ഒരു പാക് യുദ്ധവിമാനംപോലും അതിര്‍ത്തി കടന്നിട്ടില്ല: വ്യോമസേനാ മേധാവി

Web Desk
Posted on June 24, 2019, 9:37 pm

ഗ്വാളിയോര്‍: ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്റെ ഒരു യുദ്ധവിമാനംപോലും ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്ന് വ്യോമസേനാ മേധാവി. ഗ്വാളിയോറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ ഇക്കാര്യം പറഞ്ഞത്. ഒരു പാക് വിമാനംപോലും ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നിട്ടില്ല. ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ ആക്രമിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ വ്യോമസേന അതില്‍ വിജയിച്ചു. എന്നാല്‍ തിരിച്ചടിക്ക് ശ്രമിക്കാന്‍പോലും പാകിസ്ഥാന് കഴിഞ്ഞില്ല.

ലക്ഷ്യം നേടുന്നതില്‍ ഇന്ത്യന്‍ വ്യോമസേന വിജയിച്ചു. പാകിസ്ഥാന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. അവരുടെ ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ ബാലാക്കോട്ട് വ്യോമാക്രമണത്തിലൂടെ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.