല്ലെങ്കില്‍ പൗരാവകാശമില്ലാത്ത മനുഷ്യരായി ഇവിടെ കഴിഞ്ഞു കൂടാം എന്നാണ് ഗോല്‍വര്‍ക്കര്‍ എഴുതിയത.് മോഡിയുടെ ഒന്നാം മന്ത്രിസഭയുടെ കാലത്ത് തന്നെ ആസാമിലും ബംഗാൡലുമുള്ള ലക്ഷോപലക്ഷം മനുഷ്യരുടെ പൗരത്വവും വോട്ടവകാശവും റദ്ദ് ചെയ്യുന്നത് ഇന്ത്യ കണ്ടു. ആ നടപടികള്‍ കൂടുതല്‍ ആസുരതയോടെ മോഡിയും ആമിത്ഷായും തുടരുമെന്നാണ് കരുതേണ്ടത്.
1928 -ല്‍ ‘നവജീവനി’ ല്‍ ഗാന്ധിജി ഇങ്ങനെയെഴുതി ‘ദുര്‍ബലന്‍മാരുടെ ബലമാണ് രാമന്‍. രാമനാമം വെറുതെ ഉച്ചരിക്കാനുള്ളതല്ല…. ആര്‍ത്തരും അവശരും ആലംബഹീനരുമായ മനുഷ്യരെ സ്‌നേഹിക്കലാണ് ഈശ്വരാരാധന. ഈശ്വരന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും കലാപങ്ങള്‍ കെട്ടഴിച്ചുവിടുകയും രാജ്യത്ത് ചോരപ്പുഴകള്‍ ഒഴുക്കുകയും ചെയ്യുന്ന അമിത്ഷാമാര്‍ക്ക് ഈ മഹത്തായ സത്യം തിരിച്ചറിയാന്‍ കഴിയില്ല. അമിത്ഷാമാരുടെ ഭരണത്തില്‍ ജനാധിപത്യ-മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കുവാന്‍ കണ്ണിമ ചിമ്മാതെ നാം കാവല്‍ നില്‍ക്കണം.